Connect with us

National

ഇന്ത്യന്‍ മുജാഹിദീന് വേണ്ടി ഹിന്ദു യുവാക്കളും

Published

|

Last Updated

പാറ്റ്‌ന: ഹിന്ദു യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്യുന്നുവെന്ന് എന്‍ ഐ എ.
കഴിഞ്ഞ മാസം 27 ന് പാറ്റ്‌നയിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാല് ഹിന്ദു യുവാക്കള്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐയില്‍ നിന്ന് പണം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഹിന്ദു യുവാക്കളെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നുണ്ടെന്ന് പറയുന്നത്.
പാറ്റ്‌ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാല് ഹിന്ദു യുവാക്കള്‍ അറസ്റ്റിലായത് ഗൗരവമുള്ള കാര്യമാണെന്നും ഇന്ത്യന്‍ മുജാഹിദീന്‍ ഹിന്ദു യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുകയായിരുന്നെന്നാണ് അനുമാനിക്കുന്നതെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും നൂറുകണക്കിന് എ ടി എം കാര്‍ഡുകളും ബേങ്ക് പാസ് ബുക്കുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പിടിയിലായ നാല് പേര്‍ പാക്കിസ്ഥാനിലുള്ളവരുമായി മൊബൈല്‍ ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള പണമിടപാടുകളെ കുറിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടത്രേ. അറസ്റ്റിലായവര്‍ 20-25 വയസ്സുള്ളവരാണ്. തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റമാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവര്‍ക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് എന്‍ ഐ എ കരുതുന്നത്.
ഇത്തരം സൂചനകള്‍ സ്ഥിരീകരിക്കുന്നതിനായി അറസ്റ്റിലായവരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സം സ്ഥാനങ്ങില്‍ റെയിഡ് നടത്തും. കഴിഞ്ഞ ഏതാനൂം ദിവസങ്ങളില്‍ ഇത്തരത്തില്‍ നിരവധി റെയ്ഡുകള്‍ ബീഹാറിലെ പല പ്രദേശങ്ങളിലും നടക്കുകയുണ്ടായി.
അതേസമയം, പാറ്റ്‌ന സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനക്കാണെന്ന് തീര്‍ത്ത് പറയുമ്പോഴും അറസ്റ്റിലായ ഹിന്ദു യുവാക്കളെ കുറിച്ച് അന്വേഷണ വിഭാഗം മൗനം പാലിക്കുന്നതിനെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

Latest