ജനസമ്പര്‍ക്ക പരിപാടി: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Posted on: November 8, 2013 8:27 am | Last updated: November 8, 2013 at 8:27 am

പാലക്കാട്: ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി 10ന് രാവിലെ 10ന് നടത്തുന്ന ട്രയല്‍ റണ്ണില്‍ എല്ലാ വകുപ്പുമേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 10മണിക്ക് വകുപ്പുമേധാവികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
11 ന് നടക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നതായി വിവിധ വകുപ്പുദ്യോഗസ്ഥരുമായി സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കുള്ള പന്തല്‍ പണി പൂര്‍ത്തിയായിവരുന്നു. 15000 ചതുരശ്ര അടി വിസ്തൃതിയിലാണ് പന്തലൊരുക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്റെ ചുമതല. ജനസമ്പര്‍ക്കപരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് മുന്നിലുള്ള മൈതാനത്ത് വി ഐ പി കളുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ എസ് ആര്‍ ടി സി യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് തഹസില്‍ദാര്‍ക്കാണ് ഭക്ഷണത്തിന്റെ ചുമതല. ഇതിനുപുറമെ എക്‌സൈസ് വകുപ്പ് മിതമായ നിരക്കില്‍ ‘ഭക്ഷണം നല്‍കാമെന്നേറ്റിട്ടുണ്ട്. കൂടാതെ കുടുംബശ്രീയും ‘ഭക്ഷണശാലയൊരുക്കും. കുടിവെള്ള സംവിധാനമേര്‍പ്പെടുത്തിയിരിക്കുന്നത് പോലീസ് അസോസിയേഷനാണ്.— ക്രമസമാധാനപാലനത്തിനായി വിദ്യാര്‍ഥിപോലീസും എന്‍ സി സി യും റെഡ്‌ക്രോസും കര്‍മനിരതരാകും.
പോലീസില്‍ നിന്ന് 200 വോളണ്ടിയര്‍മാരും ഇവരുടെ സഹായത്തിനായുണ്ടാകും. 2000ത്തോളം പോലീസുകാരും ജാഗരൂകരായിരിക്കും. വിവിധ സംഘടനകള്‍ ഹെല്‍പ് ഡെസ്‌കിനായി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ട വൈദ്യസഹായമെത്തിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ആംബുലന്‍സും ഡോക്ടര്‍മാരുടെ സേവനവുമുള്‍പ്പെടെ രണ്ടു യൂണിറ്റ് മുഴുവന്‍ സമയവും സേവനനിരതരായിരിക്കും. ഓരോ വകുപ്പില്‍ നിന്നും ചുരുങ്ങിയത് രണ്ടുപേരെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.
നവംബര്‍ 11ന് രാവിലെ കുറച്ചുസമയത്തേക്ക് സ്റ്റേഡിയം ‘ഭാഗത്ത് ചെറിയ തോതില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും. ജനസമ്പര്‍ക്കപരിപാടിയിലേക്ക് ഇതുവരെ 18480 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 330 പേര്‍ക്കുള്ള ഇരിപ്പിടവും മറ്റു പരാതിക്കാര്‍ക്കുള്ള കാത്തിരിപ്പുമുറിയും മീഡിയസെല്ലുമെല്ലാം പന്തലിനകത്ത് സജ്ജമാണ്. ഒരു മണിയ്ക്കു ശേഷം പുതിയ പരാതികള്‍ മുഖ്യമന്ത്രി നേരിട്ടു സ്വീകരിക്കും.
വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരുമുള്‍പ്പെടെ റവന്യൂവകുപ്പില്‍ നിന്ന് 500ലേറെ ജീവനക്കാര്‍ പങ്കെടുക്കും. എം പി മാര്‍, എം എല്‍ എ മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.