ഷാര്‍ജയില്‍ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

Posted on: November 15, 2013 10:45 pm | Last updated: November 15, 2013 at 10:45 pm

ഷാര്‍ജ: എമിറേറ്റില്‍ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് അഞ്ച് ദിര്‍ഹം വീതമാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. എല്ലാ വിഭാഗത്തിലുമുള്ള സിലിണ്ടറുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. 63 ദിര്‍ഹമുണ്ടായിരുന്ന 11 കിലോ സിലിണ്ടറിനു 68 ആയും 130 ദിര്‍ഹമുണ്ടായിരുന്ന 22 കിലോ സിലിണ്ടറിനു 135 ആയും വര്‍ധിപ്പിച്ചു.

44 കിലോക്ക് 10 ദിര്‍ഹമാണ് കൂട്ടിയത്. 260 ആയിരുന്നു നിലവിലുള്ള വില. ഇപ്പോള്‍ 270 ആയി. റസ്റ്റോറന്റുകളിലും കഫ്‌ടേരിയകളിലുമാണ് 44 കിലോ സിലിണ്ടര്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവ വീടുകളിലും. കഴിഞ്ഞ ഏതാനും മാസത്തിനിടെ രണ്ടാം തവണയാണ് വില വര്‍ധനയെന്ന് ഷാര്‍ജയിലെ ഗ്യാസ് വിതരണക്കാര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 15 ദിര്‍ഹമിന്റെ വര്‍ധനവാണുണ്ടായതെന്നും അവര്‍ പറഞ്ഞു. വില വര്‍ധനവ് നഗരസഭ അംഗീകരിച്ചിട്ടുണ്ട്. പാചകവാതകത്തിന് വില കുറച്ചുവെന്ന പ്രചാരണത്തിനിടെയാണ് ഈ വര്‍ധനവ്.
അതേസമയം അഡ്‌നോക് സിലിണ്ടറുകള്‍ വില കുറച്ചതായി സൂചനയുണ്ട്. വില വര്‍ധനവ് സാധാരണക്കാരെയും ഗ്യാസ് വിതരണക്കാരെയും പ്രതിസന്ധിയിലാക്കി. പ്രതിമാസം പാചക വാതകത്തിനു തന്നെ നല്ലൊരു തുക മാറ്റിവെക്കേണ്ട അവസ്ഥയിലാണ്.