Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് തിരശ്ശീല

Published

|

Last Updated

ഷാര്‍ജ: ലക്ഷക്കണക്കിന് പുസ്തകാസ്വാദകരെ ആകര്‍ഷിച്ച ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് തിരശ്ലീല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വൈവിധ്യമാര്‍ന്ന സംവാദങ്ങളും പ്രഭാഷണങ്ങളും പ്രകാശന ചടങ്ങുകളും പുസ്തകമേളയിലെ മലയാള വിഭാഗത്തിന് മിഴിവേകി.
പുസ്തകമേളക്ക് 8.85 ലക്ഷം സന്ദര്‍ശകരെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം കവി സച്ചിദാനന്ദനും മാധ്യമപ്രവര്‍ത്തകന്‍ താഹാ മാടായിയും തമ്മിലെ സംവാദം രാഷ്ട്രീയ ചര്‍ച്ച കൊണ്ട് ശ്രദ്ധേയമായി. ഇടതുപക്ഷം എന്നാല്‍ സി പി എമ്മായി ചുരുക്കിക്കാണേണ്ട ഒന്നല്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഫാസിസത്തിനും സാമ്രാജ്യത്തിനും ദാരിദ്ര്യത്തിനും ചൂഷണത്തിനുമെതിരെയുള്ള പൊതുവികാരമാണത്. ചെഗുരേക്കൊപ്പം പിണറായിയെയോ വി എസ് അച്യുതാനന്ദനെയോ ചേര്‍ത്തു പറയുന്നത് ശരികേടാണ്. സി പി എം പലപ്പോഴും ഇടതുപക്ഷത്തിന്റെ ദൗത്യം നിര്‍വഹിക്കുന്നില്ല-സച്ചിദാനന്ദന്‍ പറഞ്ഞു.
പോയട്രി കഫേയില്‍ ഖലീല്‍ ജിബ്രാന്റെ കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത മമ്മൂട്ടി കട്ടയാടും ഇംഗ്ലീഷ് കവിതകള്‍ ചൊല്ലി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി റബേക്ക മേരി ജോണും, ചിന്തനീയമായ ആശയ സംവാദത്തിലൂടെ കല്‍പ്പറ്റ നാരായണനും കാണികള്‍ക്ക് വിരുന്നൊരുക്കി. മമ്മൂട്ടി കട്ടയാടിന്റെ കൊടുങ്കാറ്റുകള്‍ എന്ന കൃതി കല്‍പ്പറ്റ നാരായണനാണ് പ്രകാശനം ചെയ്തത്. സാലിം ഉമര്‍ ഏറ്റുവാങ്ങി. കെ എം അബ്ബാസ്, നൗഷാദ്, നാസര്‍ വാണിയമ്പലം സംബന്ധിച്ചു.
ലിറ്ററി ഫോറത്തില്‍ കെ എം അബ്ബാസിന്റെ “ശമാല്‍” എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സഫറുല്ല പാലപ്പെട്ടി, കെ വി ശംസുദ്ദീന്‍, എന്‍ വി മോഹനന്‍, സാദിഖ് കാവില്‍, ബശീര്‍ മാറഞ്ചേരി, ബി എ നാസര്‍, പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റഫീഖ് മേമുണ്ടയുടെ “തൂങ്ങി മരണം റിയാലിറ്റി ഷോയിലൂടെ” ചെറുകഥാ സമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എം സി എ നാസര്‍, എല്‍വിസ് ചുമ്മാറിനു നല്‍കി പ്രകാശനം ചെയ്തു. ഇ കെ ദിനേശന്‍, ബാലന്‍ തളിയില്‍, സലീം അയ്യനത്ത്, സി എച്ച് അബൂബക്കര്‍, സുരേന്ദ്രന്‍, വെള്ളിയോടന്‍ സംസാരിച്ചു. എഴുതപ്പെട്ട വാക്കിന്റെ സ്‌നേഹത്തിന് എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 11 ദിവസമായി നടന്നുവന്ന മേള ജനകീയമായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, ചലച്ചിത്ര നടന്‍ കമല്‍ഹാസന്‍, യുവ ഇന്ത്യന്‍-ഇംഗ്ലിഷ് നോവലിസ്റ്റുകളായ രവീന്ദര്‍ സിങ്, റസ്‌കിന്‍ ബോണ്ട്, വിഖ്യാത സാഹിത്യകാരന്‍ ജെഫ്രി ആര്‍ച്ചര്‍ എന്നിവരും മലയാളത്തില്‍ നിന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കാവാലം നാരായണപ്പണിക്കര്‍, കെ. സച്ചിദാനന്ദന്‍, ചെമ്മനം ചാക്കോ, കെ. ജയകുമാര്‍, അന്‍വര്‍ അലി, കെ.എല്‍. മോഹനവര്‍മ, കല്‍പറ്റ നാരായണന്‍, വി.കെ. ശ്രീരാമന്‍, ബി.എം. സുഹ്‌റ, താഹ മാടായി, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, ഹിന്ദി അഭിനേതാക്കളായ ഫാറൂഖ് ശൈഖ്, ദീപ്തി നാവല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ തുടങ്ങിയവരും പങ്കെടുത്തു.
എ പി ജെ അബ്ദുല്‍ കലാമിനെയും കാന്തപുരത്തെയും കമല്‍ ഹാസനെയും കാണാന്‍ വന്‍ ജനക്കൂട്ടമാണെത്തിയത്. ഇതര ഇംഗ്ലിഷ്, അറബിക്, ഹിന്ദി, ഉറുദു സാഹിത്യകാരന്മാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. പ്രൊഫ. എം എന്‍. കാരശ്ശേരി, പി. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്, മന്ത്രി ഡോ. എം കെ മുനീര്‍, എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ്, നര്‍ത്തകി രാജശ്രീ വാരിയര്‍ തുടങ്ങിയവരും സംബന്ധിച്ചു. വാരാന്ത്യ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ രാത്രി ഇന്ത്യന്‍ പവിലിയനില്‍ കാലുകുത്താന്‍ സാധിക്കാത്ത തിരക്കായിരുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു പോലും പുസ്തകപ്രേമികളെത്തി.
11750 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നടക്കുന്ന മേളയില്‍ 53 രാജ്യങ്ങളില്‍നിന്ന് 1010 സ്റ്റാളുകളാണുള്ളത്. 23 അറബ്, 26 അറബ് ഇതര രാജ്യങ്ങള്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍നിന്ന് 63 പ്രസാധകരെത്തി. മലയാളത്തില്‍നിന്നു പത്തു പ്രസാധകരുണ്ടായിരുന്നു. മലയാളം, ഇംഗ്ലിഷ് പുസ്തകങ്ങളടക്കം ഇന്ത്യയില്‍നിന്ന് 10,000 ടൈറ്റിലുകള്‍ എത്തി. 580ലേറെ വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.

Latest