Connect with us

Articles

കനക സിംഹാസനങ്ങളിലെ ശുനകന്മാരും ശുംഭന്മാരും

Published

|

Last Updated

എം എല്‍ എ മാരും എം പിമാരും രാഷ്ട്രത്തിന്റെ ചെലവില്‍ പ്രത്യേക പദവികള്‍ അനുഭവിക്കുന്ന പൗരന്മാരാണ് . ഇവരില്‍ പലരും മോഹിച്ചതെന്തും സ്വന്തമാക്കിയേ ജനസേവനം അവസാനിപ്പിച്ചിട്ടുള്ളൂ. ചിലര്‍ക്ക് കനകത്തിലാണ് കണ്ണെങ്കില്‍ ചിലര്‍ക്ക് കാമിനിമാരില്‍ ആണ്. അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എത്രയോ ലലനാമണികളാണ് സ്വന്തം ഭര്‍ത്താക്കന്മാരെ പിന്നില്‍ നിറുത്തിക്കൊണ്ടുതന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ കറങ്ങിനടക്കുന്നത്.
അവരില്‍ ഒരാളാണ് പ്രശസ്ത നടി ശ്വേതാ മേനോനെന്നു പീതാംബര കുറുപ്പ് തെറ്റിദ്ധരിച്ചതുപോലെയുണ്ട് . നവംബര്‍ ഒന്നിന്റെ കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിമത്സരത്തിന്റെ ഉദ്ഘാടന വേദി. ഒരു പടുകൂറ്റന്‍ രാഷ്ട്രീയ മേള തന്നെ ആയിരുന്നു അത്. ഈ നേതൃമന്യന്മാരുടെ ശരീരഭാരം താങ്ങാന്‍ മാത്രം കെല്‍പ്പുള്ള വേദി സജ്ജമാക്കുക എന്നത് സംഘാടകര്‍ക്കു വല്ലാത്ത ഒരു തലവേദന തന്നെ ആയിരിക്കണം. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് വേദിയില്‍ ഒരു പ്രൈവറ്റ് ബസ്സിലെ യാത്രക്കാരുടെ അതേ ഉന്തലും തള്ളലും ഉണ്ടായിരുന്നു എന്നാണ്. നടി ശ്വേതാ മേനോന്റെ ഒപ്പം മുട്ടി നില്‍ക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കാതെ വെറും എം പി മാത്രമായ പീതാംബര കുറുപ്പ് കൈവശപ്പെടുത്തിയത് തീരെ മോശമായി പോയി. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തുടങ്ങി തട്ടലും മുട്ടലും പിന്നെ ശ്വാസംമുട്ടലും പൃഷ്ഠപ്രദേശത്തെ ലക്ഷ്യമാക്കിയുള്ള ഹസ്ത സഞ്ചാരവും ഒക്കെ കൂടി ആയപ്പോള്‍ കാര്യം അത്ര പന്തിയല്ലെന്ന് നടിക്കു തോന്നി. കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഒരേ ഒരു മുഖമുദ്രയായി ഇന്നവശേഷിക്കുന്ന ത്രിവര്‍ണ ഖദര്‍ ഷാള്‍ കഴുത്തില്‍ ഒരു വിഷസര്‍പ്പം പോലെ തൂങ്ങിക്കിടക്കുന്നതു കൂടി കണ്ടപ്പോള്‍ ശ്വേതാമേനോന്റെ സാക്ഷ്യപ്പെടുത്തലൊന്നും കൂടാതെ തന്നെ പ്രേക്ഷകര്‍ക്ക് ആളെ തിരിച്ചറിയുന്നത് വളരെ എളുപ്പമായി. അവര്‍ ഓരോരുത്തരും ഉള്ളില്‍ പറഞ്ഞു: ഓടണ്ട അമ്മാവാ ആളറിയാം.
ഈ സിനിമാക്കാരും രാഷ്ട്രീയക്കാരും തമ്മില്‍ എന്തെന്നാരും ചോദിക്കരുത്. നമ്മുടെ സമൂഹത്തെ ഇന്ന് കാണുന്ന തരത്തില്‍ വഴി പിഴപ്പിച്ചതില്‍ ഇരുകൂട്ടര്‍ക്കും ഏറെക്കുറെ തുല്യ പങ്കാണുള്ളത്. തെരുവോരങ്ങളില്‍ സിനിമാ താരങ്ങളാണ് ആദ്യം ഫഌക്‌സ് ബോര്‍ഡുകളായി അവതരിച്ചത്. രണ്ട് മുഖ്യനടന്മാര്‍ ചേരി തിരിഞ്ഞു ഫാന്‍സ് അസോസിയേഷന്‍സ് സംഘടിപ്പിച്ചതോടെ സകല നാല്‍ക്കവലകളിലും ഈ ജനപ്രിയ നായകന്മാരുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ രാഷ്ട്രീയക്കാര്‍ ഇവരെ മാതൃകയാക്കി. ഉമ്മന്‍ ചാണ്ടിമുതല്‍ അടൂര്‍ പ്രകാശ് വരെയുള്ള സകലമാന ഖദര്‍ധാരികളും കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള സകലമാന തെരുവോരങ്ങളിലും ഫഌക്‌സ് പ്രതിമകളായി ജനങ്ങളെ അനുഗ്രഹിച്ചുകൊണ്ട് കൈ ഉയര്‍ത്തിനിന്നു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് മുമ്പില്‍ ഒരു പുതിയ ഫഌക്‌സ് ബോര്‍ഡ് കണ്ടു. മധ്യത്തില്‍ ഗുരുവായൂര്‍ കേശവന്‍ എന്ന കൊമ്പനാനയും ഇരുവശങ്ങളിലുമായി ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേശ്കുമാറും. ഇങ്ങനെ പോയാല്‍ ഭാവിയില്‍ ഇന്ദിരാ, സോണിയാ, രാഹുല്‍ തുടങ്ങിയ നേതാക്കളോടൊപ്പം ഇന്ന് ഫഌക്‌സ് ബോര്‍ഡുകളില്‍ കാണുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഹൈബി ഈഡന്റെയും ഒക്കെ ഇരുവശങ്ങളിലുമായി ഗീവര്‍ഗീസ് സഹദായും പരുമല തിരുമേനിയും ഗുരുവായൂരപ്പനും സെബാസ്റ്റ്യനോസ് പുണ്യവാളനും അല്‍ഫോന്‍സാമ്മയും ഒക്കെ ചിത്രീകരിക്കപ്പെട്ടുവെന്ന് വരും.
ഈ പുണ്യവാളന്മാരേക്കാളൊക്കെ ജനപ്രീതി സിനിമാ താരങ്ങള്‍ക്കാണെന്ന് കരുതുന്നതു കൊണ്ടായിരിക്കുമല്ലോ രാഷ്ട്രീയക്കാര്‍ സിനിമയിലേക്കും സിനിമാക്കാര്‍ രാഷ്ട്രീയത്തിലേക്കും ഓരോ പാലങ്ങള്‍ പണിതിട്ടുള്ളത്. രണ്ട് കൂട്ടരും വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരേ ഒരു വിദ്യ അഭിനയം മാത്രം ആയതിനാല്‍ ആസ്വാദകര്‍ മടുത്തുതുടങ്ങിയ നടീനടന്മാര്‍ക്ക് ഭാവിയില്‍ രാഷ്ട്രീയത്തിലേക്കും ചേക്കേറുന്നതിനുള്ള സുവര്‍ണ സാധ്യതകളാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തുറന്നിട്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയം മാത്രമല്ല നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പോലും ഈ വഴിക്കേറെ മുന്നേറിക്കഴിഞ്ഞു. പിന്നെ കേരളം മാത്രം എന്തിനറച്ചുനില്‍ക്കണം?
തനിക്കുണ്ടായ അസുഖകരമായ അനുഭവം വേദിയിലുണ്ടായിരുന്ന ജില്ലാ കലക്ടറോട് തുറന്നു പറയുകയും കലക്ടര്‍ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു എന്നാണ് വാര്‍ത്ത. പെട്ടെന്ന് വേദി വിട്ടുപോയ അവരും ഭര്‍ത്താവും മാധ്യമങ്ങളോടും “അമ്മ”യെന്ന താരസംഘടനയോടും അവരുടെ അമര്‍ഷം അറിയിക്കുകയുമുണ്ടായി. ശ്വേതാ മേനോനോടൊപ്പം നിന്നു താന്‍ നടത്തിയ മണ്ടന്‍ അഭിനയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ അഥവാ മാപ്പ് പറയാന്‍ മനസ്സില്ലെങ്കില്‍ പരസ്യമായി ഖേദപ്രകടനം എങ്കിലും നടത്തിയാല്‍ ഈ എപ്പിസോഡിന്റെ തുടര്‍ന്നുള്ള ഷൂട്ടിംഗിന് താന്‍ കട്ട് കട്ട് പറഞ്ഞുകൊള്ളാം എന്നും അതിന്റെ പ്രതിഫലം ഭാവിയില്‍ പണമായോ പദവിയായോ കൈപ്പറ്റിക്കൊള്ളാം എന്നും ഉറപ്പ് നല്‍കി ചിലരൊക്കെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തന്നെ സമീപിച്ചു. സംഗതി ക്ലിക്കാകുമെന്ന് കരുതി. നവംബര്‍ രണ്ടിന് രാത്രി തന്നെ അവര്‍ ശ്വേതാ മേനോന്റെ ഫഌറ്റില്‍ എത്തി. ശ്വേതക്ക് പ്രതിഫലമായി എന്തൊക്കെയാണ് ഈ സന്ധി സംഭാഷണ കരാര്‍ അവരുടെ സഞ്ചികളില്‍ കരുതിയിരുന്നതെന്നതിനെക്കുറിച്ച് തര്‍ക്കമുണ്ട്. അടുത്ത ദേശീയ അവാര്‍ഡ്, രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യല്‍, പത്മഭൂഷണ്‍, പത്മശ്രീ ഇങ്ങനെ പലതും. ഇതിലെതെങ്കിലും ഒന്നും സ്വീകരിച്ച് പരാതി പിന്‍വലിച്ചുകൊണ്ട് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് കാണാന്‍ ടി വി തുറന്നു വെച്ചുകാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് ഏറെ വൈകി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശ്വേതാ മേനോനും ഭര്‍ത്താവും പരാതിയില്‍ ഉറച്ചു നില്‍ക്കുകയും നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച എന്ന ഒരു ദിവസം ഉണ്ടെങ്കില്‍ അന്ന് മുഖ്യമന്ത്രിയെക്കണ്ട് പരാതി എഴുതിക്കൊടുക്കുമെന്നും മറ്റും കടുപ്പിച്ചു പറഞ്ഞുകളയുകയും ചെയ്തു. ശ്വേതാ മേനോന്‍ മുഖ്യ നടിയും പീതാംബരകുറുപ്പ് മുഖ്യ നായകകഥാപാത്രവുമായ ഈ ആധുനികോത്തര സിനിമ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിറഞ്ഞ ഗൃഹസദസ്സുകളില്‍ (ഹോം തിയേറ്ററുകളില്‍) ഓടിക്കാമെന്ന് സര്‍വ ചാനല്‍ കാര്യദര്‍ശികളും മനഃപായസം ഉണ്ടു.
അതിനിടക്കാണ് കേന്ദ്രം പാസ്സാക്കിയ സ്ത്രീ സംരക്ഷണം നിയമത്തിന്റെ നൂലാമാലകളും അതിന്റെ മറവില്‍ ഡി വൈ എഫ് ഐ നല്‍കിയ പരാതിയും ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി പീതാംബരക്കുറുപ്പിനെതിരെ കേസ്സെടുക്കലും പോലീസ് കഥാനായികയെ നേരില്‍ കണ്ടു മൊഴിയെടുക്കുന്നതുമെല്ലാം. കൊല്ലം കലക്ടറെ വിളിച്ചു ഐഷാപോറ്റി എം എല്‍ എ പരാതി ബോധിപ്പിക്കുന്നു. നടപടിയുണ്ടായില്ലെങ്കില്‍ കലക്ടറുടെ കസേര തെറിപ്പിക്കുക മാത്രമല്ല ചിലപ്പോള്‍ പെന്‍ഷന്‍ തന്നെ നിഷേധിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. കലക്ടര്‍ തനിക്ക് പറ്റിയ തെറ്റ് എല്ലാം ഏറ്റുപറഞ്ഞ ഉടന്‍ നടപടിക്കുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സംഗതി ജോര്‍! പ്രീണനത്തിനും പ്രലോഭനങ്ങള്‍ക്കും നടി വഴങ്ങുന്നില്ലെങ്കില്‍ ഭീഷണി പരിശോധിക്കാം എന്നായി കൊല്ലത്തെ കോണ്‍ഗ്രസ് യുവതുര്‍ക്കികള്‍. കെ മുരളീധരന്‍, പത്മജാ വേണുഗോപാല്‍, ശോഭനാ ജോര്‍ജ് തുടങ്ങിയ രാഷ്ട്രീയ സദാചാരത്തിന്റെ മാത്രമല്ല ലൈംഗിക സദാചാരത്തിന്റെയും കാവല്‍ മാലാഖമാരെ ക്യാമറക്കു മുന്നില്‍ കൊണ്ടുവന്നു കുറുപ്പിന്റെ സ്വഭാവമഹിമക്കു സാക്ഷി പറയിച്ചു. മഹാത്മാ ഗാന്ധിക്കു ശേഷം കോണ്‍ഗ്രസ് കണ്ട ഏറ്റവും വലിയ ബ്രഹ്മചാരി എന്ന ബഹുമതിയും മിസ്റ്റര്‍ കുറുപ്പിന് ലഭിച്ചു. രാഷ്ട്രീയത്തിലെ മാത്രമല്ല യോഗാഭ്യാസത്തിലേയും പതിനെട്ടടവും പഠിച്ചവനെന്നും വേണ്ടിവന്നാല്‍ വലതുകാലിന്റെ തള്ളവിരലുകൊണ്ട് ഇടതു ചെവി ചൊറിയാന്‍ മാത്രമുള്ള മെയ് വഴക്കം തനിക്കുണ്ടെന്നും പീതാംബര കുറുപ്പിനെ കൊണ്ട് പറയിച്ചു. പരാതിയുടെ പേരില്‍ കോണ്‍ഗ്രസ് കുടുംബം ഒന്നാകെ ഇളകി. പരാതിക്കാരി സ്ത്രീയുടെ ജാതകവും പൂര്‍വകാല ചരിത്രവും അഴിച്ചിട്ടു പരിശോധിച്ചു. ഇതൊക്കെ കേട്ടാല്‍ ശ്വേതാ മേനോനല്ല സാക്ഷാല്‍ ശോഭനാ ജോര്‍ജ് പോലും മേലില്‍ ആര്‍ക്കെതിരെയും ഇനി ഇത്തരം പരാതികളൊന്നും ഉന്നയിക്കാന്‍ ധൈര്യപ്പെടുകയില്ല. പെണ്ണെവിടെയെങ്കിലും ആക്രമിക്കപ്പെട്ടാല്‍ അതവളുടെ കൈയിലിരിപ്പിന്റെ ഫലമാണ്! “പാവം പുരുഷന്‍” അവനവകാശപ്പെട്ടതാണ് സ്ത്രീയുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും! ബുദ്ധിമാന്മാരായ ടി വി അവതാരകര്‍ ഈ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഉള്ളിലിരിപ്പ് തോണ്ടിയെടുത്തു പുറത്തിട്ട് ജനങ്ങളെ കാണിച്ചു. അതാണ് പറയുന്നത്; ഈ വിവാദങ്ങള്‍ നല്ലതാണ് അത് ചില പാഠങ്ങളൊക്കെ അവശേഷിപ്പിച്ചേ കെട്ടടങ്ങാറുള്ളൂ. താഴെ പറയുന്ന മഹത്‌വചനങ്ങള്‍ ശ്രദ്ധിക്കുക.
സ്വന്തം പ്രസവം നാട്ടുകാരെ കാണിച്ച ശ്വേതാ മേനോന്‍ കുലധര്‍മം ലംഘിച്ചിരിക്കുന്നു. അവരാക്രമിക്കപ്പെട്ടാലും ഇരയായി കണക്കാക്കാനാകില്ല-” കെ മുരളീധരന്‍. ശ്വേതാ മേനോന്‍ കാമസൂത്രയുടെ പരസ്യത്തിന് പര മോഡലായി അഭിനയിച്ചവളാണ്. ഏത് സിനിമയിലും ഏത് റോളിലും അഭിനയിക്കാന്‍ സമര്‍ഥയാണ്. അവര്‍ പീതാംബരക്കുറുപ്പിനെ ബ്ലാക്‌മെയില്‍ ചെയ്യുകയാണ്. പാവം കുറുപ്പ് ചേട്ടനെ വിട്ടിട്ട് മറ്റാരെയെങ്കിലും പിടിക്കുന്നതാണവര്‍ക്ക് നല്ലത്-പ്രതാപവര്‍മ്മ തമ്പാന്‍ എം എല്‍ എ. കുറുപ്പുചേട്ടന്‍ പരസ്യമായി മാപ്പ് പറയാന്‍ വന്ന അതേ വേദിയിലാണ് ഡി സി സി അധ്യക്ഷന്റെ ഈ പരസ്യപ്രസ്താവന. ഇതു കണ്ടപ്പോഴേ മാപ്പിന്റെ ആത്മാര്‍ഥത ശ്വേതാ മേനോനു മാത്രമല്ല സകല മാലോകര്‍ക്കും മനസ്സിലായി. തൊട്ടുപിന്നാലെ ഇതാ വരുന്നു കൊല്ലത്തെ കോണ്‍ഗ്രസുകാരുടെ വക കോലം കത്തിക്കല്‍ കലാപരിപാടി. ഇതെല്ലാം കണ്ടപ്പോള്‍ ശ്വേതാ മേനോനും ഭര്‍ത്താവും മാത്രമല്ല സിനിമയിലെ സകല നായകവേഷങ്ങളും ഒരേപോലെ ഞെട്ടി.
ഇവിടുത്തെ പ്രായമായ പുരുഷന്മാരില്‍ നല്ല പങ്കും ഒട്ടേറെ ലൈംഗിക വൈകൃതങ്ങളുടെ അടിമകളാണ്. പിതൃസഹജമായ വാത്സല്യം, സഹോദരീഭാവം ഇതെല്ലാം ശുദ്ധതട്ടിപ്പുകളുടെ മുഖംമൂടികളാണ്. അടിമനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന സെക്ഷ്വല്‍ പെര്‍വേര്‍ഷന്‍ പുറത്തേക്ക് പ്രസരിച്ചിട്ട് അത് പിതൃസഹജം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്ന കിഴവന്മാരുടെ എണ്ണം നമ്മുടെ പൊതു ജീവിതത്തിന്റെ എല്ലാ രംഗത്തും വര്‍ധിച്ചുവരികയാണ്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി അതാണാകട്ടെ, പെണ്ണാകട്ടെ അവരുടെ അന്യോന്യ ബന്ധത്തില്‍ മറ്റേ ആളിന്റെ വ്യക്തിത്വത്തെ മാനിക്കാതെ അയാളെ/അവളെ കേവലം വസ്തുവത്കരിക്കുന്നതായി അനുഭവപ്പെടുമ്പോഴാണ് അവന്‍/അവള്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലിലേക്കു നയിക്കപ്പെടുന്നത്. ഇത്തരം തോന്നലിലേക്കാണ് ശ്വേതാ മേനോന്‍ എത്തിയത്. ഇതൊക്കെ ആത്മാഭിമാനമുള്ള സ്ത്രീപുരുഷന്മാരുടെ കാര്യം. ആത്മാഭിമാനം അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്തവര്‍ക്ക് ബഹുമാനവും അപമാനവും ഒക്കെ തുല്യമാണ്. അത്തരക്കാര്‍ ജീവിതമാകുന്ന ഈ സര്‍ക്കസ് കൂടാരത്തിലെ ശുദ്ധ കോമാളികളാണ്. അവര്‍ എത്ര ശ്രമിച്ചാലും ഈ കോമാളികളെ ന്യായീകരിക്കുന്നവര്‍ അതിലും വലിയ കോമാളികളാണ്.

Latest