Connect with us

Editorial

ദേശീയ പാത വികസനം

Published

|

Last Updated

വീതിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനം. 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനം. അത് പോരെന്നും 60 മീറ്ററെങ്കിലും വീതി വേണമെന്നുമായി കേന്ദ്രം. ജനസാന്ദ്രത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് 45 മീറ്ററാക്കി ചുരുക്കാന്‍ കേന്ദ്രം പിന്നീട് സമ്മതിച്ചു. എന്നാല്‍ 30 മീറ്ററില്‍ കൂടുതല്‍ വീതിയില്‍ പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി, പാത വികസനത്തിന്റെ ഇരകളായ കുടിയൊഴിപ്പിക്കപ്പെടുന്ന കുടംബങ്ങളുടെയും വ്യാപാരികളുടെയും ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നു. അതിനിടെ 45 മീറ്ററില്‍ പണിയണമെന്ന് കേന്ദ്രത്തിന് ശാഠ്യമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അറിയിച്ചു. ഏറ്റവുമൊടുവില്‍ 45 മീറ്ററില്‍ പണിയണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടെന്നും 30 മീറ്ററായി വീതി നിശ്ചയിച്ചാല്‍ നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കില്ലെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ചൊവ്വാഴ്ച മുഖാമുഖം പരിപാടിയില്‍ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് വ്യക്തമാക്കിയിരിക്കയാണ്.
ജനപ്പെരുപ്പം, വാഹനങ്ങളുടെ ബാഹുല്യം, പെരുകുന്ന വാഹനാപകടങ്ങള്‍, സാങ്കേതിക രംഗത്തെ വളര്‍ച്ച, വല്ലാര്‍പാടം ടെര്‍മിനല്‍ പോലുള്ള വന്‍കിട പദ്ധതികള്‍ തുടങ്ങിയവ സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനത്തിന്റെ അനിവാര്യത വിളിച്ചോതുന്നുണ്ട്. എന്‍ എച്ച് 17ന്റെയും 47ന്റെയും വികസനം വര്‍ഷം മുമ്പേ പ്രഖ്യാപിച്ചതുമാണ്. പത്ത് ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പാതകള്‍ 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാവശ്യമായ സ്ഥലത്തില്‍ 70 ശതമാനം എന്‍ എച്ച് അതോറിറ്റിയുടെ കൈവശമുണ്ടു താനും. ഭൂമിക്ക് വിപണി വിലയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ ബാക്കി മുപ്പത് ശതമാനം ഭൂമി ഏറ്റെടുത്തു നല്‍കാമെന്ന് പാത സംരക്ഷണ സമിതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇത് അവഗണിച്ചു നാല്‍പ്പത് മീറ്റര്‍ ബി ഒ ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് എതിര്‍പ്പ് ഉയര്‍ന്നതും സ്ഥലം ഏറ്റെടുപ്പ് മരവിച്ചതും.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതനുസരിച്ചു ദേശീയ പാത വികസിപ്പിക്കുന്നതിന് മുപ്പത് മീറ്റര്‍ തന്നെ ധാരാളമാണെന്നും ഒരു വരിക്ക് മൂന്നേമുക്കാല്‍ മീറ്റര്‍ വീതിയില്‍ നാല് വരി റോഡും അനുബന്ധ സംവിധാനങ്ങളും നിര്‍മിക്കാന്‍ ശരാശരി 20 മീറ്റര്‍ വീതി മതിയാകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തവുമാണ്. ഇടപ്പള്ളി മുതല്‍ തലപ്പാടി വരെ രണ്ട് സ്‌കീമുകളിലായി നാല്‍പ്പത്തഞ്ച് മീറ്റര്‍ വീതിയോടെ ബി ഒ ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ 3150 ഏക്കര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ സര്‍ക്കാര്‍ ഭൂമി കഴിച്ചാല്‍ പൊതുജനങ്ങളുടെ രണ്ടായിരത്തി അഞ്ഞൂറോളം ഏക്കര്‍ ഏറ്റെടുക്കുകയും, വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ഇരുപതിനായിരത്തിലേറെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരികയും ചെയ്യുമെന്ന് സര്‍ക്കാറിന്റെ സാധ്യതാ പഠനം കണ്ടെത്തയതാണ്. രണ്ട് റീച്ചുകളിലായി സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം 978.26 കോടി രൂപ മാത്രം. ഭൂമി വിലയിലേക്ക് മാത്രം ഈ തുക നീക്കിവെച്ചാല്‍ സെന്റിന് ശരാശരി നാല്‍പ്പത്തയ്യായിരത്തില്‍ താഴെയും കെട്ടിടങ്ങള്‍ക്ക് കൂടി പരിഗണിച്ചാല്‍ സെന്റിന് ഇരുപതിനായിരം രൂപയുമാണ് ഇതടിസ്ഥാനത്തില്‍ വില മതിക്കുക.
ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത് പോലെ ദേശീയ പാത 45 മീറ്ററില്‍ തന്നെ വികസിപ്പിക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്ക് പിന്നില്‍ ബാഹ്യശക്തികളുടെ സമ്മര്‍ദവും ബന്ധപ്പെട്ട ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളുമുണ്ടോ എന്ന് സംശയക്കേണ്ടതുണ്ട് ്രഉത്തരവാദപ്പെട്ടവരുടെ പരസ്പരവിരുദ്ധമായ നിലപാടുകള്‍. പാതക്ക് 30 മീറ്റര്‍ വീതി മതിയെന്ന നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രിക്കും പാര്‍ട്ടിക്കുമുള്ളതെന്ന് നേരത്തെ വ്യക്തമായതാണ്. 45 മീറ്റര്‍ വേണമെന്നില്ലെന്ന് ജൂലൈ 14ന് കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പ്രസ്താവിച്ചതിന് തൊട്ടു പിന്നാലെ 30 മീറ്ററില്‍ ചുരുക്കുന്നതിനുള്ള കേന്ദ്രാനുമതിക്കായി മന്ത്രി ഇബ്‌റാഹീം കുഞ്ഞ് ഡല്‍ഹിയില്‍ പോയിസമ്മര്‍ദം ചെലുത്തിയിരുന്നു. ചില മന്ത്രിമാരും ബ്യൂറോക്രസിയും ഇതിനെ അട്ടിമറിക്കുകയും 45 മീറ്റര്‍ തന്നെ വേണമെന്ന് ശാഠ്യം പിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. അവരുടെ സമ്മര്‍ദ്ദമായിരിക്കാം മന്ത്രിയുടെ പുതിയ പ്രസ്താവനക്ക് പ്രേരകം. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ പാത വികസനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും, വികസനത്തിന്റെ ഇരകള്‍ ഇതംഗീകരിച്ചു സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധമാകാത്തതിനാല്‍ ഭൂമി ഏറ്റെടുപ്പും റോഡ് വികസനവും ഇനിയും അനന്തമായി നീളാനാണ് സാധ്യത.

---- facebook comment plugin here -----

Latest