ലോക എയ്ഡ്‌സ് ദിനാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

Posted on: November 12, 2013 12:04 am | Last updated: November 11, 2013 at 11:04 pm

കാസര്‍കോട്: ലോക എയ്ഡസ്് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ നടന്ന ജില്ലാതല സംഘാടക സമിതി യോഗം തീരുമാനിച്ചു. ലക്ഷ്യത്തിലേക്ക് മുന്നേറാം, പുതിയ എച്ച് ഐ വി അണുബാധയില്ലാത്ത, വിവേചനം ഇല്ലാത്ത, എയ്ഡ്‌സ് മരണങ്ങള്‍ ഇല്ലാത്ത, നല്ല നാളേയ്ക്കായ് എന്നതാണ് ഡിസംബര്‍ ഒന്നിന് നടക്കുന്ന എയ്ഡ് ദിനാചരണത്തിന്റ സന്ദേശം.
ജില്ലയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നാളെ രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് ഗവ. നേഴ്‌സിംഗ് സ്‌ക്കൂളില്‍ പ്രബന്ധ, ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. കന്നഡ, മലയാളം ഭാഷകളിലാണ് ജില്ലാതല മത്സരം. പ്രബന്ധ, പെയിന്റിംഗ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന ടീമിനും കാഷ് അവാര്‍ഡ് നല്‍കും. ജില്ലാതലത്തില്‍ വിജയിക്കുന്നവരെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. കന്നഡയില്‍ ജില്ലാതലത്തില്‍ മാത്രമാണ് മത്സരം. ഈമാസം 30 ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ പൊതുജനങ്ങള്‍ക്ക് ക്യാന്‍വാസ് പെയിന്റിംഗ് സംഘടിപ്പിക്കും. വൈകീട്ട് കാഞ്ഞങ്ങാട് ടൗണില്‍ ജില്ലാതല റാലിയും കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ എയ്ഡ്‌സ് ബോധവതകരണ പ്രദര്‍ശനവും സംഘടിപ്പിക്കും. വൈകീട്ട് മെഴുകുതിരി കത്തിക്കല്‍ ചടങ്ങും നടത്തും.
ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് കാസര്‍കോട് പൊതു യോഗം സംഘടിപ്പിക്കും. റെഡ്‌റിബ്ബണ്‍ അണിയല്‍, പോസിറ്റീവ് സ്പീക്കിംഗ് എന്നിവയും സംഘടിപ്പിക്കും. യോഗത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, ജ്യോതിസ് കേന്ദ്രങ്ങള്‍, പി എസ് എച്ച് പ്രോജക്ടുകള്‍, ഹെല്‍പ് ഡെസ്‌ക്ക് എന്നിവയും സഹകരിക്കും.