മിന്നല്‍ ഹര്‍ത്താല്‍ ജനങ്ങളെ ദുരിതത്തിലാക്കി

Posted on: November 13, 2013 8:32 am | Last updated: November 13, 2013 at 8:32 am

പാലക്കാട്: ബിജെപി-ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ ജനത്തെ ദുരിതത്തിലാക്കി.
നഗരസഭക്ക് മുമ്പില്‍ ധര്‍ണ നടത്തിയ ബി ജെ പി-ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. കല്‍പ്പാത്തിപ്പുഴയിലെ വട്ടമല പുഴനടുക്കിന്‍ മുരുകക്ഷേത്രത്തിന്റെ പേരില്‍ നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്തിവെക്കാന്‍ നഗരസഭ ഉത്തരവിട്ടതിനെതിരെയായിരുന്നു ബി ജെ പി-ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം.
കല്‍പാത്തി പുഴയിലെ അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ ്ഡി പി ഐയും ഹിന്ദു ഐക്യവേദിയും നഗരസഭയിലേക്ക് ചൊവ്വാഴ്ച ഒരേ സമയം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. രാവിലെ നഗരസഭ ഉപരോധിക്കാനെത്തിയ സംഘപരിവാര്‍ സംഘടനകളുടെ 1200 ഓളം വരുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു.
കെ സുധീര്‍, സി കൃഷ്ണകുമാര്‍, എന്‍ ശിവരാജന്‍, സി മധു, പി സ്മിതേഷ്, കെ സുധാകരന്‍, ബാലചന്ദ്രന്‍, സി ബാബു, സി മുരളി, രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. നേതാക്കളെ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതോടെ ഹര്‍ത്താലിന്റെ മറവില്‍ ബി ജെ പി-ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ വ്യാപക ആക്രമം അഴിച്ചു വിട്ടു. ഹോട്ടലുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി. മേലാമുറിയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് ബി ജെ പി-ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ നഗരസഭയില്‍ ഉപരോധം തീര്‍ത്തത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതില്‍ പ്രതിക്ഷേധിച്ചെന്ന പേരിലാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ അര്‍ത്താലാഹ്വാനം നടന്നത്. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ആക്രമം അഴിച്ചു വിടുകയായിരുന്നു. ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. വ്യാപാരികള്‍ കടകള്‍ അടച്ചു. സംഘര്‍ഷം ഭയന്ന് സ്‌കൂളുകളിലേക്ക് പോയ കുട്ടികള്‍ തിരികെ വീട്ടിലേക്ക് മടങ്ങി.
സ്‌കൂള്‍ വിട്ടിറങ്ങിയ കുട്ടികള്‍ വാഹനം കിട്ടാതെ വലഞ്ഞു. പലരെയും രക്ഷിതാക്കളെത്തിയാണ് വീട്ടിലെത്തിച്ചത്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ജോലിസ്ഥലങ്ങളില്‍ എത്താനായില്ല. മലമ്പുഴയിലേക്ക് വിനോദയാത്രക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തേക്ക് വന്നവരും അപ്രഖ്യാപിത ഹര്‍ത്താലില്‍ വലഞ്ഞു. സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയെങ്കിലും കെ എസ് ആര്‍ സി സര്‍വീസ് നടത്തിയത് ചെറിയൊരു ആശ്വാസമായി.
ഹിന്ദുഐക്യവേദി നഗരസഭാ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച അതേ ദിവസം തന്നെ എസ് ഡി പി ഐയും നഗരസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും ഇരു വിഭാഗങ്ങളുടെ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നിട്ടും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. എസ് ഡി പി ഐ പ്രവര്‍ത്തകരും ടൗണ്‍ നഗരസഭാ സ്റ്റാന്‍ഡ് ്‌കേന്ദ്രീകരിച്ച് പ്രകടനത്തിന് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദലി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒറ്റപ്പാലം: മിന്നല്‍ ഹര്‍ത്താല്‍ ജനത്തെ വലച്ചു. രാവിലെ 10 മണിയോടെ തന്നെ ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടകമ്പോളങ്ങളടപ്പിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. നഗരത്തില്‍ സംസ്ഥാനപാത ഉപരോധിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാലിന്റെ യും മണ്ഡലം ജനറല്‍ സെക്രട്ടറി ശങ്കരന്‍കുട്ടിയൂടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ ഉപരോധം നടന്നത്. പിന്നീട് ബൈക്കുകളിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. പോലീസിന്റെ കണ്‍മുമ്പിലായിരുന്നു പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
മണ്ണാര്‍ക്കാട്: എം ഇ എസ് കല്ലടി കോളജില്‍ കാലികറ്റ് സര്‍വ്വകലാ ശാലയുടെ അവസാന വര്‍ഷ ബിരുദ പരീക്ഷക്ക് ദുരെ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് ബസുകള്‍ കിട്ടാതെ വലഞ്ഞു.
കരിമ്പ, തച്ചമ്പാറ, കല്ലടിക്കോട്, മണ്ണാര്‍ക്കാട്-കോടതിപ്പടി, ടിപ്പു സുല്‍ത്താന്‍ റോഡ് എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബേങ്കുകളും വ്യാപാര സ്ഥാപനങ്ങളും സമരാനുകൂലികള്‍ അടപ്പിച്ചു. ഹോട്ടലുകള്‍ അടപ്പിച്ചത് കാരണം ഭക്ഷണം പോലും യാത്രക്കാര്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമായി അലനല്ലൂരില്‍ സമരാനുകൂലികരുടെ വാക്ക് മാനിച്ച് കടകള്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കടയിലേക്ക് കല്ലേറുണ്ടായി.
അലനല്ലൂരിലെ സിനിമാ ടാക്കീസിനു മുമ്പിലുളള ടി വി റിപ്പയര്‍ കടയുടെ ഗ്ലാസുകള്‍ തകര്‍ത്തു.തുടര്‍ന്ന് വ്യാപാരികള്‍ ടൗണില്‍ പ്രകടനം നടത്തി.പിന്നീട് മിക്ക കടകളും തുറന്ന് പ്രവര്‍ത്തിച്ചു.
വൈകീട്ട് അലനല്ലൂരില്‍ ബി ജെ പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനത്തിന് നേരെയുണ്ടായ കല്ലേറ് സംഘര്‍ഷാവസ്ഥക്ക്‌യിടയാക്കി. ഇന്ന് അലനല്ലൂരില്‍ വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ചെര്‍പ്പുളശേരിയിലും വൈകീട്ട് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് എത്തിയാണ് സ്ഥിതികള്‍ നിയന്ത്രിച്ചത്.