ജില്ലയില്‍ എന്‍ സി സി ബറ്റാലിയന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു: മന്ത്രി പി കെ ജയലക്ഷ്മി

Posted on: November 8, 2013 8:31 am | Last updated: November 8, 2013 at 8:31 am

കല്‍പറ്റ: വയനാട് ജില്ലയില്‍ എന്‍ സി സി ബറ്റാലിയന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി പട്ടികവര്‍ഗക്ഷേമ യുവജന കാര്യ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ മാനന്തവാടിയിലായിരിക്കും ബറ്റാലിയന്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതിനുളള അംഗീകാരം നല്‍കിയത്. ബറ്റാലിയന്റെ സ്ഥിരം ആസ്ഥാനത്തിനുളള സ്ഥലം ഉടന്‍ കണ്ടെത്തും. സ്ഥിരം സംവിധാനം ആകുന്നതു വരെ പ്രവര്‍ത്തിക്കുന്നതിനുളള താല്‍കാലിക ഓഫീസ് ജനുവരിയോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജയലക്ഷ്മി പത്രക്കുറിപ്പില്‍ അറിയിച്ചു. 3520 കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആസ്ഥാനത്ത് സൌകര്യം ഉണ്ടാകും. പട്ടാളത്തില്‍ നിന്ന് 11 ഉേദ്യാഗസ്ഥരും സംസ്ഥാന സര്‍വ്വീസില്‍നിന്ന് 22 ഉദ്യോഗസ്ഥരും ഉണ്ടാകും. എന്‍ സി സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ സി ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുളള സംഘം ഉടന്‍ വയനാട്ടിലെത്തി സ്ഥല സൗകര്യങ്ങള്‍ പരിശോധിക്കും.
രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമാണ് രാഷ്ട്രീയ കേഡറ്റ് കോര്‍ അഥവാ എന്‍ സി സി ഐക്യവും അച്ചടക്കവും എന്നതാണ് ആദര്‍ശവാക്യം. കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സേനാ വിഭാഗങ്ങളിലേയും പ്രാഥമിക പരിശീലനമാണ് എന്‍ സി സി ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലും കൂടാതെ സംസ്ഥാനത്തെ പോലീസ്, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, തുടങ്ങിയ യൂണിഫോം സര്‍വീസുകളില്‍ എ,ബി,സി സര്‍ട്ടിഫിക്കറ്റുകള്‍ ഉളളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. എന്‍ സി സി സ്‌കോളര്‍ഷിപ്പ് സ്‌കീം, വാര്‍ഷിക സഹാറ സ്‌കേളര്‍ഷിപ്പ് തുടങ്ങിയവയും വിവിധ പാരിതോഷികങ്ങളും നിലവിലുണ്ട്. ഇതു കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്നതിനാല്‍ പിന്നോക്കജില്ലയായ വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് വയനാട്ടില്‍ പുതിയ ബറ്റാലിയന്‍ ആരംഭിക്കുന്നത് ഏറെ ഗുണം ചെയ്യും. ജില്ലയുടെ സാമൂഹിക പുരോഗതിക്കുളള ഇടപെയല്‍ നടത്താനും പട്ടാള സാന്നിദ്ധ്യമുളളതിനാല്‍ മാവോയിസ്റ്റ് ഭീഷണി പോലുളളവ നേരിടാനും സാധിക്കും. മാനന്തവാടിയില്‍ ബറ്റാലിയന്‍ ആരംഭിക്കുന്നതോടെ നേരത്തേ അപേക്ഷ നല്‍കി കാത്തിരിക്കുന്ന 23 സ്‌കൂളുകളില്‍ കൂടി എന്‍ സി സി യൂണിറ്റ് ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി ജയലക്ഷ്മി അറിയിച്ചു.