Connect with us

Kerala

വ്യാപക അക്രമം: ആകാശത്തേക്ക് വെടിവെച്ചു

Published

|

Last Updated

*താമരശ്ശേരിയില്‍ ഫോറസ്റ്റ് ഓഫീസ് കത്തിച്ചു    *കെ എസ് ആര്‍ ടി സി ബസിനും
*സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീയിട്ടു       * പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു
*കൊട്ടിയൂരില്‍ കസ്റ്റഡിയില്‍ എടുത്തവരെ ജനപ്രതിനിധികള്‍ മോചിപ്പിച്ചു
താമരശ്ശേരി/കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന മലയോര ഹര്‍ത്താലിനിടെ വ്യാപക അക്രമം. അടിവാരത്ത് പോലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവെച്ചു. എസ് പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു. താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി മേഖലകളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സര്‍ക്കാര്‍ ഓഫീസുകള്‍, വാഹനങ്ങള്‍ എന്നിവ തീയിട്ട് നശിപ്പിച്ചു. പത്രക്കെട്ടുകളും പിടിച്ചെടുത്ത് തീയിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. രാവിലെ പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രക്കെട്ടുകളുമായി പോകുകയായിരുന്ന വാഹനം പുലര്‍ച്ചെ രണ്ട് മണിയോടെ അടിവാരത്ത് തടഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രകടനമായെത്തിയവര്‍ കടകള്‍ അടപ്പിച്ചു. ഒരു വിഭാഗമാളുകള്‍ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ചുങ്കത്തെത്തിയ പ്രകടനക്കാര്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിയുടെ വാഹനം മറിച്ചിട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിയ സംഘം ദ്രുത പ്രതികരണ സേനയുടെ ആസ്ഥാനവും റെയ്ഞ്ച് ഓഫീസും അഗ്നിക്കിരയാക്കി. ഓഫീസിലെ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും വനം വകുപ്പിന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു. വനം വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ തകര്‍ത്തു. ഇതിനിടെ ചുങ്കത്ത് മറിച്ചിട്ട പോലീസ് വാഹനവും കെ എസ് ആര്‍ ടി സി ബസ്സും കത്തിച്ചു.
ഒരു സ്വകാര്യ ചാനല്‍ വാര്‍ത്താ സംഘത്തിന്റെ വാഹനം മറിച്ചിട്ട് ക്യാമറ, ലാപ്‌ടോപ്പ് എന്നിവ തകര്‍ത്തു. ഉച്ചയോടെ അടിവാരത്തെത്തിയ റൂറല്‍ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുകയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതായി ആരോപിച്ച് നാട്ടുകാര്‍ എസ് പി, ഡി വൈ എസ് പി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ചു.
വൈകിട്ട് ആറോടെ കൂടുതല്‍ പോലീസ് എത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അക്രമാസക്തമായി. ഇതോടെയാണ് പോലീസ് ആകോശത്തേക്ക് മൂന്ന് റൗണ്ട് വെടിവെച്ചത്. കല്ലേറില്‍ ഡി വൈ എസ് പി, സി ഐ ഉള്‍പ്പെടെയുള്ള നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍നിന്ന് വരികയായിരുന്ന സ്വകാര്യ വാഹനവും അക്രമത്തിനിരയായി.
കൊട്ടിയൂരിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേരെ ജനപ്രതിനിധികള്‍ ഇടപെട്ട് മോചിപ്പിച്ചു. സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുക്കില്ലെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറും എസ് പി. രാഹുല്‍ ആര്‍ നായരും ഉറപ്പ് നല്‍കിയതിന് വിരുദ്ധമായി നാല് പേരെ കേളകം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് മാലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വിവരമറിഞ്ഞ് കേളകത്ത് നാട്ടുകാര്‍ സംഘടിക്കുകയും പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കെ സുധാകരന്‍ എം പി, എം എല്‍ എമാരായ സണ്ണി ജോസഫ്, ജയിംസ് മാത്യു, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ മാലൂര്‍ പോലീസ് സ്റ്റേഷനിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. വിട്ടയച്ച നാല് പേരുമായി ജനപ്രതിനിധികള്‍ കേളകം വില്ലേജ് ഓഫീസിനു സമീപമെത്തി അവിടെ കൂടിനിന്നവര്‍ക്കു കൈമാറി. ഇവരെ ആനയിച്ചുകൊണ്ട് ചുങ്കക്കുന്നിലേക്കു നടത്തിയ പ്രകടനത്തില്‍ കെ സുധാകരനും സണ്ണി ജോസഫും ചേര്‍ന്നെങ്കിലും പ്രകടനക്കാരില്‍ ഒരു വിഭാഗം അവരെ തടഞ്ഞ് തിരിച്ചയച്ചു.
കസ്തൂരിരംഗന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പ്രതിഷേധം ആളിക്കത്തിയ കൊട്ടിയൂര്‍ ഇന്നലെ അപ്രഖ്യാപിത ഹര്‍ത്താലില്‍ നിശ്ചലമായി. ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനമുണ്ടായിരുന്നില്ലെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. കേളകം മേഖലയിലും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. ബസുകള്‍ ഓടിയില്ല. കടകള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. കേളകത്തും ബോയ്‌സ് ടൗണിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.

Latest