പറപ്പൂരില്‍ റവന്യൂ സ്‌ക്വാഡ് റെയ്ഡ്; രണ്ട് ലോറികളും തോണിയും പിടികൂടി

Posted on: November 16, 2013 8:12 am | Last updated: November 16, 2013 at 8:12 am

വേങ്ങര: വന്‍തോതില്‍ മണലെടുപ്പ് നടക്കുന്ന പറപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ റവന്യൂ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ രണ്ട് മണല്‍ തോണികളും രണ്ട് ലോറികളും പിടികൂടി.
ഇന്നലെ രാവിലെ ഏഴരയോടെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. ഇല്ലിപിലാക്കലില്‍ നിന്നും രണ്ട് മണല്‍ ലോറികള്‍ പിടികൂടിയത്.
ഇല്ലിപ്പിലാക്കല്‍-പുഴച്ചാല്‍ റോഡില്‍ കടലുണ്ടിപ്പുഴയില്‍ നിന്നും രണ്ട് തോണികള്‍ സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡിനെ കണ്ട് സമീപത്തെ നാല് തോണികള്‍ മണല്‍ മാഫിയ വെള്ളത്തില്‍ മുക്കി. മുക്കിയ തോണി റവന്യൂ അധികൃതര്‍ തന്നെ സാഹസികമായി പൊക്കിയെടുത്തു.
ശേഷിക്കുന്ന തോണികള്‍ മുക്കിയത് കാരണം കണ്ടെത്താനായില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണലെടുപ്പ് നടക്കുന്ന പ്രദേശമാണ് ഇതെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
കെ പി അനസ്ബാബു, എ പി സുലൈമാന്‍, രാജു നാരായണന്‍, അനൂപ് അച്യുതന്‍, വാസു തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ലോക്കല്‍ പോലീസറിയാതെ നടത്തിയ റെയ്ഡില്‍ മലപ്പുറം എം എസ് പിയിലെ പോലീസിന്റെയും സഹായമുണ്ടായിരുന്നു.