പരപ്പനങ്ങാടി റെയില്‍വേ വികസനം; പിയൂഷ് അഗര്‍വാള്‍ സന്ദര്‍ശിച്ചു

Posted on: November 7, 2013 7:58 am | Last updated: November 7, 2013 at 7:58 am

പരപ്പനങ്ങാടി: ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ച പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമായി പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പിയൂഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഉന്നതസംഘം പരിശോധനക്കെത്തി. പൂട്ടിക്കിടക്കുന്ന വിശ്രമ മുറികള്‍ തുറന്നുകൊടുക്കാനും പുതുതായി പണികഴിപ്പിച്ച വി ഐ പി വിശ്രമ മുറികളുടെ സൗകര്യം യാത്രക്കാര്‍ക്ക് ഒരുക്കികൊടുക്കാനും ഇദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം മന്ത്രി അബ്ദുര്‍റബ്ബും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉന്നത തലസംഘത്തിന്റെ സന്ദര്‍ശനം. രണ്ട് ഫഌറ്റ്‌ഫോമുകളിലും മേല്‍കൂര നിര്‍മിക്കാനും ഫഌറ്റ്‌ഫോറങ്ങളെ ബന്ധിപ്പിച്ച് ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ആരംഭിക്കാനും ഉടന്‍ നടപടി സ്വീകരിക്കുമെന്നും സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റുന്നതിനും സ്റ്റേഷന് പിറകിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാര്‍ തീര്‍ത്ത് പ്രകാശിപ്പിക്കുമെന്നും സംഘം അറിയിച്ചു.