ഷാര്‍ജ പുസ്തകോത്സവത്തില്‍ വന്‍ തിരക്ക്‌

Posted on: November 9, 2013 9:47 pm | Last updated: November 9, 2013 at 9:47 pm

ഷാര്‍ജ: രാജ്യാന്തര പുസ്തകമേളയില്‍ ഇന്നലെ കനത്ത തിരക്ക് അനുഭവപ്പെട്ടു. ഇന്ത്യന്‍ പവലിയനിലാണ് കാല്‍ കുത്താന്‍ ഇടമില്ലാത്ത വിധം പുസ്തകാസ്വാദകര്‍ എത്തിയത്.
ഗള്‍ഫ് സിറാജ്, ഡി സി ബുക്‌സ്, കൈരളി, ചിന്ത തുടങ്ങിയ പവലിയനുകളിലേക്ക് ആയിരങ്ങളാണ് എത്തിയത്. ഇതിനിടയില്‍ നിരവധി മലയാള പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ നടന്നു.
പി പി ശശീന്ദ്രന്റെ കോന്നത്തുനാട്ടിലൂടെ എന്ന പുസ്തകം കെ എല്‍ മോഹന വര്‍മ, മോഹന്‍ കുമാറിന് നല്‍കി പ്രകാശനം ചെയ്തു. എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, പി കെ ലുത്ഫുദ്ദീന്‍, കെ എം അബ്ബാസ്, എ വി അനില്‍ കുമാര്‍ സംബന്ധിച്ചു. സുറാബിന്റെ നീ പോകുന്നിടം’ എന്ന പുസ്തകം എ പി അബ്ദുല്ലക്കുട്ടിക്ക് നല്‍കി ശാഹുല്‍ വളപ്പട്ടണം പ്രകാശനം ചെയ്തു. സാദിഖ് കാവില്‍, നൗഷാദ്, കെ എം അബ്ബാസ് സംബന്ധിച്ചു. സാബു കിളിത്തട്ടിലിന്റെ അഭിമുഖ സമാഹാരം വി കെ ശ്രീരാമന്‍ പ്രകാശനം ചെയ്തു. കാവാലം നാരായണപ്പണിക്കര്‍, ബശീര്‍ തിക്കോടി സംബന്ധിച്ചു. ശേഷം ശ്രേഷ്ഠ മലയാളം എന്ന പരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കാവാലം നാരായണപ്പണിക്കര്‍, വി കെ ശ്രീരാമന്‍, മോഹന്‍ കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ചെമ്മനം ചാക്കോ, കെ ജയകുമാര്‍ സംബന്ധിച്ചു.