പോലീസ് വലയത്തില്‍ മലപ്പുറം എല്‍ ഡി എഫ് പ്രതിഷേധം ഏശിയില്ല

Posted on: November 5, 2013 7:57 am | Last updated: November 5, 2013 at 7:57 am

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മലപ്പുറം ഇന്നലെ പോലീസ് വലയത്തിനുള്ളില്‍ അമര്‍ന്നു.
തണ്ടര്‍ബോള്‍ട്ട്, പോലീസ്, സി സി ടി വി, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങി സര്‍വ വിധ സന്നാഹങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മലപ്പുറത്ത് ഏര്‍പ്പെടുത്തിയത്. കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമം ഉണ്ടായ സാഹചര്യത്തിലാണ് പതിവില്‍ കവിഞ്ഞ സുരക്ഷയൊരുക്കിയത്. 2000 ഓളം പോലീസിനെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിപ്പിച്ചിരുന്നത്. കൂടാതെ മഫ്തിയിലും പോലീസുകാരെ നിയമിച്ചിരുന്നു. അതീവ രഹസ്യമായി നേരത്തെ തയ്യാറാക്കിയ പദ്ധതിക്കനുസരിച്ചാണ് മുഖ്യമന്ത്രിയെ എം എസ് പിയിലെ വേദിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി തന്നെ അദ്ദേഹം ജില്ലയിലെത്തിയിരുന്നു. രാത്രി 11.50ഓടെ എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ അദ്ദേഹത്തെ കാര്‍ വഴി മലപ്പുറത്തെത്തിക്കുകയായിരുന്നു. മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു അന്തിയുറക്കം.
രാവിലെ എട്ടിന് കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ നടന്ന കുത്തിവെപ്പ് വാരാചരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം, കരിങ്കൊടികളുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക വേദിയിലേക്ക് നടത്തിയ എല്‍ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച് അരക്കിലോമീറ്റര്‍ അകലെ കലക്ടറേറ്റ് ബംഗ്ലാവിന് സമീപത്തായി പോലീസ് തടഞ്ഞു. നൂറുകണക്കിന് പോലീസ് സന്നാഹം ഇവരെ നേരിടാന്‍ നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഒടുവില്‍ സമരക്കാര്‍ നടുറോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ഈ വഴിയുള്ള ഗതാഗതം പാടെ മുടങ്ങി.
പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ടി കെ ഹംസ, പി പി വാസുദേവന്‍, വി ഉണ്ണികൃഷ്ണന്‍, അഡ്വ. കെ മോഹന്‍ദാസ്, വി ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം പന്ത്രണ്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. രാവിലെ മുതല്‍ മലപ്പുറം നഗരത്തില്‍ ഗാതഗത നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു.