രണ്ടാം വിള ഇറക്കല്‍ വൈകുന്നു

Posted on: November 6, 2013 1:01 am | Last updated: November 6, 2013 at 1:01 am

നെന്മാറ: മേഖലയില്‍ രണ്ടാം വിള ഇറക്കല്‍ വൈകുന്നു. ചിങ്ങത്തില്‍ ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞു തുലാം തുടക്കത്തില്‍ രണ്ടാം വിള ഇറക്കുകയാണു പതിവ്. എന്നാല്‍ ഇത്തവണ തുലാം പകുതികഴിഞ്ഞിട്ടും ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമെ കൃഷിപ്പണികള്‍ക്ക് ആരംഭം കുറിച്ചിട്ടുള്ളൂ.
നടീല്‍ നടത്താനാണു കര്‍ഷകരില്‍ പലരും ഒരുങ്ങുന്നത്. ഇതിനായി ഞാറ്റടി തയാറാക്കാനുള്ള ശ്രമത്തിലാണ് അവര്‍. ചേറ്റുവിത നടത്തുന്നവരാവട്ടെ തുലാം മഴയുടെ ശക്തിയില്‍ നെല്‍വിത്തുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ വിത നടത്തുന്നില്ല. പാടങ്ങള്‍ ഉഴുതു മറിക്കാന്‍ ട്രാക്ടര്‍ കിട്ടാത്തതും തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
മൂപ്പ് കൂടിയ വിത്താണു മേഖലയിലെ കര്‍ഷകര്‍ ഉപയോഗിക്കുന്നത്. വിളവെടുപ്പ് നടത്തണമെങ്കില്‍ നാലു മാസം കഴിയണം. ഈ മാസം അവസാനത്തോടെയും അടുത്തമാസം ആദ്യത്തോടെയും മാത്രമെ കൃഷിപ്പണികള്‍ പൂര്‍ണമാവുകയുള്ളു.
തുടര്‍ന്നു വിളവെടുപ്പ് നടത്തണമെങ്കില്‍ മൂപ്പ് കൂടിയ വിത്ത് ഉപയോഗിച്ചവര്‍ക്കു ഫെബ്രുവരി അവസാനത്തോടെ മാത്രമെ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയൂ.
ഫെബ്രുവരി പത്തുവരെ വെള്ളം വിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കുറച്ചു ദിവസം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്. 960 ഹെക്ടര്‍ നെല്‍കൃഷിയാണു മേലാര്‍കോട് കൃഷി’വനു കീഴിലുള്ളത്. ഇവര്‍ക്കായി 17,820 കിലോ നെല്‍വിത്താണ് നല്‍കിയത്.
മൂപ്പ് കൂടിയ ഉമ വിത്താണു കൂടുതല്‍ വിതരണം ചെയ്തിരിക്കുന്നത്. 12,810 കിലോഗ്രാം. കാഞ്ചന വിത്ത് 5010 കിലോയും നല്‍കിയിട്ടുണ്ട്.
നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍ ഉമ വിത്ത് തിരഞ്ഞെടുത്തത്.