സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത: തിരഞ്ഞെടുപ്പെത്തും മുമ്പേ തോറ്റെന്നും ഇല്ലെന്നും കോണ്‍ഗ്രസ്

Posted on: November 12, 2013 12:47 am | Last updated: November 11, 2013 at 11:48 pm

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ച മട്ടാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഇന്നലെ നടത്തിയ പ്രസ്താവന തന്നെയാണ് ഇതിന് തെളിവ്. ഈ മാസം 25ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബുധ്‌നി, വിദിഷ മണ്ഡലങ്ങളില്‍ നിന്ന് ശിവരാജ് സിംഗിനെ നേരിടാന്‍ പാര്‍ട്ടി നിര്‍ത്തിയത് ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണെന്നാണ് ദിഗ്‌വിജയ് സിംഗ് തുറന്നടിച്ചത്. ശിവരാജ് സിംഗിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനായിരുന്നു പാര്‍ട്ടി നേരത്തേ ആലോചിച്ചത്. എന്നാല്‍ ആസൂത്രണം ശരിയായ വഴിയില്‍ നീങ്ങാത്തതിനാല്‍ അക്കാര്യങ്ങള്‍ പ്രാവര്‍ത്തികമായില്ലെന്ന് ദിഗ്‌വിജയ് സിംഗ് വെളിപ്പെടുത്തി.
ബുധ്‌നിയില്‍ താരതമ്യേന പുതുമുഖമായ ഡോ. മഹേന്ദ്ര സിംഗ് ചൗഹാനെയാണ് മുഖ്യമന്ത്രിയെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. വിദിഷയില്‍ ശശാങ്ക് ഭാര്‍ഗവയാണ് എതിരാളി. ഭാര്‍ഗവയും തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണ്. അദ്ദേഹം സംഘടനാ രംഗത്ത് മുതിര്‍ന്ന നേതാവും നല്ല സംഘാടകനുമാണ്. പക്ഷേ, സ്ഥാനാര്‍ഥി എന്ന നിലയില്‍ തിളങ്ങാനാകില്ലെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവായ അജയ് സിംഗുമായി അടുത്ത ബന്ധമുള്ളയാളാണ് മഹേന്ദ്ര സിംഗ്. ഈ ബന്ധം മാത്രമാണ് ടിക്കറ്റ് കിട്ടാന്‍ അദ്ദേഹത്തെ തുണച്ചത്. മുഖ്യമന്ത്രി രണ്ട് സീറ്റുകളില്‍ മത്സരിച്ചത് ബി ജെ പിയിലെ വടംവലിയുടെ ഭാഗമാണെന്ന് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. തന്റെ ഭാര്യ സാധനാ സിംഗിന് ചൗഹാന്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വം ഇതിന് വഴങ്ങാത്തതുകൊണ്ടാണ് രണ്ടാമത്തെ സീറ്റില്‍ അദ്ദേഹം പത്രിക കൊടുത്തത്. തിരഞ്ഞെടുപ്പിന് ശേഷം ഒരു സീറ്റ് ഒഴിഞ്ഞുകിടക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി.
ഇതിന് കടകവിരുദ്ധമായ അഭിപ്രായപ്രകടനമാണ് അജയ് സിംഗ് നടത്തുന്നത്. ബുധ്‌നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ ഡോ. മഹേന്ദ്ര സിംഗ് ശക്തനായ സ്ഥാനാര്‍ഥിയയതു കൊണ്ടാണ് ചൗഹാന്‍ രണ്ടാമൊതൊരിടത്തു കൂടി ഭാഗ്യം പരീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ലഭ്യമായതില്‍ വെച്ച് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ് മഹേന്ദ്ര സിംഗ് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മഹേന്ദ്ര സിംഗിന് ജനങ്ങളുമായി അടുത്ത ബന്ധമുണ്ട്. ധൈര്യമുണ്ടെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്‌നിയില്‍ മാത്രം മത്സരിക്കട്ടെയെന്നും അജയ് സിംഗ് വെല്ലുവിളിക്കുന്നു.
അതേസമയം, സ്വവര്‍ഗ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ധനമന്ത്രി രാഘവ്ജിയെ നിശ്ശബ്ദനാക്കാന്‍ വേണ്ടിയാണ് ശിവരാജ് സിംഗ് ചൗഹാനെ വിദിഷയില്‍ നിന്നു കൂടി മത്സരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സിദ്ധാന്തം ചില ബി ജെ പി നേതാക്കള്‍ ശരിവെക്കുന്നുമുണ്ട്. വിദിഷയില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എയാണ് രാഘവ്ജി. ആരോപണവിധേയനായ താന്‍ മത്സരിക്കുന്നില്ല, സീറ്റ് തന്റെ മകള്‍ക്ക് നല്‍കണമെന്നായിരുന്നു രാഘവ്ജിയുടെ ശാഠ്യം.
പക്ഷേ, ഇത് അംഗീകരിക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറായില്ല. വിമത പാളയത്തിലേക്ക് നീങ്ങാനിരുന്ന രാഘവ്ജി നിശ്ശബ്ദനാകാന്‍ നിര്‍ബന്ധിതനായത് ചൗഹാന്‍ അവിടെ പത്രിക കൊടുത്തതോടെയാണ്. ചൗഹാന്‍ ഇവിടെ ഒരു പുതിയ ആളല്ല. 1991 മുതല്‍ 2004വരെ അഞ്ച് തവണ വിദിഷയടങ്ങുന്ന ലോക്‌സഭാ മണ്ഡലത്തെ പാര്‍ലിമെന്റില്‍ പ്രതിനിധാനം ചെയ്തത് ശിവരാജ് സിംഗ് ചൗഹാന്‍ ആയിരുന്നു.