പെന്‍ഷന്‍ പ്രായം അറുപത് വയസ്സായി ഉയര്‍ത്തണം: പി പി തങ്കച്ചന്‍

Posted on: November 10, 2013 5:30 am | Last updated: November 10, 2013 at 8:49 am

thankachanകൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തണമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇക്കാര്യം താന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതാണെന്നും അന്ന് അത് ചെയ്തിരുന്നെങ്കില്‍ വലിയ പ്രതിഷേധം കൂടാതെ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്കച്ചന്‍.
90 കഴിഞ്ഞ നേതാക്കള്‍ രാഷ്ര്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ ഒരു അപാകതയുമില്ല. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം വലിയതോതില്‍ വര്‍ധിച്ചതിനാല്‍ 55 വയസ് ഇന്ന് ഒരാള്‍ ബുദ്ധിപരമായി വളര്‍ച്ച പ്രാപിക്കുന്ന ഘട്ടമാണ്. ഇത് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട പ്രായമല്ല. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമ്പോള്‍ ചില്ലറ എതിര്‍പ്പുകള്‍ ഉയരുമെങ്കിലും അതെല്ലാം പെട്ടെന്നുതന്നെ കെട്ടടങ്ങുമെന്നതാണ് അനുഭവം. 55ല്‍ നിന്ന് പെന്‍ഷന്‍ പ്രായം 56 ആക്കിയപ്പോള്‍ കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ല. താന്‍ കൃഷിമന്ത്രിയായിരിക്കുമ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലും മറ്റും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചിരുന്നെങ്കിലും അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ അടക്കമുളളവര്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഒരു വട്ടം വര്‍ധിപ്പിച്ച സ്ഥിതിക്ക് ഇനി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
സ്‌കൂള്‍ അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം ലെയ്‌സന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വന്നിട്ടുണ്ടെന്നും കണ്‍വീനര്‍ അറിയിച്ചു. സ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം ശമ്പളം നിശ്ചയിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കും. എന്നാല്‍ മുന്നണി സംവിധാനമായതിനാലും സര്‍ക്കാരിന് ഭൂരിപക്ഷം കുറവായതിനാലും ഘടകകക്ഷികളുടെ വകുപ്പുകളില്‍ തീരുമാനമെടുപ്പിക്കാന്‍ എത്രത്തോളം കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ട്. സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കുറവായതിനാല്‍ ഈ മേഖലയിലേക്ക് പുരുഷന്‍മാര്‍ കടന്നു വരാത്ത അവസ്ഥയാണ്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ സ്‌കൂള്‍ അധ്യാപകര്‍ മുഴുവന്‍ വനിതകളാകുന്ന സ്ഥിതിയുണ്ടാകും.
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ വിചാരണ കോടതിയുടെ വിധിയെ മാധ്യമങ്ങള്‍ പെരുപ്പിച്ചുകാട്ടുകയാണെന്നും കീഴ്‌കോടതിയുടെ വിധി മേല്‍കോടതിയില്‍ ചെല്ലുമ്പോള്‍ നിലനില്‍ക്കണമെന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. കേസിന്റെ മെറിറ്റ് പരിശോധിച്ച ശേഷമാണ് വിചാരണ കോടതി പിണറായി അടക്കമുള്ള പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിയതെങ്കിലും സാക്ഷി വിസ്താരമോ രേഖകളുടെ പരിശോധനയോ വാദം കേള്‍ക്കലോ ഒന്നും നടന്നിട്ടില്ല. അതുകൊണ്ടാണ് വിധിയില്‍ അസ്വാഭാവികതയുണ്ടെന്ന് പറയുന്നത്. പിണറായി എന്ന നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ഭയന്ന് കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ് ലാവ്‌ലിന്‍ കേസ് എന്ന നിലക്കാണ് മാധ്യമങ്ങളുടെ വ്യാഖ്യാനം വരുന്നത്.
എന്നാല്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവ്‌ലിന് സപ്ലൈ കരാര്‍ നല്‍കിയതും മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നേടിയെടുക്കുന്നതിന് അന്നത്തെ ഇടതുസര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മയടക്കമുള്ളവര്‍ ഒന്നും ചെയ്യാതിരുന്നതും സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്നത് വസ്തുതയായി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ജനാധിപത്യ വിരുദ്ധമായ സമരം പ്രതിപക്ഷം പിന്‍വലിക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. ഷാഹിദ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍, സതീശന്‍ പാച്ചേനി, വത്സലാ പ്രസന്നകുമാര്‍ സംസാരിച്ചു.