Connect with us

Kozhikode

ബാലവേലയിലേര്‍പ്പെട്ട അഞ്ച് കുട്ടികളെ ജുവൈനല്‍ ഹോമില്‍ എത്തിച്ചു

Published

|

Last Updated

താമരശ്ശേരി: ശിശുദിനത്തില്‍ ബാലവേലയിലേര്‍പ്പെട്ട അഞ്ച് കുട്ടികളെ മോചിപ്പിച്ച് ജുവൈനല്‍ ഹോമില്‍ എത്തിച്ചു. താമരശ്ശേരി ചുടലമുക്കിലെ അടക്കാ കളത്തില്‍ നിന്നാണ് ജുവൈനല്‍ ജസ്റ്റിസ് ജില്ലാ പ്രബേഷന്‍ ഓഫീസര്‍ ഷീബ മുംതാസിന്റെ നേതൃത്വത്തില്‍ കുട്ടികളെ മോചിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പ്രബേഷന്‍ ഓഫീസര്‍ പരിശോധനക്കെത്തിയത്.
അസാം സ്വദേശികളായ സ്ത്രീകളും പുരുഷന്‍മാരും ജോലിചെയ്യുന്ന ഇവിടെ കുട്ടികളാരും ഇല്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ അടച്ചിട്ട മുറിയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെയും അടക്കാകളത്തില്‍ ഒളിപ്പിച്ച ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. കുട്ടികളുടെ കൈ ജോലിചെയ്ത് മലിനമായ നിലയിലായിരുന്നു. പലരുടെ കൈകളില്‍ അടക്ക പൊളിക്കുന്നതിനിടെ മുറിവ് ഉണ്ടായതായും കണ്ടെത്തി. പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള അസാം സ്വദേശികളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച യാതൊരു വിവരവും സൂക്ഷിച്ചിരുന്നില്ല. അഞ്ച് കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി ബോധ്യപ്പെട്ടതായും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പ്രബേഷന്‍ ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു. കുട്ടികളെ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
ജുവൈനല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരവും ചൈല്‍ഡ് ലേബര്‍ ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. താമരശ്ശേരി സ്വദേശി മൂസക്കുട്ടി ഉടമസ്ഥയിലുള്ള സ്ഥലത്ത് കാരന്തൂര്‍ സ്വദേശി കോയയാണ് അടക്കാ കളം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.

Latest