ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍

Posted on: November 6, 2013 1:03 am | Last updated: November 6, 2013 at 1:03 am

പാലക്കാട്: ഓള്‍ ഇന്ത്യാ സൗത്ത് സോണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍ 10 വരെ ഇടുക്കി മട്ടത്തുള്ള ജില്ലാ റൈഫിംഗ് അസോസിയേഷന്‍ റേഞ്ചില്‍ നടക്കും. ആദ്യദിനം പരിശീലനമത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങളും നടക്കും.
ആദ്യമായാണ് കേരളം സൗത്ത് സോണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നതെന്ന് കേരള ഷൂട്ടിംഗ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി ജോയ് ഐ മംഗലി, മെമ്പര്‍ അഡ്വ. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ പറഞ്ഞു. പുതിയസാങ്കേതിക വിദ്യയിലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചായിരിക്കും ചാമ്പ്യന്‍ഷിപ്പ് നടക്കുക. 400 ഓളം ഷൂട്ടര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും.കേരളത്തെ പ്രതിനിധീകരിച്ച് 102 പേരാണ് പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ ഷൂട്ടര്‍മാരെ പങ്കെടുപ്പിക്കുന്നതും ആതിഥേയരാണ്. മിനിമം ക്വാളിഫിക്കേഷന്‍ മാര്‍ക്ക് നേടിയവരാണ് സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന് വേണ്ടി ദേശീയതാരങ്ങളായ എലിസബത്ത് സൂസന്‍ കോശി, ഡി അഭിനയ, ബി കെ സിദ്ധാര്‍ഥ ബാബു എന്നിവരും അണിനിരക്കുന്നുണ്ട്.10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീറ്റര്‍ പീപ് സൈറ്റ് റൈഫിള്‍, 50 മീറ്റര്‍ ഓപ്പണ്‍ സൈറ്റ് റൈഫിള്‍, 25 മീറ്റര്‍ പിസ്റ്റള്‍ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യലുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മേഘാലയ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ എം എം ജേക്കബ് നിര്‍വഹിക്കും. റോഷി അഗസ്റ്റിന്‍ എം എല്‍ എ, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐ ജി മനോജ് എബ്രഹാം, ജില്ലാ കലക്ടര്‍ അജിത്ത് പാട്ടില്‍, എന്‍ ആര്‍ എ ഐ സെക്രട്ടറി ജനറല്‍ ഡി വി എസ് റാവോ, ജോയ് ഐ മംഗലി സംസാരിക്കും.
സമാപനസമ്മേളനവും സമ്മാനദാന ചടങ്ങും 10ന് വൈകീട്ട് നാലിന് നടക്കും. ഷെയ്ക്ക് അന്‍വറുദ്ദീന്‍ സാഹിബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ പ്രൊഫ. വി സി ജയിംസ്, ദേവസ്യകുര്യന്‍ എന്നിവര്‍ സംബന്ധിക്കും.