കാമറൂണിന്റെ മുന്‍കൈ

Posted on: November 17, 2013 6:00 am | Last updated: November 17, 2013 at 3:43 am

siraj copy‘ഞങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു; ഞങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ല’ -കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി(ചോഗം)ക്ക് മുമ്പ് വ്യാഴാഴ്ച കൊളംബോയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ശ്രലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ നടത്തിയ പ്രഖ്യാപനമാണിത്. ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച അദ്ദേഹം വെള്ളിയാഴ്ച ഉച്ചകോടിയുടെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ ഒരഭ്യര്‍ഥന ഏറെ അര്‍ഥഗര്‍ഭമായിരുന്നു. ‘ഉച്ചകോടിയെ വിചാരണാ കോടതിയോ, ശിക്ഷാ സമിതിയോ ആക്കരുതെ’ന്നായിരുന്നു രാജപക്‌സെയുടെ അഭ്യര്‍ഥന. തമിഴ് വംശജര്‍ക്കെതിരെ ലങ്കന്‍ സേന നടത്തിയ വംശഹത്യക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് രാജപക്‌സെയുടെ അഭ്യര്‍ഥന. തമിഴ് ടി വി അവതാരകയായ ഇശൈ പ്രിയയെ ലങ്കന്‍ സേന മൃഗീയമായി കൊല ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടനിലെ ‘ചാനല്‍ ഫോര്‍’ സംപ്രേഷണം ചെയ്തതുകൂടിയായപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. 2009ല്‍ ലങ്കന്‍ സേന തമിഴ് വംശജര്‍ക്കെതിരെ നടത്തിയ ‘ഉന്മൂലന യുദ്ധ’ത്തിന് പരിസമാപ്തിയായത് എല്ലാ മനുഷ്യാവകാശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാക്കിയത് പലപ്പോഴും എല്‍ ടി ടി ഇ യുടെ കടുംപിടിത്തക്കാരടങ്ങിയ നേതൃത്വമാണ്. പ്രശ്‌നപരിഹാരത്തിന് എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന ഇന്ത്യയെപോലും എല്‍ ടി ടി ഇ പിന്നില്‍ നിന്നുകുത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനടക്കമുള്ള നേതാക്കളെ ലങ്കന്‍ സേന പിടികൂടിയ ശേഷം കശാപ്പ് ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലവിലുണ്ട്. പ്രഭാകരന്റെ കൗമാരക്കാരനായ മകന്‍ അടക്കമുള്ള കുടുംബാംഗങ്ങളെ ഉന്മൂലനം ചെയ്തതും സര്‍വമാന മാനുഷിക മൂല്യങ്ങളും കാറ്റില്‍ പറത്തിയാണ്. യുദ്ധത്തടവുകാരായി പിടിച്ച തമിഴ് നേതാക്കളെ വ്യാജ ഏറ്റുമുട്ടല്‍ക്കഥകള്‍ ഉണ്ടാക്കിയാണ് ലങ്കന്‍ സേന വകവരുത്തിയത്. യുദ്ധത്തിലാണെങ്കില്‍ പോലും അരുതാത്ത മുറകളാണ് ലങ്കന്‍ സേന പ്രയോഗിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ അടക്കമുള്ളവര്‍ നടത്തിയ അന്വേഷണങ്ങള്‍ ഭീകരതയുടെ നൂറുനൂറ് കഥകളാണ് പുറത്തുകൊണ്ടുവന്നത്. ഇപ്പോഴും തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കു കിഴക്കന്‍ മേഖല പട്ടാള നിയന്ത്രണത്തിലാണ്. അവരെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഒരു പശ്ചാത്തലത്തിലാണ് കൊളംബോയില്‍ ‘ചോഗം’ ചേര്‍ന്നത്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സംബന്ധിക്കുന്നില്ല. എന്നാല്‍, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. തമിഴ്‌നാട് നിയമസഭയും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും ‘ചോഗം’ ഉച്ചകോടി, ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനൊപ്പം നില്‍ക്കാനേ ഇന്ത്യക്കാകുമായിരുന്നുള്ളു. അതിന് രാഷ്ട്രീയ കാരണങ്ങള്‍ വേറെയുമുണ്ട്. ഈ നിലപാടില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന് അമര്‍ഷമുണ്ടെങ്കിലും അവരത് പുറത്തു പ്രകടിപ്പിച്ചില്ല. ‘2011ല്‍ പെര്‍ത്തില്‍ നടന്ന ചോഗത്തിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുത്തിരുന്നില്ലല്ലോ’ എന്നായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മറുചോദ്യം. തമിഴ്‌വികാരം പരിഗണിച്ചാണോ സിംഗ് സംബന്ധിക്കാതിരുന്നതെന്ന ചോദ്യത്തിന് ‘അദ്ദേഹം അയച്ച കത്തില്‍ ഇതൊന്നും പറഞ്ഞിട്ടില്ലെന്നും വ്യത്യസ്തമായ ചില കാര്യങ്ങളാണുള്ളതെന്നുമായിരുന്നു രാജപക്‌സെയുടെ മറുപടി.
കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഏറെ ശ്രദ്ധേയനായത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ്. ഉച്ചകോടിയുടെ ഔപചാരിക ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം ജാഫ്‌നയിലേക്ക് പറക്കുകയായിരുന്നു. ലങ്കന്‍ സേനയുടെ പൈശാചികമായ കൃത്യങ്ങള്‍ക്ക് ഇരയായ ആയിരക്കണക്കായ തമിഴ് വംശജര്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ കാമറൂണിനെ അറിയിച്ചു. അധികാര വികേന്ദ്രീകരണം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്നിവക്കായി ശ്രീലങ്കന്‍ സര്‍ക്കാറിലും അന്താരാഷ്ട്ര വേദികളിലും സമ്മര്‍ദം ചെലുത്തുമെന്ന് കാമറൂണ്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. യുദ്ധകാലത്ത് തമിഴ് വംശജരെ അടിച്ചോടിച്ച് അവരില്‍ നിന്നും സേന പിടിച്ചടക്കിയ ഭൂമിയും വസതികളും തിരികെ ലഭിക്കണമെന്നും തമിഴ്ജനത ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സംബന്ധിക്കുകയും തമിഴ് വംശജരുടെ അവസ്ഥ നേരില്‍ കാണുകയും ചെയ്തിരുന്നുവെങ്കില്‍ അത് തമിഴ്ജനതക്ക് വളരെ ഗുണപ്രദമാകുമായിരുന്നു. കാമറൂണിന്റെ ജാഫ്‌ന സന്ദര്‍ശനത്തിലൂടെ, 1948നു ശേഷം വടക്കന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയോ പ്രസിഡന്റോ എന്ന ബഹുമതിയും അദ്ദേഹത്തിനായി. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ നിന്നും ശ്രീലങ്കന്‍ തമിഴ്‌വംശജര്‍ക്ക് മോചനം ലഭിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സാധിതമാക്കാന്‍ ലോക ജനതയും സംഘടനകളും കൂട്ടായി യത്‌നിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്.