Connect with us

Wayanad

ഏഴ് പഞ്ചായത്തുകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍

Published

|

Last Updated

കല്‍പറ്റ: ഡോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട തൃശിലേരി, തിരുനെല്ലി, തൊണ്ടര്‍നാട്, പേര്യ, നൂല്‍പ്പുഴ, ചുണ്ട, കുന്നത്തിടവക, പൊഴുതന, തരിയോട്, അച്ചൂരാനം വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍.
റിപ്പോര്‍ട്ട് നടപ്പാവുന്നതോടെ ജീവിതമാകെ താളംതെറ്റുമെന്നതാണ് ഇവിടങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെ ആശങ്ക. തിരുനെല്ലി പഞ്ചായത്താകെ ഉള്‍പ്പെടുന്നത് തൃശിലേരി, തിരുനെല്ലി വില്ലേജുകളിലാണ്. ഇവ രണ്ടും അതീവ പരിസ്ഥിതി ലോല മേഖലയായാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. തിരുനെല്ലി പഞ്ചായത്തിന്റെ വിസ്തൃതി 201 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 174 ചതുരശ്ര കിലോമീറ്ററും റിസര്‍വ്, നിക്ഷിപ്ത വനങ്ങളാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഈ രണ്ട് വില്ലേജുകളും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ നിലവിലെ കൃഷികളെയും വികസന പ്രക്രിയയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജനം ആശങ്കപ്പെടുന്നത്. ഈ പഞ്ചായത്തിനെ മാത്രമല്ല, തിരുനെല്ലിയോട് ചേര്‍ന്ന് കിടക്കുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും അതീവ പരിസ്ഥിതിലോല മേഖലയാതോടെ ജീവിതം തീര്‍ത്തും പ്രയാസത്തിലാവുമെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആളുകള്‍ കരുതുന്നു. പുതിയ നിര്‍മാണ പ്രവൃത്തികള്‍ ഒന്നും നടക്കില്ല.ജില്ലയിലെ തന്നെ അവികസിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ മൂന്ന് പഞ്ചായത്തുകളും. മൂന്ന് പതിറ്റാണ്ട് മുന്‍പ് മാനന്തവാടി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ തൊണ്ടര്‍നാട് പഞ്ചായത്തിന്റെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് പ്രദേശത്തിന്റെയും വികസനം മുരടിച്ചതാണ്. നിര്‍ദ്ദിഷ്ട മാനന്തവാടി പദ്ധതിക്ക് എതിരെ ഉയര്‍ന്ന ജനരോഷം പരിഗണിച്ച് സര്‍ക്കാര്‍ പിന്നീട് പിന്മാറിയെങ്കിലും ഈ പ്രദേശത്തിന്റെ വികസനത്തില്‍ ഉണ്ടായ മാന്ദ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തിരിനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട് വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല മേഖലയാവുന്നതോടെ മാനന്തവാടി താലൂക്കിന്റെ മൂന്നിലൊന്ന് ഭാഗത്തെ ജനജീവിതം താളംതെറ്റും. ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ ഈ വില്ലേജുകളിലെ ഭൂമിയുടെ ക്രയവിക്രയം ഏറെക്കുറെ മരവിച്ചിരുന്നു. നേരത്തെ അഡ്വാന്‍സ് കൊടുത്ത് ഉറപ്പിച്ച ഭൂമി കച്ചവടം പോലും മുടങ്ങിത്തുടങ്ങിയിരുന്നു. പെണ്‍മക്കളുടെ വിവാഹം പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ക്ക് ഭൂമി വില്‍ക്കാമെന്ന് കരുതിയിരുന്നവര്‍ കടുത്ത പ്രതിസന്ധിയിലായി. ഭൂമി വാങ്ങാന്‍ ഈ പ്രദേശത്തേക്ക് ആവശ്യക്കാര്‍ എത്തുന്നില്ല. നിലവിലുള്ള കൃഷികളിലെ മാറ്റം പോലും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതോടെ മുടങ്ങും. ആദിവാസികളും ചെറുകിട കൃഷിക്കാരും തൊഴിലാളികളും ഭൂരിപക്ഷമുള്ള പ്രദേശമാണ് ഈ നാല് വില്ലേജുകളും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള പഞ്ചായത്താണ് തിരുനെല്ലി. ഏറെക്കുറെ തിരുനെല്ലിയുടെ അവസ്ഥ തന്നെയാണ് നൂല്‍പ്പുഴ പഞ്ചായത്തിനും. ഈ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല മേഖലയായി മാര്‍ക്ക് ചെയ്തിട്ടുള്ള നൂല്‍പ്പുഴ വില്ലേജിലാണ്. തിരുനെല്ലിയെ പോലെ നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയിലെ മൂന്നിലൊന്ന് ഭാഗവും റിസര്‍വ് വനമാണ്. നൂല്‍പ്പുഴ പഞ്ചായത്തിലാണ് മുത്തങ്ങ വന്യജീവി സങ്കേതം. വനം സംരക്ഷിച്ചും വന്യജീവികളുടെ ശല്യം സഹിച്ചും കൃഷിയിറക്കി ജീവിതം തള്ളിനീക്കിയവരാണ് തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലേത്. വൈത്തിരി ഗ്രാമപഞ്ചായത്ത് പൂര്‍ണമായും ഉള്‍പ്പെടുന്നത് ചുണ്ട, കുന്നത്തിടവക വില്ലേജുകളിലാണ്. തിരുനെല്ലിയും നൂല്‍പ്പുഴയും പോലെ വനവിസൃതിയില്ലെങ്കിലും ഈ പഞ്ചായത്തിലും കൂടുതലായുള്ളത് ചെറുകിട കര്‍ഷകരാണ്. പൊഴുതന, അച്ചൂരാനം വില്ലേജുകളിലാണ് പൊഴുതന പഞ്ചായത്ത്. ഇവിടെയും വന്‍കിട തേയില തോട്ടങ്ങള്‍ ഒഴിച്ചാല്‍ ചെറുകിട കര്‍ഷകരും തൊഴിലാളികളുമാണ് കൂടുതലായുള്ളത്. എഴുപതുകളില്‍ ബാണാസുരസാഗര്‍ പദ്ധതിക്ക് വേണ്ടി കൈവശ ഭൂമി ഒഴിഞ്ഞ കര്‍ഷകരും അല്ലാവവരുമായ ചെറുകിടക്കാര്‍ ഏറെയുള്ളതാണ് തരിയോട് പഞ്ചായത്ത്. ഈ പഞ്ചായത്തിലും ഇരുപത് ശതമാനത്തോളം വനമാണ്. കക്കയം വനത്തിന്റെ തുടര്‍ച്ചയായുള്ള കാടും ഈ പഞ്ചായത്ത് പരിധിയില്‍പ്പെടും. വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഇത്രകാലവും കഷ്ടപ്പാട് സഹിച്ച് ജീവിച്ച ഈ ആറ് പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് ഭാവിയിലും കുരുക്ക് വീഴുകയാണ്. പരിസ്ഥിതിലോല മേഖലകളില്‍ രാസവളങ്ങളുടെയും കീടനാശികളുടെയും പ്രയോഗത്തില്‍ കടുത്ത നിയന്ത്രണം കൂടി വന്നാല്‍ കൃഷിക്കാര്‍ തീര്‍ത്തും കഷ്ടത്തിലാവും.
വയനാട്ടില്‍ പതിമൂന്ന് വില്ലേജുകളെയാണ് അതീവ പരിസ്ഥിതി ലോല മേഖലയായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളത്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശിലേരി, പേര്യ, തൊണ്ടര്‍നാട് വില്ലേജുകളും ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട് വില്ലേജുകളും വൈത്തിരി താലൂക്കിലെ കുന്നത്തിടവക, ചുണ്ടേല്‍, കോട്ടപ്പടി, വെള്ളാരിമല, തരിയോട്, അച്ചൂരാനം, പൊഴുതന വില്ലേജുകളുമാണ് അതീവ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടത്.
വൈത്തിരി താലൂക്കിലെ വെള്ളാര്‍മല, കോട്ടപ്പടി, കുന്നത്തിടവക വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി മാര്‍ക്ക് ചെയ്യപ്പെട്ടതിനാല്‍ ചുരം ബദല്‍പാതകള്‍ക്ക് തടസം നേരിടും. നിര്‍ദിഷ്ട ചുരം ബദല്‍പാതകള്‍ കടന്നുപോവുന്ന കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, തിരുവമ്പാടി വില്ലേജുകളും പരിസ്ഥിതിലോല പട്ടികയിലാണ്. പൊതുവികസനത്തിന് ഉപരി തങ്ങളുടെ പ്രദേശങ്ങള്‍ പതിറ്റാണ്ടുകള്‍ മുന്‍പുള്ള അവികസിതാവസ്ഥയിലേക്ക് തിരിച്ചുപോവേണ്ടിവരുമോയെന്നതാണ് നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, പൊഴുതന, വൈത്തിരി, തരിയോട് പഞ്ചായത്ത് നിവാസികളുടെ കടുത്ത ആശങ്ക.

Latest