ബസുകള്‍ മരണപ്പാച്ചിലില്‍ ; ജീവനും കൊണ്ട് യാത്രക്കാരും

Posted on: November 16, 2013 8:13 am | Last updated: November 16, 2013 at 8:13 am

തിരൂര്‍: റോഡുകള്‍ മനോഹരമായതോടെ ബസുകള്‍ മരണപ്പാച്ചിലില്‍. റോഡിലുള്ള മറ്റു യാത്രക്കാരെ പരിഗണിക്കാതെ അമിതവേഗതയില്‍ ചീറിപ്പായുന്ന ബസുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇതര വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പലപ്പോഴും ഭാഗ്യംകൊണ്ടാണ് പലരും അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ഇന്നലെ ബി പി അങ്ങാടി ബൈപ്പാസ് പരിസരത്ത് ഭാര്യയോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവാവ് തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
തിരൂരില്‍ നിന്നും കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യബസിന്റെ വേഗത ഇരുവരുടെയും ജീവന്‍ തന്നെ അപഹരിക്കേണ്ടതാണ്. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ സ്വകാര്യബസ് റോഡിലെ മറുവശം വഴി മുന്നോട്ടെടുക്കുകയായിരുന്നു.
ബൈക്കില്‍ തട്ടിയെങ്കിലും രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടില്ല. കണ്ടുനില്‍ക്കുന്നവരെല്ലാം കണ്ണുപൊത്തുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഇതുവഴി പോകുന്ന യാത്രക്കാരും നാട്ടുകാരും ഓടിക്കൂടി. ട്രിപ്പ് കട്ടാകുമോയെന്ന ഭയമായിരുന്നു ജീവനക്കാര്‍ക്ക്. ഏതായാലും ബസ് ജീവനക്കാരെ നന്നായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് നാട്ടുകാര്‍ പറഞ്ഞു വിട്ടത്.
തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ റോഡ് റബറൈസ് ചെയ്ത് ഭംഗിയാക്കിയതോടെ ബസുകാര്‍ വന്‍വേഗതയിലാണ് കുതിക്കുന്നത്. താനൂരിലുണ്ടായ പോലെ മറ്റൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.