വൈദ്യുതി ബോര്‍ഡ് കമ്പനിയായാല്‍ എന്താണ് സംഭവിക്കുക?

Posted on: November 8, 2013 6:00 am | Last updated: November 7, 2013 at 10:36 pm

ആധുനിക സമൂഹത്തിന്റെ നിലനില്‍പ്പിന്റെയും വികാസത്തിന്റെയും അടിസ്ഥാന ഘടകങ്ങളില്‍ സുപ്രധാനമായ ഒന്നാണ് വൈദ്യുതി. പരിഷ്‌കൃത നാഗരികതയുടെ സമസ്ത ചലനങ്ങളുടെയും പിറകില്‍ ഇന്ന് വൈദ്യുതോര്‍ജമുണ്ട്. അടിസ്ഥാന പശ്ചാത്തലമെന്ന നിലയില്‍ വൈദ്യുതി ഏറ്റവും കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിച്ച് നിര്‍വിഘ്‌നം നാടിന്റെ എല്ലാ കോണുകളിലും എത്തിച്ചാല്‍ യഥാര്‍ഥ വികസനത്തിന്റെ പ്രതിഫലനം കാണാന്‍ കഴിയും. അതുകൊണ്ടാണ് വൈദ്യുതി രംഗത്തിന്റെ ആകമാന നിയന്ത്രണം പൊതുമേഖലയില്‍ ആയിരിക്കണം എന്ന നിര്‍ബന്ധം നമുക്കുള്ളത്. എന്നാല്‍ വൈദ്യുതി നയം 2003ന്റെ തുടര്‍ച്ചയായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു സമ്പൂര്‍ണ കമ്പനിയായി മാറുകയാണ്. അതിനുള്ള അന്തിമ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒന്നല്ല, മൂന്ന് കമ്പനികളായിരിക്കും ഇനി മുതല്‍ വൈദ്യുതി മേഖലയെ നിയന്ത്രിക്കുക. ഉത്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളെ വേര്‍പെടുത്തിക്കൊണ്ട് സ്വതന്ത്ര, സ്വയംഭരണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കമ്പനിവത്കരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഈ ലാഭകേന്ദ്രങ്ങള്‍ക്ക് വിഭവസമാഹരണം, മൂലധന നിക്ഷേപം, നിയമനം എന്നിവയെല്ലാം നടത്താനും അധികാരമുണ്ടായിരിക്കും. ഉത്പാദന ചെലവും 16 ശതമാനം ലാഭവും കൂടി ഉള്‍പ്പെടുന്ന ഒരു താരീഫ് ഓരോ ലാഭകേന്ദ്രത്തിനും സ്വയം നിര്‍ണയിക്കാം. വൈദ്യുതി ബോര്‍ഡിന്റെ സ്ഥാനത്ത് നയപരമായ കാര്യങ്ങളൊക്കെ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കൈകാര്യം ചെയ്യും. ‘വൈദ്യുതി നയം 2003’ വിഭാവനം ചെയ്യുന്നതുപോലെ, വൈദ്യുതി മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുകയും സേവനമേഖല എന്ന സങ്കല്‍പ്പ പരിധിയില്‍ നിന്നും അതിനെ എന്നെന്നേക്കുമായി ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. പക്ഷേ, ഇതിനകം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എന്ന സമാന്തര അധികാര സ്ഥാപനത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങള്‍, കെ എസ് ഇ ബി നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. പിന്നെന്തിന്, ആ കെ എസ് ഇ ബിയെത്തന്നെ പൊളിച്ചടുക്കാന്‍ സര്‍ക്കാര്‍ വൃഗ്രത കാട്ടുന്നു?
കാരണം ലളിതമാണ്. ഏകശിലാസ്വഭാവമുള്ള അഥവാ ഒരൊറ്റ ഘടനയുള്ള ബോര്‍ഡിന്റെ സ്ഥാനത്ത് ലാഭകേന്ദ്രങ്ങളുടെ തിരശ്ചീന ഘടകങ്ങള്‍ (ഹുതലഘടകങ്ങള്‍) രൂപവത്കരിക്കുന്നത് സ്വകാര്യ മൂലധനത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. ഉത്പാദനത്തിന്റെയും പ്രസരണത്തിന്റെയും വിതരണത്തിന്റെയും രംഗത്ത് മൂലധന നിക്ഷേപത്തിന്റെ സ്വതന്ത്രമായ അവസരങ്ങള്‍ സൃഷ്ടിക്കാനും പരമാവധി ലാഭം സ്വകാര്യ നിക്ഷേപകര്‍ക്ക് ഉറപ്പാക്കിക്കൊടുക്കാനും വേണ്ടിയാണ് ലാഭകേന്ദ്രങ്ങള്‍. വൈദ്യുതി രംഗത്ത് മുതല്‍മുടക്കുന്ന കമ്പനികള്‍ക്ക് ഉത്പാദന ചെലവും പതിനാറ് ശതമാനം ലാഭവും ചേര്‍ത്ത് വൈദ്യുതിക്ക് വില നല്‍കാമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. ഉത്പാദനച്ചെലവിനെ സംബന്ധിച്ചു കമ്പനികള്‍ കാണിക്കുന്ന കണക്കെന്താണോ അതാണ് അംഗീകരിക്കപ്പെടുക. കമ്പനികള്‍ അതി ഭീമമായ പ്രസരണ വിതരണ നഷ്ടത്തെക്കുറിച്ച് പറയുമെന്നതാണ് ഇതുവരെയുള്ള അനുഭവം. ഒഡീഷയിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. 40 ശതമാനം വിതരണ നഷ്ടം കാണിച്ചുകൊണ്ട്, ആ നഷ്ടം കൂടി നികത്താനായി ഭീമമായ തുക പ്രതിഫലമായി സര്‍ക്കാര്‍ നല്‍കണമെന്ന് സ്വകാര്യ കമ്പനികള്‍ ആവശ്യപ്പെട്ട ചരിത്രമുണ്ട്.
കമ്പനികള്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് തീവില നല്‍കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ അതി രൂക്ഷമായ പ്രതിസന്ധികളെയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഒഡീഷയിലെ അനുഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി കമ്പനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്ര വിനാശകരമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒഡീഷ സര്‍ക്കാര്‍ നിയോഗിച്ച സോവാന്‍ കനുഗോ കമ്മിറ്റി കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ താഴെപ്പറയുന്നു.
ഒന്ന്: പ്രസരണ-വിതരണ നഷടം 40-45 ശതമാനമാണ്, അതില്‍ മാറ്റമില്ല.
രണ്ട്: പ്രസരണ കമ്പനിയായ ഗ്രിഡ്‌കോയുടെ കട ഭാരം 820 കോടി രൂപയില്‍ നിന്ന് 3300 കോടി രൂപയായി വര്‍ധിച്ചു.
മൂന്ന്: ജലവൈദ്യുതോത്പാദന ചെലവ് രണ്ടിരട്ടിയായി വര്‍ധിച്ചു.
നാല്: വൈദ്യുതി നിരക്ക് പ്രതിവര്‍ഷം ശരാശരി 15 ശതമാനം കണ്ട് വര്‍ധിച്ചു. എന്നിട്ടും പ്രതിവര്‍ഷം 400 കോടി രൂപയോളം വൈദ്യുതി മേഖല റവന്യു നഷ്ടമുണ്ടാക്കുന്നു.
അഞ്ച്: സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിലോ പ്രസരണത്തിലോ ഗുണപരമായ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനും ചെറുകിട ജലവൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും വൈദ്യുതി ഉത്പാദന രംഗത്തെ പൂര്‍ണമായും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്നതാണിത് കാണിക്കുന്നത്. എന്നുമാത്രമല്ല, മറ്റ് ചരക്കുകളെപ്പോലെ ഉത്പാദിപ്പിച്ച്, സൂക്ഷിച്ച് വെച്ച്, പിന്നീട് വില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല വൈദ്യുതി. ഉത്പാദനവും പ്രസരണവും വിതരണവും ഒരേ സമയം നടക്കുന്നതിനാല്‍ ഈ പ്രക്രിയകളെ കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിയേണ്ടതാണ്. അവയെ പല തട്ടുകളായി വിഭജിച്ചാല്‍ ഉത്പാദന ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും അതിന്റെ ഭാരം മുഴുവന്‍ സാധാരണ ഉപഭോക്താക്കളുടെ തലയില്‍ വന്നുപതിക്കുകയും ചെയ്യും. കേരളത്തിലെ ഒരു കോടിയിലേറെ വരുന്ന ഉപഭോക്താക്കളുടെ, വിശേഷിച്ചും 87 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിത്തുക ഇനി മുതല്‍ കമ്പനികള്‍ക്കായിരിക്കും ലഭിക്കുക. ആ തുക തന്നെ ഓരോ വര്‍ഷവും വര്‍ധിപ്പിക്കേണ്ടിവരും. ദുരമൂത്ത കമ്പനി വക്താക്കള്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കള്ളക്കണക്കുകള്‍ ചമക്കുകയും ചെയ്യും.
വൈദ്യുതി ബോര്‍ഡ് ഇതിനകം സൃഷ്ടിച്ച പ്രതിസന്ധികളുടെ മൂലകാരണം സര്‍ക്കാറിന്റെ ഈ രംഗത്തുള്ള സ്വകാര്യവത്കരണ നയങ്ങള്‍ ആണെന്ന കാര്യം തിരിച്ചറിയുന്നവര്‍ക്ക്, കമ്പനി ഭരണം സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഊഹിക്കാവുന്നതാണ്. താരിഫ് റെഗുലേറ്ററി കമ്മീഷന്റെ നീക്കങ്ങള്‍ നടപ്പിലാക്കുന്ന ഏജന്‍സി മാത്രമായി സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് അധഃപതിക്കുന്നതും നാം കണ്ടു. ഒരു യൂനിറ്റിന് 12 രൂപ വരെ വിലയുള്ള താപവൈദ്യുതി വാങ്ങി ഭാരം വര്‍ധിപ്പിക്കുന്ന നടപടികള്‍ വരെ കേരളത്തിലുണ്ടായല്ലോ. അപ്പോള്‍ കമ്പനികള്‍ക്ക് കീഴില്‍ വൈദ്യുതി ചാര്‍ജ് എത്രയായി ഉയരും?
എന്തായാലും, വൈദ്യുതി ബോര്‍ഡിനെ ലാഭകേന്ദ്രങ്ങളാക്കാന്‍ ആദ്യം തീരുമാനിക്കുന്നത് എല്‍ ഡി എഫ് ഭരണകാലത്ത് പിണറായി വിജയനാണ്. പൊളിച്ചെഴുത്തിന്റെ ആരംഭം കുറിക്കുന്നത് അവിടം മുതലാണ്. അതിന്റെ തുടര്‍ച്ചയായാണ് യു ഡി എഫ് സര്‍ക്കാര്‍ കമ്പനിവത്കരണത്തിന്റെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിച്ചത്. പരിഷ്‌കാരങ്ങള്‍ മുന്നേറുമ്പോള്‍, ഇന്നത് വിപണിയില്‍ വിറ്റഴിച്ച് കൊള്ളലാഭം കൊയ്യാനുളള ചരക്കായി മാറിയിരിക്കുന്നു. എന്തും വിറ്റ് ലാഭമടിക്കാന്‍ ആര്‍ത്തിപെരുത്ത സ്വകാര്യ മൂലധന ശക്തികളുടെ കൈകളിലേക്ക് മനുഷ്യ വികസനത്തിന്റെ അസാധാരണമായ ഈ ജീവശക്തി ഏല്‍പ്പിച്ചു കൊടുക്കണമോ എന്ന സുപ്രധാന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. വൈദ്യുതി രംഗം സമ്പൂര്‍ണ ചരക്കായി മാറ്റപ്പെടുന്ന ഈ കാലത്ത് അതിനെതിരെ ശക്തമായി രംഗത്തു വരാന്‍ ബാധ്യതപ്പെട്ട കക്ഷികള്‍ എന്തെടുക്കുകയാണ് എന്ന ചോദ്യവും പ്രസക്തമാണ്.