വടകര തുറമുഖ പരിധിയിലെ കടവുകളില്‍ മണല്‍ വിതരണം പുനരാരംഭിക്കുന്നു

Posted on: November 8, 2013 7:24 am | Last updated: November 8, 2013 at 8:25 am

വടകര: വടകര തുറമുഖ പരിധിയിലെ കോട്ടക്കല്‍, കുട്ട്യാമി, കക്കട്ടി, കറുക കടവുകളില്‍ കഴിഞ്ഞ രണ്ടര മാസമായി നിലച്ച മണല്‍ വിതരണം പുനരാരംഭിക്കുന്നു. തുറമുഖ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മണല്‍ വിതരണം നടക്കുക.
നേരത്തെ മണല്‍ വിതരണം മണല്‍ തൊഴിലാളികളുടെ സൊസൈറ്റിയായ കക്കട്ടി പോര്‍ട്ട് ഡ്രഡ്ജിംഗ് കോ-ഓപ്പ് സൊസൈറ്റിക്കായിരുന്നു. എന്നാല്‍ മണല്‍ വാരല്‍ മാത്രമാണ് ഇപ്പോള്‍ സൊസൈറ്റിയുടെ ചുമതല. തുറമുഖത്തിന്റെ സൈറ്റിലേക്കാണ് ഇനി മുതല്‍ ബുക്കിംഗ് സ്വീകരിക്കുക. മണലിനായി ഓണ്‍ലൈനായി തുറമുഖത്തിന്റെ സൈറ്റിലേക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബ്രാഞ്ചുകളില്‍ 3699 രൂപ അടക്കുകയും വേണം.
ഇതിനായി കെട്ടിട നിര്‍മാണത്തിന്റെ പ്ലാന്‍, ഐ ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും ഹാജരാക്കണം. ബേങ്കില്‍ നിന്ന് ലഭിക്കുന്ന റസീറ്റും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ കോപ്പിയുമായി മണല്‍ ലഭിക്കുന്ന തീയതിയില്‍ മണല്‍ കടവിലെത്തിയാല്‍ മണല്‍ ലഭിക്കും. നേരത്തെ 2500 രൂപയായിരുന്നു മണലിന്റെ വില. 1200 രൂപയോളമാണ് ഇപ്പോള്‍ തുറമുഖവകുപ്പ് വര്‍ധിപ്പിച്ചത്. ഇതില്‍ 1725 സര്‍ക്കാറിലേക്കാണ്. ബാക്കിവരുന്ന തുക മണല്‍വാരല്‍ തൊഴിലാളികള്‍ക്കും തോണി വാടക, സൊസൈറ്റി വിഹിതം, ലോഡിംഗ് ചാര്‍ജ് എന്നിവയായും ലഭിക്കും.
അക്ഷയ മുഖേന ആഗസ്ത് 15, 16, 17 തീയതികളില്‍ മണല്‍ബുക്ക് ചെയ്ത പാസ് ലഭിച്ചവര്‍ നാളെയും ആഗസ്റ്റ്, 19, 20 തീയതികളില്‍ ബുക്ക് ചെയ്തവര്‍ ഈ മാസം 11നും ഐഡന്റിറ്റി കാര്‍ഡും ടോക്കണും സഹിതം എടോടിയിലെ അക്ഷയ കേന്ദ്രത്തില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് മണല്‍വിലയായ 3699 രൂപ വടകര എസ് ബി ടിയില്‍ ഒടുക്കി പുതിയ പാസ് കൈപ്പറ്റേണ്ടതാണെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ആഗസ്റ്റ് 20ന് ശേഷം ബുക്ക് ചെയ്തവര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.