ഉപ്പള റെയില്‍വേ സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം: പ്രതിഷേധം ശക്തമാകുന്നു

Posted on: November 6, 2013 6:00 am | Last updated: November 6, 2013 at 8:22 am

മഞ്ചേശ്വരം: വരുമാനക്കുറവ് ചൂണ്ടിക്കാട്ടി ഉപ്പള റെയില്‍വെ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള നടപടിക്കെതിരെ യുവജനസംഘടനകളില്‍നിന്നും പ്രതിഷേധം ശക്തമാകുന്നു.

നടപടിമൂലം റെയില്‍വെ സ്റ്റേഷനു പുതിയ വികസന പദ്ധതികളോ പുതുതായി ട്രെയിനുകള്‍ക്ക് സ്റ്റോപ്പോ അനുവദിക്കുകയില്ല. മുഴുവന്‍ ഉദ്യോഗസ്ഥരെയും പിന്‍വലിക്കുകയും സ്റ്റേഷന്റെ നിലവിലെ പ്രവര്‍ത്തനം മുഴുവനും സിഗ്നലില്‍ കേന്ദ്രീകരിക്കുകയും ചെയ്യും. നിലവില്‍ ജില്ലയില്‍ ബേക്കല്‍ റെയില്‍വെ സ്‌റ്റേഷന്‍ ഡീബാര്‍ ചെയ്തതിനു പിന്നാലെയാണ് ഉപ്പളയിലും നടപടി വരുന്നത്. ഉപ്പളയുടെ സമീപ സ്റ്റേഷനുകളായ മഞ്ചേശ്വരത്തെ മാതൃകാ സ്റ്റേഷനായും കുമ്പളയെ ഹയര്‍ ഗ്രേഡ് സ്റ്റേഷനായും ഉയര്‍ത്തിയിരുന്നു. ഇത് ഉപ്പള സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ തടയുന്നതിന് കാരണമായി.
ലാഭകരമല്ലെന്നപേരില്‍ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്ന് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ലോക്കല്‍ ട്രെയിനിന് മാത്രം സ്‌റ്റോപ്പുള്ള ഈ സ്റ്റേഷന്‍ മംഗലാപുരത്ത് ഉപരിപഠന നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എറെ സഹായകരമാണ്. ഈ സ്റ്റേഷന്‍ നിര്‍ത്താലാക്കുന്നത് വിദ്യാര്‍ഥികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സ്റ്റേഷന്‍ സ്ഥാപിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതിന്റെ വികസന പ്രവര്‍ത്തനങ്ങളോട് റെയില്‍വേ പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്. കൂടുതല്‍ ട്രൈനുകള്‍ക്ക് സ്റ്റോപ് അനുവദിച്ച് ലാഭകരമാക്കാന്‍ സാദിക്കും. മംഗല്‍പാടി പഞ്ചായത്തിന് പുറമേ മീഞ്ച, പൈവളിഗെ പഞ്ചായത്ത്വാസികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു ഉപ്പള സ്‌റ്റേഷന്‍. മംഗലാപുരം നഗരത്തെ വിദ്യാഭ്യാസത്തിനും ആതുര സേവനങ്ങള്‍ക്കും വ്യവസായിക ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നവരാണ് പരിസരവാസികളില്‍ അധികവും. ഈ സ്റ്റേഷന്‍ നിര്‍ത്തലാക്കുന്നത് വലിയൊരു ജനവിഭാഗത്തെ ദുരിത്തിലാഴ്തുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി കനിയാല, അസീസ് സഖാഫി, അലി സഅദി, നൗഫല്‍ സോങ്കാല്‍, ഹംസ ഗുവദപടുപ്പ് സംബന്ധിച്ചു. സ്വാദിഖ് ആവള സ്വാഗതവും ഇഖ്ബാല്‍ പൊയ്യത്ത്ബയല്‍ നന്ദിയും പറഞ്ഞു.