Connect with us

Ongoing News

കൊല്‍ക്കത്ത ടെസ്റ്റിന് തുടക്കം: സച്ചിന്‍@199

Published

|

Last Updated

കൊല്‍ക്കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് വിസ്മയം ഇന്ന് 199മത് രാജ്യാന്തര ടെസ്റ്റ് കളിക്കാനിറങ്ങുന്നു. വേദി ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന്‍ഗാര്‍ഡന്‍. എതിരാളി കരീബിയന്‍ കരുത്തുമായി വരുന്ന വെസ്റ്റിന്‍ഡീസ്. ജയവും പരാജയവുമല്ല ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സച്ചിന്‍ എത്ര റണ്‍സെടുക്കും. സച്ചിന്‍ മാത്രമേ റണ്‍സെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധ ബുദ്ധിയോടെയാകും ക്രിക്കറ്റ് പ്രേമികള്‍ ഗ്യാലറിയിലെത്തുക;ടെലിവിഷന് മുന്നിലെത്തുക.
24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച തട്ടകമാണ് ഈഡന്‍ഗാര്‍ഡന്‍. 1991 ജനുവരി നാലിന് ശ്രീലങ്കക്കെതിരെ ഏകദിന മത്സരത്തോടെയാണ് സച്ചിന്‍ ഈഡനില്‍ അരങ്ങേറുന്നത്.
നൂറാം രാജ്യാന്ത സെഞ്ച്വറിക്കായി 21 ടെസ്റ്റുകളും 12 ഏകദിനങ്ങളും കാത്തിരിക്കേണ്ടി വന്ന സച്ചിന്റെ ഫോം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മങ്ങിയിരിക്കുകയാണ്. രഞ്ജിയില്‍ ഹരിയാനക്കെതിരെ മുംബൈക്ക് ജയമൊരുക്കിയ 79 നോട്ടൗട്ട് സച്ചിന്റെ തിരിച്ചുവരവായി. ഈഡനില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച, ഏറ്റവുമധികം റണ്‍സടിച്ച സച്ചിന്‍ സെഞ്ച്വറി നേടി വിസ്മയിപ്പിക്കുമോ എന്നറിയാന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ലഭിച്ച സുവര്‍ണാവസരമാണ് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര. സച്ചിന്റെ വിരമിക്കല്‍ നാട്ടില്‍ വെച്ചാക്കാന്‍ ബി സി സി ഐ ഒരുക്കിയതാണ് വിന്‍ഡീസിന്റെ പര്യടനം. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ജയം മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിന്റെ ആത്മവിശ്വാസം ഒരു പടികൂടി ഉയര്‍ത്തിയിരിക്കുന്നു. സച്ചിന് വേണ്ടി ഈ പരമ്പര നേടുമെന്ന് ധോണി പ്രഖ്യാപിച്ചതും ആത്മവിശ്വാസത്തോടെയാണ്.
സച്ചിന്‍ ശ്രദ്ധാകേന്ദ്രമാകുന്നതുപോലെ ശിഖര്‍ധവാനും ആകര്‍ഷണകേന്ദ്രമാണ്. മൊഹാലിയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ 187 റണ്‍സടിച്ച ധവാന്‍ ഫോം നിലനിര്‍ത്തുന്നു. മുരളി വിജയ്, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കൊപ്പം ടോപ് ഓര്‍ഡറില്‍ കരുത്തറിയിക്കാന്‍ ധവാന്‍ കഠിന പരിശീലനം നടത്തിയിട്ടുണ്ട്. എഡ്ജ് ക്യാച്ച് ഒഴിവാക്കാന്‍ കോച്ച് ഫ്‌ളെച്ചര്‍ക്ക് കീഴില്‍ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ധവാന്‍ ശ്രമിച്ചു.
മിഡില്‍ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി അരങ്ങേറ്റം കുറിക്കാന്‍ രോഹിത് ശര്‍മ തയ്യാറായി നില്‍ക്കുന്നു. 108 ഏകദിനങ്ങളില്‍ 3049 റണ്‍സ് ശര്‍മ നേടിക്കഴിഞ്ഞു.
ഇന്ത്യക്കെതിരെ മികച്ച പോരാട്ടം പുറത്തെടുക്കുമെന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ഞെട്ടിച്ചിട്ടുണ്ട്. സച്ചിന് ചിരിച്ചുകൊണ്ട് യാത്രയയപ്പ് നല്‍കുവാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗെയില്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ വിന്‍ഡീസ് 466 റണ്‍സടിച്ചിരുന്നു.
പരിചയ സമ്പന്നനായ ശിവനാരായന്‍ ചന്ദര്‍പോള്‍ (112) സെഞ്ച്വറി നേടിയപ്പോള്‍ ഡിയോ നരെയ്‌ന് (94) ആറ് റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. ഗെയില്‍ പതിനെട്ട് റണ്‍സിന് പുറത്തായിരുന്നു. കീരന്‍ പവല്‍ (64), ഡാരന്‍ ബ്രാവോ (61) മികച്ച ഫോമിലാണ്. മൂന്ന് വിക്കറ്റെടുത്ത പേസര്‍ കോട്ടറലും വീരസാമി പെരുമാളും തിളങ്ങിയപ്പോള്‍ ഉത്തര്‍പ്രദേശ് 372ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ഗെയിലും സാമുവല്‍സും അര്‍ധശതകം നേടി ഫോമിലേക്കുയര്‍ന്നു. രാംദിനും ബാറ്റിംഗ് താളം കണ്ടെത്തി.
ടീം ഇന്ത്യ: എം എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര.
ടീം വിന്‍ഡീസ്: ഡാരന്‍ സമി (ക്യാപ്റ്റന്‍), ക്രിസ് ഗെയില്‍, കീരന്‍ പവല്‍, ഡാരന്‍ ബ്രാവോ, മര്‍ലൊണ്‍ സാമുവല്‍സ്, നര്‍സിംഗ് ഡിയോനരെയ്ന്‍, ശിവനാരായന്‍ ചന്ദര്‍പോള്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍), ടിനോ ബെസ്റ്റ്, വീരസ്വാമി പെരുമാള്‍, ഷെല്‍ഡണ്‍ കോടറല്‍, കിര്‍ക് എഡ്വാര്‍ഡ്‌സ്, കിമാര്‍ റോച, ഷെയിന്‍ ഷില്ലിംഗ്‌ഫോഡ്, ചാഡ്‌വിക് വാള്‍ട്ടണ്‍.
ജഡേജക്കൊത്ത പകരക്കാരനില്ല

തോളിന് പരുക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരക്കാരനെ കണ്ടെത്തുക എന്ന തിരഞ്ഞെടുപ്പ് വൈഷമ്യം അനുഭവിക്കുകയാണ് ക്യാപ്റ്റന്‍ ധോണി. ജഡേജക്ക് പകരം വെക്കാന്‍ പോന്ന ആള്‍ റൗണ്ടര്‍ ടീമില്‍ ഇല്ല. അതു കൊണ്ടു തന്നെ, പകരക്കാരന്‍ അഞ്ചാം ബൗളറാകണോ ബാറ്റ്‌സ്മാനാകണോ എന്ന ചിന്തയിലാണ് ടീം മാനേജ്‌മെന്റ്. അഞ്ചാം ബൗളറെ ഉള്‍പ്പെടുത്തുമ്പോള്‍ അരങ്ങേറ്റം കൊതിക്കുന്ന രോഹിത് ശര്‍മക്കും അജിങ്ക്യ രഹാനെക്കും തിരിച്ചടിയാകും. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം നേരത്തെ പരുക്കിനെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇപ്പോഴാകട്ടെ, രവീന്ദ്ര ജഡേജയുടെ പരുക്കും രോഹിതിന്റെ ഉറക്കം കെടുത്തുന്നു.
അതേ സമയം, ഓഫ് സ്പിന്നര്‍ കൂടിയായ രോഹിതിനെ പാര്‍ട് ടൈം ബൗളറായി പരിഗണിച്ച് ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയും മുന്നിലുണ്ട്. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് റെക്കോര്‍ഡിടുകയും മാന്‍ ഓഫ് ദ സീരീസാവുകയും ചെയ്ത രോഹിത് ഉള്ളപ്പോള്‍ രഹാനെക്ക് ആദ്യ ഇലവനിലേക്ക് എത്തിനോക്കുക പ്രയാസകരം. ടെസ്റ്റ് മത്സരം കളിക്കാതെ ഏറ്റവുമധികം ഏകദിനം കളിച്ച താരമെന്ന റെക്കോര്‍ഡും രോഹിതിനാണ്. 2009-10 സീസണിലാണ് മുംബൈ താരം ആദ്യമായി ടെസ്റ്റ് ടീമിലിടം പിടിച്ചത്. അന്ന് പക്ഷേ വാം അപ്പിനിടെ പരുക്കേറ്റ് ടോസിന് തൊട്ടു മുമ്പ് രോഹിത് പുറത്തായി. ഇതോടെ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലിടം പിടിച്ച വൃഥിമാന്‍ സാഹ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ലൈനപ്പില്‍ കയറി.
മൂന്നാം സ്പിന്നറായി അമിത് മിശ്രയെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. രണ്ട് വര്‍ഷം മുമ്പാണ് മിശ്ര അവസാന ടെസ്റ്റ് കളിച്ചത്. ജഡേജയെ പോലെ ബാറ്റിംഗ് മികവില്ലെങ്കിലും ഓവലില്‍ 84 ഉം കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയിലെ ഫഌറ്റ് പിച്ചില്‍ ഇരട്ടസെഞ്ച്വറിയും മിശ്ര നേടിയിരുന്നു.
ഭുവനേശ്വര്‍ കുമാറിനൊപ്പം പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക മുഹമ്മദ് ഷമിയായിരിക്കുമെന്ന് ധോണി വ്യക്തമാക്കി. അദ്ദേഹം ടെസ്റ്റ് ടീമിന്റെ ഭാഗമാണ്, മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു ഷമി-ധോണി പറഞ്ഞു.
ഏകദിന പരമ്പരയില്‍ ഷമി മികച്ച ഫോമിലായിരുന്നു. ന്യൂബോളില്‍ ബ്രേക്ക്ത്രൂ നല്‍കാനുള്ള മിടുക്കാണ് ഷമിയെ വ്യത്യസ്തനാക്കുന്നത്.
ദീര്‍ഘമായ സ്‌പെല്‍ എറിയാനുള്ള ഫിറ്റ്‌നെസും ഷമിക്കുണ്ടെന്ന് ധോണി നിരീക്ഷിക്കുന്നു. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും ആദ്യ ലൈനപ്പില്‍ ഇടം നേടാനുള്ള സാധ്യത വിരളം.

സച്ചിനും ഈഡന്‍ഗാര്‍ഡനും തമ്മിലുള്ള പ്രണയം ഇന്നും രഹസ്യമായി തുടരുകയാണ്. ഒരുമ്പെട്ടിറങ്ങിയാല്‍ മാത്രമേ, ആ പ്രണയത്തിന്റെ ആഴം തിരിച്ചറിയാന്‍ സാധിക്കൂ. സച്ചിന്റെ ഓരോ റണ്ണിനും ഇരമ്പിയാര്‍ത്തു ഈഡന്‍ഗാര്‍ഡനിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറി. 1989 ല്‍ കറാച്ചിയില്‍ അരങ്ങേറിയതിന് ശേഷം ഈഡന്‍ഗാര്‍ഡനില്‍ ഇന്ത്യ കളിച്ച എല്ലാ ടെസ്റ്റിലും സച്ചിനുണ്ടായിരുന്നു. കരിയറിലെ 199താമത് ടെസ്റ്റിനിറങ്ങുന്ന സച്ചിന് ഈഡനില്‍ പതിമൂന്നാമത്തെ ടെസ്റ്റാണ്.

മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡ് സച്ചിന് ഈഡനിലുണ്ട്. ഇരുപത്തഞ്ച് രാജ്യാന്തര മത്സരങ്ങള്‍. പന്ത്രണ്ട് ടെസ്റ്റുകളും പതിമൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നു. ഈഡനില്‍ 1358 റണ്‍സോടെ ഏറ്റവുമധികം രാജ്യാന്തര റണ്‍സ് എന്ന റെക്കോര്‍ഡും സച്ചിന് സ്വന്തം. ടെസ്റ്റില്‍ 862 ഉം ഏകദിനത്തില്‍ 496ഉം.
പന്തെടുത്തപ്പോഴും സച്ചിന്‍ ഈഡനില്‍ തിളങ്ങി. 1993 ഹീറോ കപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം. അവസാന ഓവറില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍. സച്ചിന്‍ സമ്മര്‍ദം ഏറ്റെടുത്തു. മാന്ത്രിക ഓവറില്‍ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ്. ഇന്ത്യക്ക് രണ്ട് റണ്‍സ് ജയം !
2001 ല്‍ ആസ്‌ത്രേലിയക്കെതിരെ ഈഡനില്‍ ഇന്ത്യ നേടിയ വിഖ്യാത ജയത്തില്‍ സച്ചിന്‍ ഓര്‍മിക്കപ്പെടുന്നത് ബൗളറെന്ന നിലയിലാണ്. വിവിഎസ് ലക്ഷ്മണും (281), രാഹുല്‍ ദ്രാവിഡും (180) ബാറ്റിംഗില്‍ തകര്‍ത്താടിയപ്പോള്‍ സച്ചിന്‍ രണ്ടിന്നിംഗ്‌സിലും പത്ത് റണ്‍സിന് പുറത്തായി. പതിമൂന്ന് വിക്കറ്റെടുത്ത് ഹര്‍ഭജന്‍ സിംഗാണ് മറ്റൊരു മാച്ച് വിന്നര്‍. സച്ചിനും ഈഡനും തമ്മിലുള്ള രഹസ്യപ്രണയം അന്വേഷിക്കേണ്ടത് ഇവിടെയാണ്.
ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് ടോപ് സ്‌കോറര്‍ മാത്യു ഹെയ്ഡന്‍ (67), നിലയുറപ്പിച്ചാല്‍ അപടകാരിയാകുന്ന ആദം ഗില്‍ക്രിസ്റ്റ് (0), ഷെയിന്‍ വോണ്‍ (0) എന്നിവരെ പുറത്താക്കിയത് സച്ചിനായിരുന്നു. മൂന്നും ലെഗ് ബിഫോര്‍ വിക്കറ്റ്. ആസ്‌ത്രേലിയന്‍ ബാറ്റിംഗ് ലൈനപ്പിന്റെ പതനം ഹെയ്ഡന്റെയും ഗില്‍ക്രിസ്റ്റിന്റെയും പുറത്താകലോടെയായിരുന്നു.

സച്ചിന്റെ കൊല്‍ക്കത്തന്‍ കാമുകി

1996 ല്‍ ഈഡനില്‍ ശ്രീലങ്കക്കെതിരെ നടന്ന ലോകകപ്പ് സെമിഫൈനല്‍ ഇന്ത്യക്കാര്‍ക്ക് കറുത്ത അധ്യായമാണ്. 252 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 120ന് 8 എന്ന നിലയില്‍ തകര്‍ന്നതോടെ കാണികള്‍ രോഷാകുലരാവുകയും മത്സരം ലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അന്ന് സച്ചിന്‍ നല്‍കിയ തുടക്കം ഈഡനിലെ ഗ്യാലറിയെ ആവേശം കൊള്ളിച്ചു. 65 റണ്‍സെടുത്ത സച്ചിന്‍ പുറത്തായതോടെ ഇന്ത്യന്‍ പതനം തുടങ്ങുകയായി. ഒടുവില്‍ വിനോദ് കാംബ്ലി കണ്ണീരണിഞ്ഞു പോകുന്ന ചിത്രം. സച്ചിന്‍ ഈഡനില്‍ ഇത്രയധികം നിരാശനായ മറ്റൊരു സന്ദര്‍ഭം ഉണ്ടാകില്ല.
വെസ്റ്റിന്‍ഡീസിനെതിരെ സച്ചിന്റെ മികച്ചൊരു ഇന്നിംഗ്‌സിനായി കാത്തിരിക്കുകയാണ് കൊല്‍ക്കത്തയിലെ പ്രണയിനി- ഈഡന്‍ഗാര്‍ഡന്‍.

Latest