ആണവ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങള്‍: ജവാദ് ള്വരീഫ്

Posted on: November 13, 2013 12:11 am | Last updated: November 13, 2013 at 12:11 am

ടെഹ്‌റാന്‍: ജനീവയില്‍ നടന്ന ആണവ ചര്‍ച്ച പരാജയപ്പെട്ടതിന് കാരണം പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫ്. സുപ്രധാന നിമിഷം ഇറാന്‍ പിന്‍മാറിയതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ അവകാശവാദം ള്വരീഫ് തള്ളി. ഇറാന്‍ നിലപാടില്‍ ഒരു നൂലിഴപോലും വ്യതിചലിച്ചിട്ടില്ല. ജനീവയിലെ സംഭവവികാസങ്ങള്‍ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ളതാണ്. യു എസ് മുന്നോട്ട് വെച്ച കരാര്‍ തകര്‍ത്തത് ഫ്രാന്‍സ് ആണെന്നും അദ്ദേഹം പറഞ്ഞു. ആണവ ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ലോകശക്തികള്‍ ഇറാനുമായി ഈ മാസം 20ന് വീണ്ടും ചര്‍ച്ച നടത്തും.