Connect with us

Kannur

ട്രെയിനിലെ കവര്‍ച്ച പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

തലശ്ശേരി: ധന്‍ബാദ് എക്‌സ്പ്രസിലെ യാത്രക്കിടയില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷാജി മോനെയും ഭാര്യയെയും മയക്കു മരുന്ന് കലര്‍ത്തിയ ഫ്രൂട്ടി കുടിപ്പിച്ച് കവര്‍ച്ച ചെയ്ത സംഭവത്തിലെ മുഖ്യ പ്രതി പോലീസ് വലയില്‍ നിന്നും രക്ഷപ്പെട്ടു. തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ഷൊര്‍ണൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് പോലീസിനെ വെട്ടിച്ച് മുങ്ങിയത്. യുവാവിന്റെ കാമുകിയും കവര്‍ച്ചാക്കേസിലെ കൂട്ടുപ്രതിയുമായ കുടക് മടിക്കേരിയിലെ താഹിറ (25)യെ റെയില്‍വേ പോലീസ് സേലത്തേക്ക് കൊണ്ടുപോയി. ഇവരെ പരാതിക്കാര്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ തലശ്ശേരിയില്‍ വില്‍പ്പന നടത്തിയ സ്വര്‍ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മെയിന്‍ റോഡിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെടുത്തത്. കഴിഞ്ഞ മാസം 26 നാണ് ദമ്പതികള്‍ ധന്‍ബാദ് എക്‌സ്പ്രസില്‍ കൊള്ളയടിക്കപ്പെട്ടത്. ചെന്നൈയില്‍ നിന്ന് തിരിച്ചു വരുന്നതിനിടയില്‍ പരിചയപ്പെട്ട താഹിറയും കാമുകനും ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് വിശ്വസിപ്പിച്ചത്. സേലത്ത് എത്തുന്നതിനിടയില്‍ ബ്രെയ്‌സ്‌ലറ്റ് ഉള്‍പ്പടെ 52 ഗ്രാം ആഭരണങ്ങള്‍ താഹിറയും കൂട്ടാളിയും കവര്‍ന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയില്‍ കാണപ്പെട്ട ഷാജുമോനെയും ഭാര്യയെയും റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.