Connect with us

Articles

മഞ്ഞപ്പത്രക്കാരന്‍ മുതല്‍ മഹാനേതാക്കള്‍ വരെ വേട്ടയാടി

Published

|

Last Updated

ലാവ്‌ലിന്‍ കേസില്‍ വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിക്കുകയാണ്. കേസിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും വളഞ്ഞു നിന്ന് വേട്ടയാടപ്പെടുമ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്; എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നതെന്ന്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്ന ഒറ്റ മറുപടിയാണ് അവര്‍ക്കെല്ലാം നല്‍കിയത്. ആരും തകര്‍ന്നു പോകുന്ന വളഞ്ഞുവെച്ചുള്ള അക്രമമാണ് നേരിടേണ്ടി വന്നത്. വേട്ടയാടല്‍ എനിക്ക് നിരവധി വര്‍ഷങ്ങളായി അനുഭവിക്കേണ്ടി വന്നു. മഞ്ഞപ്പത്രക്കാര്‍ മുതല്‍ മഹാ നേതാക്കള്‍ വരെ എനിക്കെതിരെ അണിനിരന്നു. “എക്‌സ് കമ്മ്യൂണിസ്റ്റുകാര്‍” മുതല്‍ “ആന്റി കമ്മ്യൂണിസ്റ്റുകള്‍” വരെ, വലതുപക്ഷം തൊട്ട് തീവ്ര ഇടതുപക്ഷം വരെ എനിക്കെതിരെ ഒന്നിച്ചു. കൂട്ടത്തില്‍ കുറെ ദൃശ്യ പത്രമാധ്യമങ്ങളും. ഈ ആക്രമണത്തിനിടെ വഴിയില്‍ വീണുപോകാതിരുന്നത് അഞ്ച് കാരണങ്ങള്‍ കൊണ്ടായിരുന്നു. ആ അഞ്ച് കാരണങ്ങള്‍ ഇവയാണ്.
ഒന്ന്: അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന മനസ്സിന്റെ അചഞ്ചലമായ ബോധ്യം. രണ്ട്: എന്നെയും എന്റെ പാര്‍ട്ടിയെയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുകയും ചെയ്ത ജനലക്ഷങ്ങളുടെ പിന്തുണ. മൂന്ന്: കമ്മ്യൂണിസ്റ്റുകാരനായാല്‍ മുന്നിലെ പാത പൂക്കള്‍ വിരിച്ചതാകില്ല എന്ന തിരിച്ചറിവ്. നാല്: എന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എന്നെ അറിഞ്ഞ് എന്റെ കൂടെ നിന്ന എന്റെ പ്രസ്ഥാനം. അഞ്ച്: ഏതൊക്കെ പ്രതിസന്ധിയിലും സത്യം വിജയിക്കുമെന്ന വിശ്വാസം. ഈ അഞ്ച് കാര്യങ്ങളാണ് മുന്നോട്ടുള്ള വഴിയില്‍ എനിക്ക് കരുത്ത് പകര്‍ന്നത്. കേസ് അനിശ്ചിതമായി വൈകിപ്പിച്ച് എന്റെ പ്രസ്ഥാനത്തെ ആകാവുന്നത്ര സംശയത്തിന്റെ നിഴലില്‍ നിര്‍ത്താം എന്നു കണക്കുകൂട്ടിയവരുണ്ട്. അന്വേഷണം, തുടരന്വേഷണം, ഉപ കേസ്, അപ്പീല്‍, പുത്തന്‍ സാക്ഷികള്‍, വെളിപ്പെടുത്തലുകള്‍ ഒക്കെയായി എന്നെ വരിഞ്ഞു മുറുക്കാമെന്ന് കരുതിയവരുണ്ട്. എന്നെ അപകീര്‍ത്തിപ്പെടുത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്നാണ് കരുതിയത്.
എനിക്ക് ആരോടും ഒരു വ്യക്തിവിരോധവുമില്ല. ഇതെല്ലാം രാഷ്ട്രീയമായി വന്നതാണെന്നതാണ് വ്യക്തിവിരോധമില്ലാത്തതിനു കാരണം. ഞാന്‍ “വിജയന്‍” എന്ന വ്യക്തിയായി ഒതുങ്ങിയിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വവുമായി മുന്നോട്ടുപോകുമ്പോള്‍ പാര്‍ട്ടിയോടുള്ള വിരോധം എന്റെ മേല്‍ വന്നു ഭവിക്കുക സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജീവന്‍ ബലി കഴിക്കേണ്ടിവന്ന ആയിരങ്ങളുടെ പാര്‍ട്ടിയാണിത്. പാര്‍ട്ടിയുടെ നേതൃതലങ്ങളിലെത്തിയെന്ന ഒറ്റക്കാരണം കൊണ്ട് ആക്ഷേപങ്ങള്‍ കേട്ട എത്രയോ നേതാക്കളുണ്ട്. “തെമ്മാടിക്കൂട്ടത്തിന്റെ തലവന്‍” എന്നാണ് പി കൃഷ്ണ പിള്ളയെ എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നത്. “അഴിമതിക്കോടന്‍” എന്നാണ് സഖാവ് അഴീക്കോടനെ വിളിച്ചത്. എന്നെക്കുറിച്ച് ഇത്രയൊക്കെയല്ലേ പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം.
കമ്മ്യൂണിസ്റ്റ്‌വിരുദ്ധരുടെ കൈയടി എനിക്കു വേണ്ടി ഒരിക്കലും ഉയര്‍ന്നിട്ടില്ല. അക്കൂട്ടരുടെ സ്വീകാര്യത ആഗ്രഹിക്കുന്നുമില്ല. പാര്‍ട്ടിയല്ല, മറ്റു കേന്ദ്രങ്ങളാണ് ശരിയെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല. പ്രതിസന്ധി ഘട്ടത്തില്‍ മനസ്സ് ദുര്‍ബലപ്പെടരുതെന്ന് ഉപദേശിച്ച ഗുരുസ്ഥാനീയരായ നിരവധി പേരുണ്ട്. അവരെ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണ്. എന്നെ വിശ്വസിച്ച് എനിക്ക് അനുകൂലമായി നേരത്തെ പ്രതികരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. പ്രൊഫ. എം കെ സാനു, അഡ്വ. കേളു നമ്പ്യാര്‍, അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവരെ അനുസ്മരിക്കുകയാണ്. സി ബി ഐയെ വ്യക്തിഹത്യക്കും അപവാദപ്രചാരണത്തിനും ഉപയോഗിക്കുന്നുവെന്നാണ് കൃഷ്ണയ്യര്‍ തുറന്നു പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ സ്വഭാവഹത്യ നടത്താന്‍ കഴിയുന്ന സാഹചര്യമാണെന്ന് വ്യക്തമാക്കി. എന്നെ പ്രതിയാക്കിയതിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണമെന്നും കുത്സിത നീക്കമാണ് നടക്കുന്നതെന്നും ഡോ. സുകുമാര്‍ അഴീക്കോട് പറയുകയുണ്ടായി. രാഷ്ട്രീയ ലക്ഷ്യത്തോടെ കുത്തിപ്പൊക്കിയ കേസ് എന്നാണ് അഡ്വ. കേളു നമ്പ്യര്‍ പ്രതികരിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയായതിനാല്‍ കേസ് നീണ്ടുപോകും. അവസാനം തള്ളിപ്പോകുകയും ചെയ്യും. യാഥാര്‍ഥ്യമായ പ്രവചനം എന്നാണ് കേളു നമ്പ്യാരെ ഓര്‍ക്കുമ്പോള്‍ തോന്നുന്നത്.
സ്വന്തം വകുപ്പിന് കീഴിലുള്ള വിജിലന്‍സ് എന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ശേഷമാണ് ഉമ്മന്‍ ചാണ്ടി സി ബി ഐക്ക് വിട്ടത്. ചിലര്‍ മുറവിളി കൂട്ടിയതുകൊണ്ടാണ് ലാവ്‌ലിന്‍ കേസ് സി ബി ഐക്ക് വിട്ടതെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ആരെങ്കിലും മുറവിളി കൂട്ടിയാലോ കാതില്‍ കുശുകുശുപ്പ് പറഞ്ഞാലോ കേസ് സി ബി ഐക്കു വിടുകയാണോ ചെയ്യേണ്ടത് എന്നു ചോദിക്കുന്നില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റാക്കാരനെന്ന് താന്‍ കരുതുന്നില്ലെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും സ്മരിക്കുന്നു. ലാവ്‌ലിന്‍ കേസ് ജനശ്രദ്ധ തിരിച്ചു വിടാനുള്ള പുകമറ സൃഷ്ടിക്കലാണെന്ന് പറഞ്ഞ കെ മുരളീധരനെയും ഓര്‍ക്കുന്നു. ആത്മാര്‍ഥതയോടെ കേസിന്റെ നാളുകളില്‍ എനിക്കു പിന്തുണ നല്‍കിയ അനേകമാളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെ നിസ്സീമമായ പിന്തുണ എനിക്ക് കരുത്ത് പകര്‍ന്നു.
രണ്ട് കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ എനിക്ക് പറയാനുള്ളത്. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സമ്പ്രദായങ്ങളെ ഉപയോഗിക്കുന്നത് ഇതോടെ അവസാനിപ്പിക്കണം. നാടിന്റെ വികസനത്തിനായി നേര്‍വഴിയോടെ പ്രവര്‍ത്തിക്കുന്നവരെ വര്‍ഷങ്ങളോളം കേസിന്റെ ചങ്ങലയില്‍ കുരുക്കുന്നത് അവസാനിപ്പിക്കണം. ഞാന്‍ കൈക്കൊണ്ട നിലപാട് ചിലര്‍ക്ക് വ്യക്തിപരമായി അസ്വീകാര്യമായിട്ടുണ്ടാകാം. കള്ളക്കേസെടുത്തും കള്ളപ്രചാരണം നടത്തിയുമല്ല അതിനു പക വീട്ടേണ്ടത്. കോടതി കയറിയിറങ്ങേണ്ടി വരുമെന്നു കണ്ടാല്‍ ആരെങ്കിലും നാടിന്റെ വികസനത്തിനു മുന്‍കൈയെടുക്കുമോ? വികസനരാഹിത്യത്തിന് അതു വഴിവെക്കും. ലാവ്‌ലിന്‍ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു. രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ബഹളമുണ്ടാക്കി. രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാഷ്ട്രീയമായി കേസ് നേരിടുമെന്നു പറഞ്ഞത്. അതാണ് ശരിയെന്ന് ഈ കോടതിവിധി തെളിയിച്ചു. രാഷ്ട്രീയമായി നേരിടുമെന്നു കേട്ടപ്പോള്‍ ചിലര്‍ വിറളി പിടിച്ചു. പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല എന്ന് അന്വേഷണ ഏജന്‍സിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഈ ആരോപണം ഉന്നയിച്ചവര്‍ക്ക് താത്കാലിക ലാഭമുണ്ടായെങ്കിലും ആത്യന്തിക വിജയം എന്തെന്ന് മനസ്സിലാക്കണം.
ഈ കേസില്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എന്തു ചെയ്തു എന്നു ചിന്തിക്കണം. എന്റെ ഭാര്യ കമലയുടെ പേരില്‍ സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തില്‍ ഞാന്‍ നിക്ഷേപം നടത്തിയെന്നു പ്രചരിപ്പിച്ചു. ഇന്ത്യാ സര്‍ക്കാര്‍ സിംഗപ്പൂര്‍ സര്‍ക്കാറിനു കത്തെഴുതി. അന്വേഷണ ഏജന്‍സി അവിടെ പോയി അന്വേഷിച്ചു. അങ്ങനെ ഒരു സ്ഥാപനമേ ഇല്ല എന്ന് ഒടുവില്‍ കണ്ടെത്തി കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ ഇടപാടിലൂടെ കോടികള്‍ ഉണ്ടാക്കിയെന്ന് എഴുതി. എനിക്ക് നയാ പൈസയുടെ നേട്ടമുണ്ടായിട്ടില്ല എന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തി കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ കേസിലെ ഫയല്‍ ഞാന്‍ മുക്കിയെന്ന് എഴുതി. എ കെ ജി സെന്ററില്‍ കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചെന്നാണ് എഴുതിയത്. ആ ഫയലുകളെല്ലാം സെക്രട്ടേറിയറ്റിലെ അലമാരയില്‍ നിന്നുതന്നെ സി ബി ഐ കണ്ടെടുത്തു. ടെക്കനിക്കാലിയ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഞാന്‍ ഉണ്ടാക്കിയതാണെന്നും അവര്‍ക്ക് നല്‍കിയ പണം എനിക്ക് നല്‍കിയതാണെന്നും എഴുതി. ഈ കണ്‍സള്‍ട്ടന്‍സിയെ ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നത് ഞാന്‍ ആയിരുന്നില്ല. ലാവ്‌ലിന്‍ കേസില്‍ ഇടനിലക്കാരുണ്ടായിരുന്നു എന്ന് ചിലര്‍ എഴുതി. ആ പേരുകാരൊക്കെ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, ലാവ്‌ലിന്‍ കമ്പനിയുടെ ഉദ്യോഗസ്ഥരായി ചര്‍ച്ചയില്‍ പങ്കെടുത്തവരാണ്. പണമിടപാട് നേരിട്ടു കണ്ടയാള്‍ എന്ന പേരില്‍ ഒരു പത്രം ഒരാളെ അവതരിപ്പിച്ചു. പത്രം പറയുന്നതു പോലെ ആ ബേങ്കില്‍ നിന്ന് അത്തരമൊരു പണം പിന്‍വലിക്കല്‍ നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഏതെങ്കിലും ഘട്ടത്തില്‍ മാധ്യമങ്ങള്‍ ഏതെങ്കിലും ഒരു ആരോപണമെങ്കിലും പിന്‍വലിക്കാന്‍ തയാറായോ? ഇല്ല. ഹിഡന്‍ അജന്‍ഡ ഉണ്ടായിരുന്നു എന്നതാണ് കാരണം.
എല്ലാ ഘട്ടങ്ങളിലും സത്യവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കരുതുന്നില്ല. പ്രോസിക്യൂഷന്‍ അനുമതി നല്‍കരുതെന്ന മന്ത്രിസഭാ തീരുമാനം തള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നടപടിയ വിമര്‍ശിച്ച് ഹിന്ദു ദിനപത്രം മുഖപ്രസംഗമെഴുതി. കേസിലെ ഗൂഢാലോചനയെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കി. പാര്‍ട്ടി എല്ലാഘട്ടങ്ങളിലും എന്റെ കൂടെ നിന്നിട്ടുണ്ട്. അല്ലെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനും നില്‍ക്കാന്‍ കഴിയില്ല. പിണറായി വിജയന്‍ എന്ന വ്യക്തി തെറ്റുകാരനല്ലെന്ന് ലോകത്തോട് പാര്‍ട്ടി വിളിച്ചുപറയുകയായിരുന്നു. ഏതായാലും ഒരു പ്രത്യേക ഘട്ടം കഴിയുകയാണ്. യാതാര്‍ഥ്യങ്ങളെല്ലാം സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
തയ്യാറാക്കിയത്: കെ എം ബഷീര്‍

 

കേരള മുഖ്യമന്ത്രി

Latest