രഞ്ജി: കേരളം-ആന്ധ്ര മത്സരം ഇന്നാരംഭിക്കും

Posted on: November 7, 2013 8:40 am | Last updated: November 7, 2013 at 5:48 pm

തലശ്ശേരി: ഇന്ന് രാവിലെ ഒമ്പതിന് കേരളവും ആന്ധ്രയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ തലശ്ശേരിയില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് തുടക്കമാവും. സ്‌പോട്ടിംഗ് വിക്കറ്റ് പിച്ചാണ് തലശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന പിച്ച് ഉച്ചയോടെ ബാറ്റിംഗിന് അനുകൂലമാവും. മത്സരത്തിന്റെ രണ്ടാം ദിവസം മുതല്‍ പിച്ച് സ്പിന്നിന് അനുകൂലമാവും. അതുകൊണ്ടു തന്നെ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യുന്നതാവും ഉത്തമമെന്ന് പിച്ച് വിലയിരുത്തിയ ക്യുറേറ്റര്‍ അഭിപ്രായപ്പെട്ടു.
സ്പിന്നിനെ തുണക്കുന്ന പിച്ചിലാണ് കേരളത്തിന്റെ പ്രതീക്ഷ. തലശ്ശേരി സ്വദേശി ഇടം കൈയന്‍ സ്പിന്നര്‍ സി പി ഷാഹിദിന്റെ ബൗളിംഗ് മികവ് കേരളത്തിന് കരുത്ത് പകരും. ഐ പി എല്‍ താരവും ക്യാപ്റ്റനുമായ സച്ചിന്‍ ബേബി, ഇന്ത്യന്‍ എ ടീമില്‍ മികച്ച പ്രകടനം നടത്തിയ വി എ ജഗദീഷ്, സന്‍ജു വി സാംസണ്‍, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, പി പ്രശാന്ത്, രോഹന്‍ പ്രേം എന്നിവരടങ്ങുന്ന മികച്ച താരനിരയാണ് കേരളത്തിന് വേണ്ടി ഇറങ്ങുന്നത്. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിനാ മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. കെ സി എ പ്രസിഡന്റ് ടി സി മാത്യു, സെക്രട്ടറി അനന്ത നാരായണന്‍, ട്രഷറര്‍ ടി ആര്‍ ബാലകൃഷ്ണന്‍, ഡി സി സി എ പ്രസിഡന്റ് ഡോ. എം കെ മധുസൂദനന്‍, സെക്രട്ടറി വി ബി ഇസ്ഹാഖ് സംബന്ധിക്കും.