രാജ്യത്തെ പുരാതന മസ്ജിദ് അല്‍ ഐനിലെന്ന്‌

Posted on: November 6, 2013 10:01 pm | Last updated: November 6, 2013 at 10:01 pm

ദുബൈ: രാജ്യത്തെ ഏറ്റവും ആദ്യം മസ്ജിദ് നിര്‍മിക്കപ്പെട്ടത് അല്‍ ഐനിലെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇസ്‌ലാമിന്റെ ആദ്യകാലഘട്ടങ്ങളില്‍ തന്നെ അല്‍ ഐനില്‍ രാജ്യത്തെ മസ്ജിദ് നിര്‍മാണം നടന്നതായി, രാജ്യത്തെ മസ്ജിദുകളെ കുറിച്ചുള്ള ഗവേഷണം നടത്തി വിജ്ഞാനകോശം തയാറാക്കിയ കാമില്‍ യൂസുഫ് വ്യക്തമാക്കി.
നീണ്ട 30 വര്‍ഷം കാമില്‍ യൂസുഫ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു നടത്തിയ അന്വേഷണ വിവരങ്ങള്‍ ക്രോഡീകരിച്ച് പുറത്തിറക്കിയ മസ്ജിദുകളെ കുറിച്ചുള്ള വിജ്ഞാനകോശത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഫുജൈറയിലെ ബിദ്‌യയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദാണ് രാജ്യത്ത് ഏറ്റവും പുരാതനമായതെന്ന പൊതുവിശ്വാസത്തെയാണ് കാമില്‍ യൂസുഫ് തിരുത്തുന്നത്. ബിദ്‌യയിലെ മസ്ജിദ് നിര്‍മാണത്തിന് എത്രയോ മുമ്പ് അല്‍ ഐനില്‍ മസ്ജിദ് നിര്‍മാണം നടന്നതിനെ സാധൂകരിക്കുന്നു. മതിയായ രേഖകള്‍ തന്റെ ഗവേഷണത്തില്‍ ലഭിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ക്രിസ്തുവര്‍ഷം 1446ലാണ് ബിദ്‌യയില്‍ മസ്ജിദ് നിര്‍മാണം നടന്നതെന്നാണ് ചരിത്രം. ഇതിനു മുമ്പ് രാജ്യത്ത് മസ്ജിദ് നിര്‍മിക്കപ്പെട്ടിട്ടില്ലെന്നാണ് പൊതു വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിദ്‌യ മസ്ജിദ് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകുന്നത്.
ചെറുതും വലുതുമായി രാജ്യത്ത് 6,527 മസ്ജിദുകള്‍ ഇതുവരെ നിരമിക്കപ്പെട്ടതായി കാമില്‍ യൂസുഫ് തന്റെ പുസ്തകത്തില്‍ പറയുന്നു. പ്രവാചകര്‍ (സ) യുടെ നേരിട്ടുള്ള ശിഷ്യന്മാരില്‍ ചിലര്‍ അല്‍ ഐന്‍ പ്രദേശങ്ങളില്‍ എത്തിയതായി വിശ്വസിക്കപ്പെടുന്നുണ്ട്. അല്‍ ഐനിലെ നിയാദാത്തിലുള്ള പ്രത്യേകം പരിചരിക്കപ്പെടുകയും സ്വദേശികളും വിദേശികളും ധാരാളമായി സന്ദര്‍ശനം നടത്തുന്നതുമായ ഖബര്‍ പ്രമുഖ സ്വഹാബിയുടേതാണെന്നാണ് വിശ്വാസം.