കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി

Posted on: November 9, 2013 7:57 am | Last updated: November 9, 2013 at 7:57 am

പാലക്കാട്: കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി. ഇനിയുള്ള ദിനങ്ങള്‍ ദേവരഥ പ്രയാണങ്ങള്‍ക്ക് കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഇന്നലെ കാലത്ത് ആചാരവിധികളോടെ കല്‍പാത്തി അഗ്രഹാരങ്ങളിലെ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം,ചാത്തപ്പുരം മഹാ ഗണപതി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജകളോടെ രഥോത്സവത്തിന്റെ ധ്വജാരോഹണം നടന്നു.
ക്ഷേത്രങ്ങളില്‍ മുഖ്യ തന്ത്രികളുടെ കാര്‍മികത്വത്തില്‍ ദേവീ-ദേവന്മാരെ ഗ്രാമപ്രദക്ഷിണം വെച്ച ശേഷമായിരുന്നു കൊടിയേറ്റം.11 വരെ വൈകീട്ട് 7.30ന് പല്ലക്കില്‍ ഗ്രാമപ്രദിക്ഷണം ഉണ്ടാകും. രഥോത്സവത്തിന് കൊടി ഉയര്‍ന്നതോടെ സംഗീതോത്സവത്തിനും തിരിതെളിഞ്ഞു.സംഗീതോത്സവം മന്ത്രിഎപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗായത്രി വെങ്കിട്ട രാഘവന്റെ സംഗീതക്കച്ചേരിയും അരങ്ങേറി. മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നൃത്ത സംഗീതോത്സവത്തതിന് തുടക്കമായി. ചെന്നൈ വിജയലക്ഷ്മിയുടെ സംഗീതക്കച്ചേരി നടന്നു. ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പരിപാടികളും നടന്നു.
പഴയ കല്‍പ്പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ ആകാഷ് രാമകൃഷ്ണന്‍, അഭിഷേക്, ഹരിനാരായണന്‍, ബാലചന്ദ്രന്‍, നൊച്ചൂര്‍ ശ്രീനിവാസന്‍ എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ചമൃദംഗം ജുഗല്‍ബന്ദിയും തൃപ്പുണിത്തറ ഗിരിജനാരായണനും സംഘവും അവതരിപ്പിച്ച കര്‍ണാടക സംഗീതവും മനംകവര്‍ന്നു.