വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം

Posted on: November 15, 2013 10:46 pm | Last updated: November 15, 2013 at 10:46 pm

ദുബൈ: വാഹനാപകടത്തില്‍ മരിച്ച മലയാളിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. കൊല്ലം, കുന്നത്തൂര്‍ താലൂക്കിലെ പുത്തനമ്പലം ഐവര്‍കാല വടക്ക്, പ്ലാവിളയില്‍ വീട് സത്യബാബുവിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിച്ചത്.
2012 ഏപ്രില്‍ മൂന്നിനു ദുബൈ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നിലുള്ള റോഡിന് കുറുകെ കടക്കവെയായിരുന്നു അപകടം. അവകാശികള്‍ എത്താത്തതിനെ തുടര്‍ന്ന് രണ്ടു മാസത്തോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു.
തുടര്‍ന്ന് ദുബൈ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌നേഹത്താഴ്‌വര പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു. 14 വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തിരുന്ന സത്യബാബുവിന് കുടുംബത്തിനു കാര്യമായി ഒന്നും നേടിക്കൊടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ബന്ധുക്കളുടെ സഹായത്താലാണു കഴിഞ്ഞിരുന്നത്. വിനോദ് വര്‍മ്മ, ഹോസ്‌നി അഡ്വക്കറ്റേഴ്‌സ് ആണ് കേസ് നടത്തി നഷ്ടപരിഹാരം നേടിക്കൊടുത്തത്.