വിവാഹ വാഗ്ദാനം നല്‍കി പീഡനം; ജാമ്യാപേക്ഷ തള്ളി

Posted on: November 12, 2013 11:46 am | Last updated: November 12, 2013 at 11:46 am

മഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയും വിശ്വാസ വഞ്ചന കാട്ടുകയും ചെയ്തുവെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.
ഊര്‍ങ്ങാട്ടിരി തച്ചണ്ണ കാരാട്ടുചാലില്‍ നൗഷാദിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ തള്ളിയത്. 2009 മാര്‍ച്ച് മുതല്‍ ജൂലൈ മൂന്ന് വരെ പലപ്പോഴായി പീഡിപ്പിക്കുകയും പ്രതി വേറെ വിവാഹം ചെയ്യുകയും കേസായതോടെ ഒളിവില്‍ പോവുകയും ചെയ്തുവെന്ന അയല്‍കാരിയുടെ പരാതില്‍ അരീക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഒക്‌ടോബര്‍ 29ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കേസന്വേഷിച്ചുവരുന്നു.
മഞ്ചേരി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. നിലമ്പൂര്‍ പൂക്കോട്ടുംപാടം ഉപ്പുവള്ളി പറയറ്റ മുഹമ്മദ് ഷാഫി(19)യുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് ജഡ്ജി തള്ളിയത്. പോത്തുകല്ല് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും കോടാലിപൊയില്‍ സ്വദേശിനിയുമായ പതിനാലുകാരിയെ 2013 ഒക്‌ടോബര്‍ 17ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പെരിന്തല്‍മണ്ണ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ലോഡ്ജ് മുറികളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മൊബൈല്‍ ഫോണിലൂടെയാണ് ഇവരുടെ പരിചയം. ബാംഗ്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് 2013 ഒക്‌ടോബര്‍ 22ന് പോത്തുകല്ല് പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.