Connect with us

Articles

ചൈനീസ് പ്ലീനം വഴികാട്ടുന്നത്

Published

|

Last Updated

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാനമായ പ്ലീനത്തിന് ശേഷം പുറത്തിറക്കിയ കമ്യൂണിക്കെ വായിച്ച് വ്യാഖ്യാനിക്കാന്‍ പാടുപെട്ട് പരാജയമടഞ്ഞതിന്റെ അടയാളമാണ് ഇത്തവണത്തെ “ലോകവിശേഷം”. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കരണത്തിന് നാന്ദി കുറിക്കുന്നതായിരിക്കും ഈ മാസം ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ നീണ്ട പ്ലീനത്തിലെ തീരുമാനങ്ങളും ചര്‍ച്ചകളുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ 18ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം സമ്പൂര്‍ണ സമ്മേളനമാണ് നടന്നത്. പാര്‍ട്ടിയുടെ മുഖപത്രവും സിന്‍ഹുവ പോലുള്ള ചൈനീസ് ഏജന്‍സികളും പ്രസിദ്ധീകരിച്ച വിശകലന കുറിപ്പുകള്‍ വായിച്ചവര്‍ക്കും പാശ്ചാത്യമാധ്യമങ്ങള്‍ നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കും ആകാംക്ഷ നിറഞ്ഞു തുളുമ്പിയിരുന്നു. 1978ല്‍ ഡെംഗ് സിയാവോയുടെ നേതൃത്വത്തില്‍ 11 ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനത്തിലാണ് ചൈനയുടെ ചരിത്രം മാറ്റിയെഴുതിയ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്. മാവോ സെതൂംഗിന് ശേഷം ഉണ്ടാകുമായിരുന്ന നിശ്ചലത മറികടന്നത് ഈ പ്ലീനമായിരുന്നു. അതിനു ശേഷം ഓരോ കേന്ദ്ര കമ്മിറ്റിയുടെയും മൂന്നാം പ്ലീനങ്ങള്‍ വലിയ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു വരുന്നു. പക്ഷേ, വലിയ തലക്കെട്ടുകള്‍ പ്രതീക്ഷിച്ചവര്‍ പലപ്പോഴും നിരാശരാകാറാണ് പതിവ്. കാരണം, പ്രത്യക്ഷ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറില്ല. ഇത്തവണത്തെ പ്ലീനത്തിന് ശേഷം വന്ന കമ്യൂണിക്കെയിലും കൃത്യമായ പ്രഖ്യാപനങ്ങളില്ല. എന്നാല്‍, പരിഷ്‌കരണത്തിലേക്ക് വാതായനങ്ങള്‍ തുറന്നിടുന്ന സൂചനകള്‍ എമ്പാടുമുണ്ട്. ഭാവിയിലെ ചൈന എങ്ങനെയായിരിക്കും, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഏത് തരത്തിലാണ് ചൈന പിന്തുടരാന്‍ പോകുന്നത്, കമ്പോളത്തിന്റെ സമ്മര്‍ദങ്ങളെ അഭിസംബോധന ചെയ്യാന്‍ ചൈന എന്തൊക്കെ അടവുകളാണ് കൈക്കൊള്ളാന്‍ പോകുന്നത്, അയല്‍ രാജ്യങ്ങളോടും അകലെയുള്ള സുഹൃത്തുക്കളോടും അസൂയക്കാരോടും എന്ത് സമീപനമായിരിക്കും സ്വീകരിക്കുക, രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന ഇരിപ്പിടം സംരക്ഷിക്കാനും മുന്നോട്ട് കുതിക്കാനും എന്ത് ഊര്‍ജദായിനിയാണ് കൈവശമുള്ളത് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരുന്നവയാണ് ഈ സൂചനകള്‍. എന്നാല്‍, ഒന്നും തുറന്നു പറയുന്നില്ല. ധ്വനിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു. ആ ധ്വനികളിലേക്ക് പോകും മുമ്പ് പ്ലീനത്തില്‍ നിന്ന് ലോകം പ്രതീക്ഷിച്ചത് എന്തൊക്കെയായിരുന്നുവെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും ഈ പ്രതീക്ഷകള്‍ പ്രചരിപ്പിച്ചിരുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്. അതുകൊണ്ട് അവര്‍ സൃഷ്ടിച്ച അജന്‍ഡകളില്‍ എത്രമാത്രം ചൈന കുടുങ്ങിയെന്ന് മനസ്സിലാക്കാനും ഇത്തരമൊരു പോസ്റ്റ്‌മോര്‍ട്ടം ഉപകരിക്കും.
ധന മേഖല തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചൈന നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് പ്ലീനത്തിന് മുമ്പേ കേട്ട ഒരു വിലയിരുത്തല്‍. പലിശ നിരക്കിനെ ഇനി നിയന്ത്രണത്തില്‍ നിര്‍ത്താനാകില്ല. കറന്‍സിയായ യുവാന്റെ മൂല്യനിര്‍ണയത്തെ ഇനിയെങ്കിലും കമ്പോളത്തിന് വിട്ടു കൊടുക്കേണ്ടി വരും. ഭരിക്കപ്പെട്ട യുവാന്‍ ലോക പണക്കമ്പോളത്തിന് ഭീഷണിയാണെന്ന് അമേരിക്ക മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഷാംഗ്ഹായി പോലുള്ള സ്വതന്ത്ര വ്യാപാര മേഖലയില്‍ നിന്നായിരിക്കും ഈ പരിഷ്‌കരണം തുടങ്ങുകയെന്നും പ്രവചിക്കപ്പെട്ടു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നൂറു കണക്കായ സ്ഥാപനങ്ങളാണ് മാധ്യമങ്ങളില്‍ നിറഞ്ഞ മറ്റൊരു ഉത്കണ്ഠ. വാര്‍ത്താ വിനിമയം തൊട്ട് ബേങ്കിംഗ്, എണ്ണ, പ്രകൃതിവാതകം വരെ വ്യാപിച്ചു കിടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലങ്ങളാണെന്നും ഇക്കാര്യത്തില്‍ പ്ലീനം ഒരു തീരുമാനത്തില്‍ എത്തുമെന്നും മത്സരാധിഷ്ഠിത ലോകത്തിന് പാകമായ തരത്തിലേക്ക് ഇത്തരം സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടു.
ഒരു പട്ടണത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ അവിടെയുള്ള വിദ്യാഭ്യാസ, ക്ഷേമ , പാര്‍പ്പിട സൗകര്യങ്ങള്‍ ലഭ്യമാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ഹുകൗ സമ്പ്രദായത്തെക്കുറിച്ച് വീണ്ടുവിചാരമുണ്ടാകുമെന്ന് പ്രവചിച്ചവരുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കുള്ള കുടിയേറ്റത്തെ ഈ സമ്പ്രദായം പരിമിതപ്പെടുത്തുന്നു. അതുകൊണ്ട് ഈ നിയമസംഹിത തൊഴില്‍ ശേഷിയുടെ ശരിയായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഷെംഗ്ദു പോലുള്ള പട്ടണങ്ങള്‍ ഇതിനകം തന്നെ ഈ ചട്ടങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ ഇളവുകള്‍ രാജ്യവ്യാപകമാകുമോ എന്നായിരുന്നു ചോദ്യം. ഗ്രാമീണ പാടശേഖരങ്ങളുടെ കൂട്ടായ ഉടമസ്ഥതയിലും മാറ്റം വരുത്താന്‍ പോകുന്നുവെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. സര്‍ക്കാര്‍ അനുകൂല ബുദ്ധിജീവികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഇതുണ്ടായിരുന്നു. ഗ്രാമീണ, നഗര ഭൂമികളെ ഒരേപോലെ പരിഗണിക്കണമെന്നായിരുന്നു നിര്‍ദേശം. പരിസ്ഥിതി ഉത്കണ്ഠകള്‍, വ്യാവസായിക മേഖലയിലെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംബന്ധിച്ച പരിഷ്‌കരണങ്ങള്‍ ആത്യന്തികമായി കമ്പോള സമ്മര്‍ദങ്ങളോടുള്ള സമീപനം തുടങ്ങിയവയിലെല്ലാം പ്ലീനം കൃത്യമായ തീര്‍പ്പുണ്ടാക്കുമെന്ന് വിശകലനക്കാര്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയാണ് ഈ മൂന്നാം പ്ലീനം വലിയ വാര്‍ത്തയായത്.
ഇനി എന്ത് സംഭവിച്ചു എന്ന് നോക്കാം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൗതിക യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നോട്ടു പോകുമെന്ന സൂചന തന്നെയാണ് പ്ലീനത്തിന് ശേഷം പുറത്തു വന്ന കമ്യൂണിക്കെ വ്യക്തമാക്കുന്നത്. ചൈനീസ് മോഡല്‍ സോഷ്യലിസം നടപ്പാക്കുന്നതിന്റെ ഒരു ഘട്ടത്തിലാണ് സമ്പദ്‌വ്യവസ്ഥ. ഈ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോകാന്‍, വിഭവ വിതരണത്തില്‍ കമ്പോളത്തിന്റെ പങ്ക് അംഗീകരിച്ചേ മതിയാകൂ. അതിന് എന്തൊക്കെ പരിഷ്‌കരണം വേണമെന്ന് ചിന്തിക്കാന്‍ സമിതിയെ നിയോഗിക്കും. സര്‍ക്കാറും കമ്പോളവും തമ്മിലുള്ള കൃത്യമായ ബന്ധത്തിന് ഉതകുന്ന പരിഷ്‌കരണങ്ങങ്ങള്‍ കൊണ്ടുവരും. ശക്തമായ മേല്‍നോട്ടത്തോടെ വ്യവസായങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ അനുമതി നല്‍കും. ഗ്രാമ, നഗര ഭൂമി ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കും. 2020 ഓടെ സമഗ്ര പരിഷ്‌കരണങ്ങളുടെ ചട്ടക്കൂട് നിലവില്‍ വരും. ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാണെന്ന് പ്ലീനം വിലയിരുത്തി. അത് മറികടക്കാന്‍ ഇവ തമ്മിലുള്ള ബന്ധം പുനര്‍നിര്‍ണയിക്കുമെന്ന് കമ്യൂണിക്കെ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത അത് ഊന്നിപ്പറയുന്നു. സൈനിക ശക്തി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സൈന്യത്തിന് മുകളില്‍ പാര്‍ട്ടിയുടെയും അതുവഴി ഭരണകൂടത്തിന്റെ ഉടമസ്ഥതയും നിയന്ത്രണവും പ്ലീനം ഉദ്‌ഘോഷിക്കുന്നു. സൈന്യത്തിന്റെ ഏത് ആധുനികവത്കരണവും ഈ തത്വത്തില്‍ അധിഷ്ഠിതമായിരിക്കും.
ചുരുക്കത്തില്‍, സോഷ്യലിസ്റ്റ് ശാഠ്യങ്ങള്‍ക്ക് ചൈനയെ കിട്ടില്ലെന്ന സന്ദേശമാണ് പ്ലീനം മുന്നോട്ടു വെക്കുന്നത്. രാഷ്ട്രീയമായ ഘടന അപ്പടി നിലനിര്‍ത്തി, സാമ്പത്തികമായ ആധുനികവത്കരണത്തിന് തയ്യാറാകുന്നു. മുതലാളിത്തത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ മടി കാണിക്കുന്നില്ല. അമേരിക്കയടക്കമുള്ള കമ്പോള പക്ഷപാതികളുടെ സമ്മര്‍ദങ്ങളെ ചൈന നിസ്സാരമായി കാണുന്നില്ല. നികുതി ഘടനയില്‍ പോലും കമ്പോളത്തിന്റെ സ്വാധീനം അംഗീകരിച്ചു കൊടുക്കാന്‍ ആധുനിക ചൈന ഒരുക്കമാണ്. ഇത് ചൈനയുടെ അന്ത്യമല്ലേ, അമേരിക്കക്ക് പ്രിയപ്പെട്ട ചൈനയല്ലേ ഉദയം ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ തൊടുത്തുവിടുന്നതാണ് ഈ പരിഷ്‌കരണ നിര്‍ദേശങ്ങള്‍. മുതലാളിത്ത സമ്പദ്‌വ്യവസ്ഥകളുമായി സ്വന്തം സങ്കേതങ്ങള്‍ ഉപയോഗിച്ച് മത്സരിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന ബദല്‍ സ്വപ്‌നം കുഴിച്ചു മൂടുന്നതാണ് മൂന്നാം പ്ലീനത്തിന്റെ മുന്‍ഗണനകളെന്നും ആക്ഷേപിക്കാവുന്നതാണ്. പക്ഷേ, എന്താണ് യാഥാര്‍ഥ്യം? സാമ്പത്തികശാസ്ത്രപരമായി നോക്കുമ്പോള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളോ മുതലാളിത്ത രാജ്യങ്ങളോ ഇന്നില്ല. വിപണിയെ പൂര്‍ണമായി നിരാകരിച്ചും സ്വകാര്യ സ്വത്തിനെ പ്രതിരോധിച്ചും സ്വകാര്യ മേഖലയുടെ സാധ്യത പൂര്‍ണമായി അവഗണിച്ചും നിലനില്‍ക്കാന്‍ അങ്ങേയറ്റം സോഷ്യലിസ്റ്റെന്ന് അവകാശപ്പെടുന്ന രാജ്യങ്ങള്‍ക്ക് പോലും സാധിക്കുന്നില്ല. കാള്‍ മാര്‍ക്‌സ് മുന്നോട്ടുവെച്ച ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനം വഴിമുട്ടി നില്‍ക്കുന്നത് ഇവിടെയാണ്. സോഷ്യലിസത്തില്‍ നിന്ന് ചരിത്രം കമ്യൂണിസത്തിലേക്ക് വികസിക്കുന്നില്ല. എന്നാലത് പൂര്‍ണ അര്‍ഥത്തിലുള്ള മുതലാളിത്തത്തിലേക്ക് തിരിച്ച് നടക്കുന്നുമില്ല.
ചൈന ലോകത്തെ ചെവിക്കൊള്ളാന്‍ പോകുന്നുവെന്ന പോസിറ്റീവായ വിശകലനമാണ് കുറേക്കൂടി യാഥാര്‍ഥ്യപൂര്‍ണമാകുകയെന്ന് തോന്നുന്നു. സാംസ്‌കാരിക വിപ്ലവത്തിന്റെ തെറ്റുകളെ പുതു തലമുറ നേതാക്കള്‍ തള്ളിപ്പറയുന്നുണ്ട്. ബോ സിലായിയെപ്പോലുള്ളവരെ ആ തെറ്റുകളുടെ വക്താക്കളായാണ് ഭരണകൂടം ബ്രാന്‍ഡ് ചെയ്യുന്നത്. പ്ലീനം മുന്നോട്ടുവെച്ച പരിഷ്‌കരണ നിര്‍ദേശങ്ങള്‍ വിവിധ തലത്തില്‍ വരും നാളുകളില്‍ നടപ്പാക്കി തുടങ്ങും. ഏക സന്താന നയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗ ശത്രുക്കളെ “പാഠം പഠിപ്പിക്കാന്‍” വേണ്ടി തുടങ്ങിയ ലേബര്‍ ക്യാമ്പുകള്‍ അടച്ചു പൂട്ടാന്‍ പോകുന്നു. മനുഷ്യാവകാശ പഴികള്‍ പരമാവധി അവസാനിപ്പിക്കാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം. അതുകൊണ്ട് അവിടെ നിന്ന് കുതിപ്പിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ആ വാര്‍ത്തകള്‍ അയല്‍ രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമാണ്.

പിന്‍കുറി: ചൈനീസ് പ്ലീനമാണോ പാലക്കാട്ടെ പ്ലീനമാണോ വലുത്?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest