Connect with us

Kerala

സി പി എം പ്ലീനം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തുടക്കമാകും

Published

|

Last Updated

തിരുവനന്തപുരം: സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് ഈ മാസം ഒടുവില്‍ പാലക്കാട്ട് ചേരുന്ന സി പി എം പ്ലീനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറും. പ്ലീനത്തിന്റെ സമാപന ദിവസം രണ്ട് ലക്ഷം പേരുടെ പ്രകടനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന് സമാനമായ ഒരുക്കങ്ങളാണ് പ്ലീനത്തിനായി പാര്‍ട്ടി നടത്തുന്നത്. പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ രേഖക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ച സ്വയംവിമര്‍ശവും മുന്നോട്ടു കുതിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സംഘടനാ രേഖ. 19, 20 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗം രേഖക്ക് അന്തിമ രൂപം നല്‍കും.
സംഘടനയെ ശുദ്ധീകരിച്ച് ഉണര്‍വ് പകര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് കരുത്താര്‍ജിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ദൗര്‍ബല്യം കണ്ടെത്തി പരിഹരിക്കുന്നതിനൊപ്പം കരുത്ത് നേടാനുള്ള മാര്‍ഗങ്ങളില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. 400 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത സംഘടനാതല കാര്യങ്ങളും അതിന്മേല്‍ കൈക്കൊള്ളേണ്ട നടപടികളും പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്താകെ പാര്‍ട്ടി സംഘടനക്കകത്ത് ഇതുസംബന്ധിച്ച പരിശോധന നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ സംഘടനാരേഖയിലൂടെ പ്ലീനത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും ഇതിന്റെ ഭാഗമായി സ്വീകരിച്ച അച്ചടക്ക നടപടികളും രേഖയില്‍ എടുത്ത് പറയുന്നുണ്ട്. നടപടിക്കെതിരെയും വിഭാഗീയമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന വിമര്‍ശവും രേഖയിലുണ്ടെന്നാണ് വിവരം. പ്രാദേശിക നേതാക്കള്‍ക്ക് മദ്യ, മണല്‍, പണമിടപാട് മാഫിയകളുമായി ബന്ധമുണ്ടെന്ന സ്വയംവിമര്‍ശവും ഇതിനെതിരെ സ്വീകരിച്ച നടപടികളും എടുത്ത് പറയുന്നുണ്ടെന്നാണ് സൂചന. പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര ഘടകം കീഴ്ഘടകങ്ങള്‍ക്ക് ചോദ്യാവലി നല്‍കിയിരുന്നു. ഏരിയാ കമ്മിറ്റി മുതലുള്ള സമിതികള്‍ എഴുതിത്തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ മുകളിലേക്ക് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. സമരങ്ങളിലെ ബഹുജന പങ്കാളിത്തം, വര്‍ഗ, ബഹുജന സംഘടനകളുടെ പ്രവര്‍ത്തനം, പാര്‍ട്ടിയിലെ അംഗത്വത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി നിഗമനങ്ങള്‍ മേല്‍ഘടകത്തെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനുപുറമെ പത്തോളം പ്രശ്‌നങ്ങളുന്നയിച്ചുകൊണ്ടുള്ള ചോദ്യാവലിയും വര്‍ഗ ബഹുജന സംഘടനകള്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ അംഗത്വ വിതരണത്തെ താരതമ്യപ്പെടുത്തുക, സംഘടനാ പ്രവര്‍ത്തനത്തിന് പ്രയാസമുള്ള സ്ഥാപനങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ചോദ്യാവലിയിലുണ്ട്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിക്കയച്ച കത്തില്‍ വിദ്യാര്‍ഥി രംഗത്തെ വര്‍ഗീയവത്കരണം സംഘടനാരംഗത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരാഞ്ഞിരുന്നു.
സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെയും വര്‍ഗ ബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതില്‍ ജാഗ്രത കാണിച്ചില്ലെന്ന സ്വയംവിമര്‍ശം സംഘടനാരേഖയിലുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ പലപ്പോഴും കടുത്ത വിമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും എസ് എഫ് ഐ, ഡി വൈ എഫ് ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക സംഘം തുടങ്ങിയവയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
പൊതുവില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ലാവ്‌ലിന്‍ കേസില്‍ നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് സംഘടനയെ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

Latest