Connect with us

Malappuram

ആലങ്കോട് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിഞ്ഞെടുപ്പ് ഈമാസം 11ന് നടക്കാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു.
നേരത്തെ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടായിരുന്ന ടി വി സുലൈമാന് പുറമെ കുഞ്ഞു എന്ന അബ്ദുസലാമും രംഗത്ത് വന്നതാണ് തര്‍ക്കത്തിന് കാരണമായത്. ഇന്നലെ നടന്ന കോണ്‍ഗ്രസ് മെമ്പര്‍മാരുടെയും നേതാക്കളുടെയും യോഗത്തില്‍ ഇരുകൂട്ടരും പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി വാദിച്ചതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു. ഇതോടെ ആലങ്കോട് ഗ്രാമ പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് ലഭിച്ച പ്രസിഡന്റ് സ്ഥാനം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് രൂപവത്കരിച്ചത് മുതല്‍ അരനൂറ്റാണ്ട് കാലമായി മുസ്‌ലിം ലീഗാണ് പ്രസിഡന്റ് സ്ഥാനം കൈവശം വെച്ചിരുന്നത്.
യു ഡി എഫിലുണ്ടായ തര്‍ക്കത്തെതുടര്‍ന്നുണ്ടാക്കിയ നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ഒരു വര്‍ഷത്തേക്ക് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായത്. ഇതിനെ തുടര്‍ന്നാണ് നേരത്തെ പ്രസിഡന്റായിരുന്ന ഷാനവാസ് വട്ടത്തൂര്‍ രാജിവെച്ചത്. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പാണ് 11ന് നടക്കുന്നത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കമൊന്നുമില്ലെന്നും നാളെ നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
രണ്ടുദിവസം മുന്‍മ്പ് നടന്ന യോഗത്തിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ വ്യക്തിയെ കുറിച്ച് വിവരം നല്‍കാത്തതിനാല്‍ ചങ്ങരംകുളത്തെ മാതൃഭൂമി ലേഖകനെ ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

Latest