Connect with us

National

'ഉപ്പ് ഭീതി' വ്യാപകമാകുന്നു

Published

|

Last Updated

കൊല്‍ക്കത്ത/ പാറ്റ്‌ന/ ഷില്ലോംഗ്: ബീഹാറിന് പിന്നാലെ ഉപ്പിന് വന്‍ ക്ഷാമമുണ്ടാകുമെന്ന അഭ്യൂഹം പശ്ചിമ ബംഗാളിലും മേഘാലയയിലും വ്യാപകമാകുന്നു. ഇതിനെ തുടര്‍ന്ന് ഉപ്പിന്റെ വില റോക്കറ്റ് കണക്കെ കുതിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണം നടത്തിയതിന് ബീഹാറില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
അഭ്യൂഹത്തെ തുടര്‍ന്ന് ഉപ്പിന് ബീഹാറിലും പശ്ചിമ ബംഗാളിലും കിലോഗ്രാമിന് 100-150 രൂപയാണെങ്കില്‍ മേഘാലയയില്‍ കിലോഗ്രാമിന് 300 രൂപയാണ് ഈടാക്കുന്നത്. പശ്ചിമ ബംഗാളിലെ സിലിഗുരി, ഡാര്‍ജിലിംഗ്, ജല്‍പായിഗുരി തുടങ്ങിയ മേഖലകളില്‍ വ്യാഴാഴ്ച രാത്രി തന്നെ ജനങ്ങള്‍ ഉപ്പ് വാങ്ങിക്കൂട്ടിയിരുന്നു. കിലോഗ്രാമിന് 15 രൂപയുള്ള ഉപ്പിന് നൂറും നൂറ്റമ്പതുമാണ് ഈടാക്കുന്നത്. ഉപ്പിന് ക്ഷാമമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രി ഗൗതം ദേബ് പറഞ്ഞു. “ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വം ഇത്തരമൊരു അഭ്യൂഹം പരത്തുകയാണ്. ഇതിനെ തുടര്‍ന്നാണ് വില ഉയര്‍ന്നത്. എന്നാല്‍, വന്‍തോതില്‍ ഉപ്പ് സ്റ്റോക്കുണ്ടെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൃഷി, വാണിജ്യ മന്ത്രി അരൂപ് റോയിയും ഇതേ രീതിയിലാണ് പ്രതികരിച്ചത്.
കരിഞ്ചന്തയില്‍ ഉപ്പ് വിറ്റതിന് പാറ്റ്‌ന, ദര്‍ഭംഗ, ചമ്പാരനിലെ ബേട്ടയ്യ, ബരൗനി, ബേഗുസരായ്, ദനാപൂര്‍ ജില്ലകളില്‍ നിന്നാണ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയതായി സംസ്ഥാന ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ശ്യാം റസാഖ് പറഞ്ഞു. ഇത്തരം അഭ്യൂഹം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസാഫര്‍പൂര്‍, ദര്‍ഭംഗ, ബേഗുസരായ്, സീതാമഢി, ശഹര്‍ഷ, സമസ്തിപൂര്‍, മധുബാനി, ഷ്യോഹാര്‍ തുടങ്ങി ഒരു ഡസനോളം ജില്ലകളിലാണ് ഉപ്പ് വന്‍വിലയില്‍ വിറ്റഴിക്കപ്പെടുന്നത്.
മേഘാലയയില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. കിലോഗ്രാമിന് 300 രൂപ വരെ നല്‍കിയാണ് ഇവിടെ ജനങ്ങള്‍ ഉപ്പ് വാങ്ങുന്നത്. സംസ്ഥാനത്ത് യാതൊരു വിധ ഉപ്പ് ക്ഷാമവുമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മതിയായ ഉപ്പ് സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ ചെലവില്‍ അങ്ങാടികള്‍ തോറും ഉച്ചഭാഷിണി ഉപയോഗിച്ച് പരസ്യപ്പെടുത്തുന്നുണ്ട്. ഷില്ലോംഗില്‍ പലചരക്ക് കടകള്‍ക്ക് മുമ്പില്‍ വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. ഗുജറാത്തില്‍ നിന്ന് ഉപ്പ് വിതരണം കുറച്ചുവെന്നാണ് അഭ്യൂഹം.

Latest