സച്ചിന്റെ അവസാന ടെസ്റ്റ് നാളെ

Posted on: November 13, 2013 8:05 am | Last updated: November 14, 2013 at 1:38 pm

sachin_350_110212044409മുംബൈ: വാംഖഡെയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി നേടണമെന്ന പ്രാര്‍ഥനയാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഈഡനില്‍ പത്ത് റണ്‍സെടുത്ത് വിവാദ ഔട്ടില്‍ പവലിയനിലേക്ക് മടങ്ങിയ സച്ചിന്റെ ചിത്രം വാംഖഡെയില്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ബദ്ധ ബുദ്ധിയും ഇവര്‍ക്കുണ്ട്. അമ്പയര്‍മാര്‍ ജാഗ്രതൈ ! വാംഖഡെയില്‍ അബദ്ധം പിണഞ്ഞാല്‍ കാണികള്‍ ഗ്രൗണ്ട് തന്നെ കൈയ്യേറിയേക്കാം.
23 ടെസ്റ്റുകള്‍ കളിച്ചതിന് ശേഷമാണ് സച്ചിന്‍ തന്റെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ആദ്യ രാജ്യാന്തര ടെസ്റ്റിന് ഇറങ്ങിയത്. 1993 ല്‍ ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു ഇത്. തൊട്ടു മുമ്പ്, ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 165 റണ്‍സടിച്ച് സച്ചിന്‍ ഫോമിലേക്കുയര്‍ന്നതിനാല്‍ വാംഖഡെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പദവിയിലേക്ക് ഉയര്‍ന്നു വരുന്ന യുവതാരത്തിലേക്ക് ഉറ്റുനോക്കി.
എന്നാല്‍, ശ്രദ്ധ പിടിച്ചു പറ്റിയത് സ്‌കൂള്‍ ടീമിലെ സഹതാരം വിനോദ് കാംബ്ലിയായിരുന്നു. 224 റണ്‍സാണ് കാംബ്ലി നേടിയത്. 78 റണ്‍സെടുത്ത സച്ചിന്‍ കാംബ്ലിക്കൊപ്പം 194 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെന്ന് മാത്രം.
സ്‌കൂള്‍ ക്രിക്കറ്റില്‍ കാംബ്ലി-സച്ചിന്‍ റെക്കോര്‍ഡ് കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ട് നക്ഷത്ര താരങ്ങളെ ലഭിക്കുന്ന കാഴ്ച. പക്ഷേ. കാലം കാംബ്ലിക്ക് കാത്തുവെച്ചത് മിന്നല്‍പ്രഭയില്‍ നിന്നുള്ള പതനമായിരുന്നു. സച്ചിന്‍ കഠിനാധ്വാനത്തിലൂടെ പ്രശസ്തിയുടെ പടവുകള്‍ ചവിട്ടി.
1994 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ സച്ചിന്‍ വാംഖഡെയിലിറങ്ങി. അന്ന് ശ്രദ്ധാകേന്ദ്രം അനില്‍ കുംബ്ലെ, രാജേഷ് ചൗഹാന്‍, വെങ്കടപതി രാജു എന്നീ സ്പിന്‍ ത്രയങ്ങളായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സച്ചിന്‍ മൂന്ന് മണിക്കൂറോളം പ്രയ്‌നതിച്ചു. പത്ത് ഫോറും ഒരു സിക്‌സറുമുള്‍പ്പടെ 85. സഞ്ജയ് മഞ്ജരേക്കര്‍ക്കൊപ്പം ആറാം വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്തു. മത്സരം ഇന്ത്യ 96 റണ്‍സിന് ജയിച്ചു. വാംഖഡെയില്‍ സച്ചിന്റെ ഏക ടെസ്റ്റ് സെഞ്ച്വറി 1997 ഡിസംബറില്‍ ശ്രീലങ്കക്കെതിരെയാണ്. അമ്പത്തെട്ടാം ടെസ്റ്റില്‍ നാലായിരം റണ്‍സിന്റെ നാഴികക്കല്ലും സച്ചിന്‍ താണ്ടി.
പുതിയ നൂറ്റാണ്ടിന്റെ തുടക്കം സച്ചിന്‍ മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. 2000 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വാംഖഡെയില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, ജാക്വിസ് കാലിസ്, ലാന്‍സ് ക്ലൂസ്‌നര്‍ എന്നീ തീപാറും പേസര്‍മാരുമായി വന്ന ദക്ഷിണാഫ്രിക്ക വസീം ജാഫര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരെ പെട്ടെന്ന് തിരിച്ചയച്ചു.
സച്ചിന്‍ ഏകനായി പൊരുതേണ്ട അവസ്ഥ. എട്ട് റണ്‍സെടുത്ത സച്ചിന്‍ കാലിസിന്റെ പന്തില്‍ എഡ്ജ് ആയതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് 113ന് അവസാനിച്ചു. മത്സരം ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ടു.2001 ഫെബ്രുവരിയിലും സച്ചിന്‍ വാംഖഡെയില്‍ ഇറങ്ങി. സ്റ്റീവ് വോയുടെ ലോകം കുലുക്കികളായ ഓസീസ് പടക്കെതിരെ. ഒന്നാമിന്നിംഗ്‌സില്‍ 75ഉം രണ്ടാമിന്നിംഗ്‌സില്‍ 65ഉം റണ്‍സെടുത്ത സച്ചിന്‍ ഏകനായി പൊരുതി. ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു. 2004 ല്‍ ആസ്‌ത്രേലിയയെ വാംഖഡെയില്‍ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും പിച്ചിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു പ്രധാന കാരണം.
2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരമാകും സച്ചിന് വാംഖഡെയിലെ കറുത്ത ഓര്‍മ. ചാപ്പല്‍-ഗാംഗുലി-ദ്രാവിഡ് നാടകീയത ടീമിനുള്ളില്‍ അരങ്ങേറുന്ന കാലം. ഷോണിന്റെ പന്തില്‍ ഇയാന്‍ ബെല്ലിന് എഡ്ജായി സച്ചിന്‍ പുറത്തായപ്പോള്‍ ഹോംഗ്രൗണ്ടില്‍ നിന്ന് കൂവല്‍ ഉയര്‍ന്നു. കരിയറിലൊരിക്കലും സച്ചിന്‍ ഇതുപോലൊരു അവഹേളനം സഹിക്കേണ്ടി വന്നിട്ടില്ല. 21 പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്തായിരുന്നു സച്ചിന്റെ പുറത്താകല്‍.
2011ല്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ 94 റണ്‍സിന് പുറത്തായത് വാംഖഡെയില്‍. രവി രാംപോളിനായിരുന്നു വിക്കറ്റ്. സച്ചിന്റെ തന്റെ നൂറാം സെഞ്ച്വറിക്കരികിലായിരുന്നു.
നാട്ടുകാര്‍ക്ക് മുന്നില്‍ റെക്കോര്‍ഡിലെത്താന്‍ പക്ഷേ സച്ചിന് സാധിച്ചില്ല. വാംഖഡെയിലെ അവസാന ടെസ്റ്റ് സച്ചിന് ദുരന്തമായിരുന്നു.
ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പേനസറിന് മുന്നില്‍ രണ്ടിന്നിംഗ്‌സിലും വിക്കറ്റ് നഷ്ടപ്പെടുത്തിയ സച്ചിന് എട്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സച്ചിന്റെ കാലം കഴിഞ്ഞുവെന്ന ചര്‍ച്ചക്ക് തുടക്കും കുറിച്ചത് ഈ ടെസ്റ്റ് ആയിരുന്നു.
2011 ലോകകപ്പ് കിരീടം സച്ചിന്‍ ഉയര്‍ത്തിയത് വാംഖഡെയിലാണെന്നത് മധുരതരം.
കരിയറിലെ അവസാന വേദിയാകുന്ന വാംഖഡെ സച്ചിന് സമ്മിശ്ര അനുഭവമാണ് നല്‍കിയത്. ഒരു പക്ഷേ, ഏറെ മധുരതരമായത് സംഭവിക്കാനിരിക്കുകയാകാം.