വേള്‍ഡ് എക്‌സ്‌പോ: ദുബൈക്ക് സാധ്യത വര്‍ധിച്ചു

Posted on: November 17, 2013 12:41 am | Last updated: November 17, 2013 at 12:41 am

world expoദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈയില്‍ നടക്കാന്‍ സാധ്യത വര്‍ധിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈക്കു വേണ്ടി നേരിട്ട് രംഗത്തിറങ്ങിയതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുകയാണ്. ഈ മാസം 27ന് പാരീസില്‍ ബ്യൂറോ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ അസംബ്ലിയില്‍ മികവാര്‍ന്ന പ്രസന്റേഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദുബൈ എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി. ബ്യൂറോ ഇന്റര്‍നാഷനലാണ് വേദി തീരുമാനിക്കുക.
168 രാജ്യങ്ങളാണ് ബ്യൂറോ ഇന്റര്‍നാഷനലിലുള്ളത്. ഇതില്‍ ഭൂരിപക്ഷം രാജ്യങ്ങളും ഇതിനകം തന്നെ ദുബൈക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യമരുളാന്‍ മത്സരരംഗത്തുള്ള മറ്റ് മൂന്ന് നഗരങ്ങളും പ്രസന്റേഷന്‍ അവതരിപ്പിക്കുമെങ്കിലും ദുബൈക്കാണ് സാധ്യത.
ഈയിടെ ബ്യൂറോ ഇന്റര്‍നാഷനലിന്റെ 250 ഓളം പ്രതിനിധികള്‍ യു എ ഇയിലെത്തി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വിലയിരുത്തിയിരുന്നു. പ്രതിനിധികള്‍ സംതൃപ്തിയോടെയാണ് മടങ്ങിയത്.
ദുബൈ തികഞ്ഞ പ്രതീക്ഷയിലാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈയെ പിന്തുണക്കുന്ന രാജ്യങ്ങളോട് നന്ദിയുണ്ട്. ദുബൈ വിജയിച്ചാലും ഇല്ലെങ്കിലും വികസന കാര്യത്തില്‍ മുന്നോട്ടുപോകും-ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈ മീഡിയാ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. വേള്‍ഡ് എക്‌സ്‌പോ ദുബൈക്ക് ലഭിക്കുകയാണെങ്കില്‍ 2.77 ലക്ഷം തൊഴിലവസരങ്ങള്‍ സംജാതമാകുമെന്നാണ് വിലയിരുത്തല്‍. 1.47 ലക്ഷം തൊഴിലവസരങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ മാത്രം ഉണ്ടാകും.