Connect with us

Kozhikode

തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും മുമ്പേ സീറ്റിനെചൊല്ലി അവകാശത്തര്‍ക്കം

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്കായി മുന്നണികള്‍ സീറ്റ് കണ്ടെത്തേണ്ടി വരും. ചെറിയ പാര്‍ട്ടികളെ പിണക്കാതെ എങ്ങനെ കൂടെ നിര്‍ത്താമെന്നാണ് മുന്നണിയെ നയിക്കുന്ന സി പി എമ്മും കോണ്‍ഗ്രസും ആലോചിക്കുന്നത്. കോണ്‍ഗ്രസിനും സി പി എമ്മിനും ലോക്‌സഭയില്‍ തങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുകയും ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുകയും വേണം എന്ന അവസ്ഥയാണ്. ഇത് എങ്ങനെ സാധ്യമാക്കാമെന്ന ആലോചനയിലാണ് ഇരു ക്യാമ്പുകളും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ മുസ്‌ലിം ലീഗും കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും മറ്റ് 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമാണ് മത്സരിച്ചത്.

എല്‍ ഡി എഫില്‍ തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ സി പി ഐയും പൊന്നാനിയില്‍ സി പി എം സ്വതന്ത്രനും മറ്റ് 15 മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ഥികളുമായിരുന്നു രംഗത്തുണ്ടായിരുന്നത്.
ഇത്തവണ യു ഡി എഫില്‍ മാണി കോണ്‍ഗ്രസ് കോട്ടയത്തിന് പുറമെ ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇടുക്കി സീറ്റ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ലീഗ് പൊന്നാനി, മലപ്പുറം എന്നിവക്ക് പുറമെ മറ്റൊരു സീറ്റു കൂടി ആവശ്യപ്പെടുന്നുണ്ട്. വയനാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. യു ഡി എഫിലെ പുതിയ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയും മുന്നണി നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞു.
വയനാട്, വടകര മണ്ഡലങ്ങളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ എല്‍ ഡി എഫില്‍ ജനതാദളിന് കോഴിക്കോട് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി പിളര്‍ത്തി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫിലെത്തിയത്. ഇത്തവണ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നല്‍കേണ്ട ബാധ്യത കൂടി യു ഡി എഫ് നേതൃത്വത്തിനുണ്ട്.
എല്‍ ഡി എഫില്‍ സീറ്റ് വേണമെന്ന ആവശ്യവുമായി ജനതാദള്‍ സമീപിച്ചിട്ടുണ്ട്. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. നേരത്തെ ദള്‍ മത്സരിച്ചിരുന്ന കോഴിക്കോട് സി പി എം പിടിച്ചെടുത്തതായിരുന്നു പാര്‍ട്ടിയിലെ പിളര്‍പ്പിന് കാരണം.
പ്രകോപനമുണ്ടായിട്ടും എല്‍ ഡി എഫിനൊപ്പം നിന്ന വിഭാഗത്തെ തൃപ്തിപ്പെടുത്തേണ്ടത് സി പി എമ്മിന്റെയും ആവശ്യമാണ്. എന്‍ സി പിയും ഇത്തവണ ഒരു സീറ്റ് വേണമെന്ന അവശ്യവുയി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ആര്‍ എസ് പിക്കും സീറ്റ് മോഹമുണ്ട്. സി പി ഐ നിലവില്‍ മത്സരിക്കുന്ന സീറ്റുകള്‍ക്ക് പുറമെ മറ്റൊന്ന് കൂടി വേണമെന്നോ വയനാടിന് പകരം കൂടുതല്‍ ജയസാധ്യതയുള്ള സീറ്റ് വേണമെന്നോ ആവശ്യപ്പെടാനാണ് ധാരണ.
തിരഞ്ഞെടുപ്പില്‍ മുന്നണിയെ കെട്ടുറപ്പോടെ നിലനിര്‍ത്തണമെങ്കില്‍ ഘടകകക്ഷികളെ പ്രീതിപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്നതിനാല്‍ മുന്നണി നേതൃത്വങ്ങള്‍ക്ക് സീറ്റ് കണ്ടെത്തല്‍ വലിയ തലവേദനയായേക്കും. ഘടകകക്ഷികള്‍ക്കായി സീറ്റ് കണ്ടെത്തുന്നതോടെ പ്രാദേശികമായുണ്ടാകുന്ന പൊരുത്തക്കേടുകളും മുന്നണികള്‍ക്ക് പ്രശ്‌നങ്ങളായേക്കും.

 

Latest