Connect with us

Kerala

ബി പി എല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ബി പി എല്‍ പട്ടികയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വന്തമായി കാറുള്ളവര്‍ക്കും ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും ബി പി എല്‍ കാര്‍ഡ് നല്‍കില്ല. ജസ്റ്റിസ് വാധ്വാ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്ക് നല്‍കിയ മറുപടിയിലാണ് കേരളം ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. സ്വന്തമായി കാര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട് തുടങ്ങിയ സൗകര്യങ്ങളുള്ളവരെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബി പി എല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കളാകാന്‍ സാധിക്കില്ല. ഒരേക്കറിലധികം ഭൂമിയുള്ളവരെയും ആദായ നികുതി നല്‍കുന്നവരെയും ബി പി എല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യത്തെ പൊതുവിതരണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പി യു സി എല്ലിന്റെ പരാതിയെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ ജസ്റ്റിസ് വാധ്വാ കമ്മിറ്റിയെ നിയോഗിച്ചത്. റേഷന്‍ വിതരണത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്ക് എല്ലാ സംസ്ഥാനങ്ങളോടും മറുപടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേരളത്തിലെ ബി പി എല്‍ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ബി പി എല്‍ ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിവാകാന്‍ നിര്‍ദേശം നല്‍കി. ഈ അവസരം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ബി പി എല്‍ പട്ടികയില്‍ നിന്ന് അനര്‍ഹരെ പുറത്താക്കുന്നതിനൊപ്പം അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാനദണ്ഡത്തില്‍ മാറ്റം വരുത്തി നടപടികള്‍ കര്‍ശനമാക്കുന്നത്.