കൗതുക കാഴ്ചയായി സ്‌നേഹ സംഗമം

Posted on: November 16, 2013 8:12 am | Last updated: November 16, 2013 at 8:12 am

പെരിന്തല്‍മണ്ണ: വികസന വര്‍ത്തമാനങ്ങളുമായി മന്ത്രിയെത്തി. നേട്ടങ്ങളുടെ പട്ടികയില്‍ നാടിനെക്കൂടി ചേര്‍ത്തതിന്റെ ആവേശത്തില്‍ സ്വീകരണം. പിന്നെ സ്‌നേഹപൂര്‍വ്വം ആവശ്യങ്ങളും. രണ്ടരവര്‍ഷത്തിനിടെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി നടത്തുന്ന ‘സ്‌നേഹസംഗമ’ങ്ങളാണ് ഗ്രാമങ്ങളില്‍ കൗതുകക്കാഴ്ചകളായത്. ആലിപ്പറമ്പ് പഞ്ചായത്തിലെ ആനമങ്ങാടിലായിരുന്നു തുടക്കം. രണ്ടര വര്‍ഷംകൊണ്ട് 325 കോടി രൂപയുടെ വികസനങ്ങള്‍ നടപ്പാക്കിയതിന്റെ കണക്കുകള്‍ മന്ത്രി നിരത്തി. പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ പട്ടിക വേറെയും. തെരഞ്ഞെടുപ്പ് കാലത്ത് വന്നപ്പോള്‍ നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കതും യാഥാര്‍ത്ഥ്യമായി. ചില പ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടു. മറ്റുചിലവ അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ വികസനങ്ങളുടെ കണക്കുകളുമായി ജനപ്രതിനിധിയെത്തുന്നതിന്റെ കൗതുകം എല്ലായിടത്തും. ഒറ്റനോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രതീതി. സംശയങ്ങള്‍ മന്ത്രിതന്നെ തീര്‍ത്തു, ഇലക്ഷനല്ല, ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കി വരുന്നു. അതുബോധ്യപ്പെടുത്താനാണ് ഈ വരവ്. വികസനത്തില്‍ രാഷ്ട്രീയമില്ല. ആരുഭരിക്കുന്നുവെന്നതു പ്രശ്‌നമല്ല, നാട്ടില്‍ വികസനം വേണം. സര്‍ക്കാരിന്റെ സാന്നിധ്യം എല്ലാവരും തൊട്ടറിയണം. അതിന് ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും കൂടിയിരിക്കണം. നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയായി. ഇനിയെന്താണ് വേണ്ടതെന്ന മന്ത്രിയുടെ ചോദ്യത്തിന് കയ്യടിയായിരുന്നു മറുപടി. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇങ്ങനെ ചോദിക്കുന്നത്. അടുത്ത വര്‍ഷത്തില്‍ പദ്ധതി ഒരുക്കുമ്പോള്‍ പരിഗണിക്കാന്‍ പുതിയ ആവശ്യങ്ങള്‍ വന്നു. കൂട്ടത്തിലെ സ്ത്രീകള്‍ ശുദ്ധജലത്തിന്റെ കുടുംബകാര്യം പറഞ്ഞു. ആലിപ്പറമ്പ് പഞ്ചായത്തില്‍ വലിയ പദ്ധതി നടപ്പാക്കി വരുന്നു, ഉടന്‍ പരിഹാരമാവും. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. പുതിയ ആവശ്യങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രിയുടെ ഉറപ്പ്. ആലിപ്പറമ്പ് പഞ്ചായത്തില്‍ ആനമങ്ങാട്, ഹൈസ്‌കൂള്‍പടി, പറക്കുന്ന്, മുഴന്നമണ്ണ, പുന്നക്കോട്, മണലായ, കണ്ടംചിറ, എടത്തറ, പാറല്‍ മണലായ, പാറല്‍, ലക്ഷംവീട്, മുണ്ടുപാറ, പരിയാപുരം, പടിഞ്ഞാറെകുളമ്പ്, മൂച്ചിക്കുന്ന്, വാളംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഇന്ന് മേലാറ്റൂര്‍ പഞ്ചായത്തില്‍ നടക്കും. 30ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.