Connect with us

International

ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീലങ്കയിലെ തമിഴ് നേതാക്കളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

കൊളംബോ: കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കായി ശ്രീലങ്കയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരന്‍ ഉള്‍പ്പെടെയുള്ള തമിഴ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കക്ക് മേല്‍ യുദ്ധക്കുറ്റാരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാമറൂണിന്റെ സന്ദര്‍ശനം. കൊളംബോയില്‍ ഉച്ചകോടി തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാമറൂണ്‍ ഇവിടം സന്ദര്‍ശിച്ചത്. 1948ന് ശേഷം ഇതാദ്യമായാണ് ഒരു വിദേശനേതാവ് ഇവിടെ സന്ദര്‍ശിക്കുന്നത്. 2009ല്‍ അവസാനിച്ച ആഭ്യന്തരയുദ്ധകാലത്തെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് കാമറൂണ്‍ ഊന്നിപ്പറഞ്ഞു.
തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്തിന്റെ വടക്കന്‍ ഭാഗം സന്ദര്‍ശിച്ച കാമറൂണ്‍ യുദ്ധ കാലത്ത് തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍നിര്‍മിക്കുകയും ചെയ്ത ജാഫ്‌ന ലൈബ്രറി സന്ദര്‍ശിച്ച് മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരനുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയ സംഘം കാമറൂണിനെ സ്വീകരിച്ചു. ഇവര്‍ യുദ്ധത്തിനിടെ കാണാതായ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇദ്ദേഹത്തോട് അപേക്ഷിച്ചു. അതേസമയം 1948ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന പീഢനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഉദയന്‍ പത്രം ഓഫീസും കാമറൂണ്‍ സന്ദര്‍ശിച്ചു.

Latest