കാഴ്ചയില്ലാത്തവര്‍ക്ക് കേട്ട് പഠിക്കാം: പാഠപുസ്തകങ്ങള്‍ ഇനി സ്വതന്ത്ര ലൈസന്‍സില്‍

Posted on: November 15, 2013 10:21 pm | Last updated: November 15, 2013 at 10:21 pm

BLINDമലപ്പുറം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി സ്വതന്ത്ര ലൈസന്‍സില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് എസ് സി ഇ ആര്‍ ടി പുതുതായി പുറത്തിറക്കാനുദ്ദേശിക്കുന്ന പാഠപുസ്തകങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതുമൂലം ആര്‍ക്കും പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ കഴിയും. കൂടാതെ സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക എന്ന സവിശേഷതയും ഇതിനുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ 5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ് ഇപ്രകാരം തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ കുത്തക സോഫ്റ്റ്‌വെയറായ പേജ് മേക്കറിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. പുസ്തകത്തില്‍ മാറ്റം ഉണ്ടായാല്‍ അച്ചടി രണ്ട് മാസത്തോളം വൈകാനും കാഴ്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രെയില്‍ ലിപിയിലാക്കി എത്തിക്കാനും ഇതിനാല്‍ കാലതാമസം നേരിട്ടിരുന്നു. ഇതിനിടെയാണ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് സാങ്കേതിക വിദഗ്ധര്‍ പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂനിക്കോഡ് അധിഷ്ഠിതമായി മാറ്റാന്‍ ശിപാര്‍ശ ചെയ്തത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പുസ്തകങ്ങളോടൊപ്പം ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള പുസ്തകങ്ങള്‍ സമയം വൈകാതെ കാഴ്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനും സാധിക്കും. പുസ്തകത്തിലെ ഉള്ളടക്കം വായിച്ചുകേള്‍പ്പിക്കുന്നത് വഴി കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും. മൊബൈല്‍ ഫോണുകളില്‍ വായിക്കാനുതകുംവിധം മാറ്റാനും പദ്ധതിയുണ്ട്. പി ഡി എഫ് ഫയലും ലഭ്യമാക്കും. നേരത്തെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രൈനിംഗ് (എന്‍ സി ഇ ആര്‍ടി) പുറത്തിറക്കുന്ന പാഠപുസ്തകങ്ങള്‍ സ്വതന്ത്ര ലൈസന്‍സില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു.
വിക്കിപീഡിയ ഇന്ത്യാചാപ്റ്ററിന്റെ നിര്‍ദേശപ്രകാരം ശശി തരൂര്‍ എംപിയുടെ ഇടപെടലാണ് ഇതിലേക്ക് വഴിവെച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് എസ് സി ഇ ആര്‍ ടിയും ഇത്തരത്തില്‍ പാഠപുസ്തകങ്ങള്‍ സ്വതന്ത്ര ലൈസന്‍സില്‍ ലഭ്യമാക്കാനൊരുങ്ങുന്നത്. ഡോ. പി കെ തിലക് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും വിദഗ്ധ സമിതിയുടെ അംഗീകാരംകൂടി ലഭിക്കുന്നതോടെയാണ് ഇത് ലഭ്യമാകുക.