മംഗള്‍യാന്റെ ഭ്രമണ പഥം ഉയര്‍ത്തി

Posted on: November 7, 2013 1:31 am | Last updated: November 7, 2013 at 1:31 am

ശ്രീഹരിക്കോട്ട: മംഗള്‍യാന്റെ മംഗളയാത്ര വിജയത്തിലേക്ക്. പ്രതീക്ഷിച്ച ഭ്രമണപഥത്തിലൂടെ ഭൂമിയെ വലം വെക്കുന്ന മംഗള്‍യാന്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇന്നലെ പുലര്‍ച്ചെ 1.17 നാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
മംഗള്‍യാനിലെ മോട്ടോര്‍ കത്തിയതോടെയാണ് ഭ്രമണപഥം മാറിയുള്ള സഞ്ചാരത്തിന് തുടക്കമിട്ടത്. 200 സെക്കന്‍ഡ് സമയംകൊണ്ടാണ് മംഗള്‍യാനിലെ ഭ്രമണപഥം മാറാനുള്ള മോട്ടോര്‍ പ്രവര്‍ത്തിച്ചത്. കുറഞ്ഞത് 4,120 കിലോമീറ്ററും കൂടിയത് 28,785 കിലോ മീറ്ററും ആയി മംഗള്‍യാന്റെ ഭ്രമണപഥം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രൊജക്ട് ഡയറക്ടര്‍ എസ് അരുണന്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാതെ ഭ്രമണപഥം ഉയര്‍ത്താനുള്ള റിഹേഴ്‌സല്‍ നടത്തിയിരുന്നു. 40 കിലോഗ്രാം ഇന്ധനമാണ് ഇന്നലെ ഭ്രമണപഥം മാറാനുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വന്നത്. മംഗള്‍യാന്‍ വിക്ഷേപിച്ച ശേഷം ആദ്യത്തെ ഭ്രമണപഥ ഉയര്‍ത്തലാണ് ഇന്നലെ പുലര്‍ച്ചെ നടന്നത്.
ഇത്തരത്തില്‍ ആറ് ഭ്രമണപഥ മാറ്റങ്ങളാണ് നടക്കാനുള്ളത്. അവസാനത്തെ ഭ്രമണപഥം മാറുന്നതോടെ ചൊവ്വയുടെ ആകാശത്തെത്തും മംഗള്‍യാന്‍. 1,240 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ 852 കിലോ ഇന്ധനമാണുള്ളത്. ആദ്യ ഭ്രമണപഥ മാറ്റത്തിന് 40 കിലോ ഇന്ധനമാണ് ചെലവായത്. 360 കിലോ ഇന്ധനമാണ് ആറ് ഭ്രമണപഥങ്ങളും മാറാന്‍ ആവശ്യമാകുന്നത്.
പേടകത്തിന് ഏറ്റവും കൂടുതല്‍ ഇന്ധനം ആവശ്യമാകുന്നത് ഭ്രമണപഥം മാറാനുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. ആറ് മാസം പേടകത്തിന് യാത്ര ചെയ്യാന്‍ വേണ്ടത് വെറും രണ്ട് കിലോ ഇന്ധനമാണ്. ഈ മാസം 15 നും 30 നുമാണ് അടുത്ത ഭ്രമണപഥം മാറല്‍ നടക്കുക.