കണ്ണൂര്‍ കൊട്ടിയൂരില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Posted on: November 14, 2013 11:22 pm | Last updated: November 15, 2013 at 8:34 am

police

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനേയും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥര്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി വന്നവരാണെന്ന ധാരണയാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുന്നതിന് കാരണമായത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഏത് ശ്രമങ്ങളും തടയണമെന്ന് നാട്ടുകാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇന്ന് സ്ഥലത്തെത്തിയ വനം പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണ് ശേഖരിച്ചത് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

രൂക്ഷമായ കല്ലേറാണ് പോലീസിന് നേരെയുണ്ടായത്. നിരവധി പോലീസ് വാഹനങ്ങള്‍ നാട്ടുകാര്‍ തകര്‍ത്തു. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.