നഗരസഭാ ചെയര്‍മാനെ യു ഡി എഫ് ഒഴിവാക്കി

Posted on: November 6, 2013 12:59 am | Last updated: November 6, 2013 at 12:59 am

പാലക്കാട്: നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസിനെ മുനിസിപ്പില്‍ യു ഡി എഫ് പാര്‍ലിമെന്റ് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് യു ഡി എഫ് നേതൃയോഗം നീക്കം ചെയ്തു.
പുതിയ നേതാവായി പി ബി രാജേഷിനെ തിരെഞ്ഞടുത്തു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. യോഗത്തില്‍ 24 പേര്‍ പങ്കെടുത്തു. ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസും ലീഗിലെഒരംഗവും ഹാജരായില്ല.
ഒരാഴ്ചക്കകം രാജിവെച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അതേ സമയം രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ് പറഞ്ഞു. തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ രാജിസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കരാറിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും തന്നെ തിരെഞ്ഞടുത്തത് അഞ്ച് വര്‍ഷത്തേക്കാണ്. യു ഡി എഫ് നേതൃയോഗവും ഡി സി സിയും ഏകപക്ഷീയമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. തന്നെ യോഗങ്ങളൊന്നും ക്ഷണിച്ചിട്ടില്ല.
അവിശ്വാസപ്രമേയം കൊണ്ട് വന്നാല്‍ നേരിടാന്‍ തയാറാണെന്നും ചെയര്‍മാന്‍ അറിയിച്ചു.ഇതിനിടെ നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമം തുടങ്ങി.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരനായ അബ്ദുള്‍ ഖുദ്ദൂസ് പാലക്കാട് നഗരസഭചെയര്‍മാന്‍ സ്ഥാനത്ത് വന്നിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡി സി സി നിലപാട് ശക്തമാക്കിയത്. തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഐ ഗ്രൂപ്പിലെ പി വി രാജേഷിന് ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്നായിരുന്നു മുന്‍ധാരണ. കഴിഞ്ഞ 31ന് അബ്ദുള്‍ ഖുദ്ദൂസ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. 52 അംഗ നഗരസഭകൗണ്‍സിലില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് 10 വീതം കൗണ്‍സില്‍മാര്‍ ഉള്‍പ്പടെ 20 പേരാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ ലീഗ് വിമതര്‍ അടക്കം 6 പേരും യു ഡിഎഫിലുണ്ട്. 15 ബി ജെ പി, 9 സി പി എം എന്നിങ്ങനെയാണ് മറ്റ് കക്ഷികള്‍.ഇന്നത്തെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം വരുകയാണെങ്കില്‍ പാസ്സാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണ വേണം.
ഇപ്പോള്‍ യു ഡി എഫിന് 26പേരുടെ അംഗബലമാത്രമേയുള്ളൂ. അബ്ദുള്‍ഖുദ്ദൂസ് വിട്ട് നില്‍ക്കുന്നതോടെ അത് 25യാകും. വിപ്പ് കൊണ്ട് വന്നാലും ചെയര്‍മാനും സ്വതന്ത്രരായി വിജയിക്കപ്പെട്ട് ലീഗിലെ മുന്ന് അംഗങ്ങള്‍ക്ക് ബാധകമല്ല.
ഇത്തരമൊരു സാഹചര്യത്തില്‍ യു ഡി എഫിനെ അവിശ്വാസ പ്രമേയം അതിജീവിക്കാം ദുഷ്‌ക്കരമായിരിക്കുമെന്ന് അറിഞ്ഞാണ് ഖുദ്ദൂസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് കാരണം. ഇതിന് പുറമെ യു ഡി എഫ് അവിശ്വാസ പ്രമേയത്തിനെതിരെ ബി ജെ പി, സി പി എം കക്ഷികളുടെ നിലപാടും നിര്‍ണ്ണായകമായിരിക്കുമെന്നാണ് സൂചന.