Connect with us

Malappuram

ആത്മീയ കൂട്ടായ്മയോടെ മഅ്ദിന്‍ മുഹര്‍റം സംഗമം സമാപിച്ചു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം ആത്മീയ സംഗമത്തിന് പ്രാര്‍ത്ഥനാ ശുദ്ധിയില്‍ സമാപനം. ഒരു പകല്‍ മുഴുവന്‍ നീണ്ട പ്രാര്‍ത്ഥനകളിലും ഇലാഹീ സ്തുതികളിലും സംബന്ധിച്ച പതിനായിരത്തിലധികം പേര്‍ ഒരുമയുടെ ഉത്തമ മാതൃകകളായി ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചാണ് തിരിച്ചു പോയത്.
മുഹര്‍റം പത്തിന്റെ വിശുദ്ധ ദിനത്തില്‍ ലോകജനതയുടെ ഐശ്വര്യത്തിനും രക്ഷക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന, പാപമോചനത്തിനായുള്ള തേട്ടം, മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.
തിരിച്ചടികളില്‍ തളരാതെ, നിരാശകളില്‍ നിന്നും മടുപ്പില്‍ നിന്നും മാറി പുതിയ ജീവിതത്തിനായുള്ള പ്രതിജ്ഞ പുതുക്കേണ്ട വേളയാണ് ഊ അവസരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ 10ന് തുടങ്ങിയ പരിപാടിയില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും പരിസരവും നിറഞ്ഞു കവിഞ്ഞു. ആയിരങ്ങളാണ് പരിപാടിയില്‍ സംബന്ധിക്കാനെത്തിയത്. സ്ത്രീകള്‍ക്ക് വേണ്ടി രാവിലെ ഒമ്പത് മുതല്‍ പ്രത്യേക മുഹര്‍റം പരിപാടികളും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചിരുന്നു. മഅ്ദിന്‍ വെബ്ഹബ് വഴിയും മറ്റു നിരവധി ഓണ്‍ലൈന്‍ ചാനലുകളും പരിപാടിയുടെ തത്സമയ സംപ്രേക്ഷണം നടത്തിയിരുന്നു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുയ്യാടി, പി ടി മുഹമ്മദ് മുസ്‌ലിയാര്‍ ആക്കോട്, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.

 

Latest