Connect with us

Articles

മുസ്‌ലിം 'മുഖ്യധാര'യും കമ്യൂണിസ്റ്റുകാരും

Published

|

Last Updated

വിശദാംശങ്ങളില്‍ പല തലങ്ങളില്‍ നിന്നുള്ള വിയോജിപ്പുകള്‍ പലര്‍ക്കും ഉന്നയിക്കാനാകുമെങ്കിലും സാരാംശത്തില്‍ ശ്ലാഘനീയമായ നടപടിയാണ് സി പി എം മുസ്‌ലിംകളെ മുഖ്യധാരയില്‍ സജീവമാക്കാന്‍ ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍. കാര്യങ്ങള്‍ പറഞ്ഞു തോല്‍പ്പിക്കുക അസാധ്യമായതുകൊണ്ടായിരിക്കാം മിക്കവരും ഇതിനെ തെറി എഴുതി അപഹസിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു ചുറ്റുപാടിലാണ് ഇവിടെ ചില നിരീക്ഷണങ്ങള്‍ നടത്തുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളചരിത്രം പരിശോധിച്ചാല്‍ ഇവിടുത്തെ മുസ്‌ലിം സമുദായം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ഘടകമായി മുസ്‌ലിം ലീഗിന്റെ രൂപത്തിലെങ്കിലും നിലനിന്നു വരുന്നതിന് ഇടവരുത്തിയത് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കിയ മുന്നണി രാഷ്ട്രീയമാണെന്ന് പറയേണ്ടി വരും. ഇന്ത്യ സ്വാതന്ത്ര്യത്തിനു മുമ്പ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നിലനിന്നിരുന്ന ഹിന്ദു- മുസ്‌ലിം മൈത്രിയുടെ സാമ്രാജ്യത്വവിരുദ്ധ മുന്നണിയായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഗുണവശങ്ങളെല്ലാം ഇന്ത്യ- പാക് വിഭജനത്തോടു കൂടിയ സ്വാതന്ത്ര്യ ലബ്ധിയോടെ ഏതാണ്ട് നഷ്ടപ്രഭമായിക്കഴിഞ്ഞിരുന്നു. വിഭജനത്തിന്റെ മതവൈകാരികത മുറ്റിയ വിദ്വേഷ സാഹചര്യത്തില്‍ മുസ്‌ലിം ലീഗിനെ ചത്ത കുതിര എന്നു വിളിച്ച് അവഗണിക്കുകയാണ് മതേതരനായ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. എന്നാല്‍, കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ നെഹ്‌റുവിന്റെ നിലപാടല്ല മുസ്‌ലിം ലീഗിനോട് കൈക്കൊണ്ടത്. കമ്യൂണിസ്റ്റുകാര്‍ അവരുടെ സഖ്യ കക്ഷിയായി മുസ്‌ലിം ലീഗിനെ സ്വീകരിച്ചു. അങ്ങനെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ മാന്യമായൊരു സ്ഥാനം മുസ്‌ലിം ലീഗിന് ഉണ്ടാകുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ ആ നടപടിയാണ് പിന്നീട് മുസ്‌ലിം ലീഗിന് പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ ചുവടൂന്നി മുകളിലോട്ട് കേറിപ്പോകാനുള്ള കോണിയായി തീര്‍ന്നത്.
എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് മുസ്‌ലിം മതവിശ്വാസികളുണ്ട്. പക്ഷേ, കേരളത്തിലൊഴിച്ച് മറ്റെവിടെയും നിയമസഭയില്‍ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി ഇല്ല. എന്തുകൊണ്ട് ഇന്ത്യയിലെ കേരള നിയമസഭയില്‍ മാത്രം മുസ്‌ലിം ലീഗ് നിര്‍ണായക കക്ഷിയായി നില കൊള്ളുന്നതിന് ഇടവന്നു? മുസ്‌ലിം ലീഗിന് ഒന്നോ രണ്ടോ ലോക്‌സഭാംഗങ്ങള്‍ കേരളത്തില്‍ നിന്നല്ലാതെ മറ്റെങ്ങു നിന്നും ഇല്ലെന്ന സ്ഥിതി എങ്ങനെയാണുണ്ടായത്? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഒന്ന് മാത്രമാണ്; കേരളത്തില്‍ മാത്രമേ കമ്യൂണിസ്റ്റ് സഖ്യകക്ഷി എന്ന നിലയില്‍ മഖ്യധാരാ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുവാനുള്ള വഴി സ്വാതന്ത്ര്യാനന്തരം മുസ്‌ലിം ലീഗിന് തുറന്നുകിട്ടിയുള്ളൂ.
കേരളമൊഴിച്ചുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും രാജ്യവിഭജനത്തിന് കാരണക്കാരെന്നുന്നയിച്ച് രാജ്യദ്രോഹ വര്‍ഗീയ കക്ഷിയായി ലീഗിനെ അവമതിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ മലപ്പുറത്തേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ത്തു വരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ പോലും മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിക്ക് യാതൊരു സ്വാധീനവും ഇല്ലാത്ത സ്ഥിതിയും നിലവില്‍ വന്നു. അതിനാല്‍, കമ്യൂണിസ്റ്റുകാര്‍ മുസ്‌ലിംകള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നൊക്കെ കോണ്‍ഗ്രസുകാര്‍ക്കൊപ്പം നിന്ന് ഇപ്പോള്‍ ചോദിച്ചുവരുന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചരിത്രപരമായ ഒരു ആത്മപരിശോധനക്ക് എത്രയും പെട്ടെന്ന് തയ്യാറാകണം. അങ്ങനെ ചെയ്താല്‍ മുസ്‌ലിം ലീഗെന്ന കക്ഷിക്ക് കേരളത്തിലൂടെയെങ്കിലും ഇന്ത്യന്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തിലെ ഇടപെടല്‍ ശക്തിയായി നിലകൊള്ളാന്‍ വേണ്ടുന്ന സുപ്രധാന നടപടി ഇ എം എസ് എന്ന കമ്യൂണിസ്റ്റിലൂടെയാണുണ്ടായതെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വരും. ഇങ്ങനെ വിധിനിര്‍ണായകമായൊരു ചരിത്രസാഹചര്യത്തില്‍, കമ്യൂണിസ്റ്റ് സഖ്യ കക്ഷിയാകാനുള്ള അവസരം പോലും മുസ്‌ലിം ലീഗിനു ലഭിച്ചില്ലായിരുന്നെങ്കില്‍, അവരുടെ ഗതി എന്താകുമായിരുന്നു എന്നു കൂടി ചിന്തിച്ചിട്ടു വേണം സി പി എമ്മിന്റെ മുസ്‌ലിം മുഖ്യധാരാ ഇടപെടലുകള്‍ക്കു നേരെ ഭള്ള് പറയാനെന്ന് കുറഞ്ഞത് മുസ്‌ലിം ലീഗുകാരെങ്കിലും മനസ്സിലാക്കണം.
ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാത്തവനും ഇനി എങ്ങാനും ശ്രദ്ധിക്കുന്നവര്‍ തന്നെ ഒരു ദുശ്ശകുനം പോലെ അവഗണിച്ചിരുന്നവനുമായ ഒരു അനാഥ ബാലനു സമാനമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ അവസ്ഥ. ഇത്തരമൊരു അനാഥാവസ്ഥയില്‍ മുസ്‌ലിം ലീഗിനെ കൂടെ നിര്‍ത്തി കരുത്തുപകര്‍ന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം കമ്യൂണിസ്റ്റുകാരുടെതാണ്. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം നിന്നു പൊതു സമ്മതിയും കരുത്തും നേടിയപ്പോള്‍ മുസ്‌ലിം ലീഗ് ചുവട് മാറി. അവര്‍ക്ക് പുതിയ ബന്ധുക്കള്‍ ഉണ്ടായി. നെഹ്‌റുവിന് “ചത്ത കുതിര”യായിരുന്ന ലീഗ് കരുണാകരണാദികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കരുത്തുള്ള പച്ചക്കുതിയായിത്തീര്‍ന്നു. ഇങ്ങനെ മുസ്‌ലിം ലീഗ് ഭരണസ്വാധീനമുള്ള രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ മുഖ്യധാരയില്‍ നിലയുറപ്പിച്ചു നില്‍ക്കുന്ന കേരളത്തില്‍ ആരും തന്നെ മുസ്‌ലിംകളെ മുഖ്യധാരയില്‍ എത്തിക്കാന്‍ കമ്യൂണിസ്റ്റുകള്‍ എന്താണ് ചെയ്തതെന്ന് ചോദിക്കരുത്. നെഹ്‌റുവും പട്ടം താണു പിള്ളയും ആര്‍ ശങ്കറും ചെയ്തതിനേക്കാള്‍ വളരെ കൂടുതലും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് കാലോചിത ഭാവഭേദങ്ങളോടെ പിണറായി വിജയനും ചെയ്തുകൊണ്ടിരിക്കുന്നത്.

shakthibodhiviswa@gmail.com

Latest